മുംബൈ: മുംബൈ സ്ഫോടനപരമ്പരക്കേസില്‍ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. ജയില്‍ മോചിതനായ ദത്തിനെ സ്വീകരിക്കാന്‍ കുടുംബാംഗങ്ങള്‍ ജയിലില്‍ എത്തിയിരുന്നു.
നിയമവിരുദ്ധമായി ആയുധം കൈവശം വച്ച കേസിലാണ് സുപ്രീംകോടതി സഞ്ജയ് ദത്തിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്. ജയിലിലെ മാന്യമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ തടവില്‍ എട്ടു മാസവും 16 ദിവസവും ഇളവ് അമ്പത്താറുകാരനായ ദത്തിന് ലഭിച്ചു. പരോള്‍ കാലം കുറച്ചാണ് ഈ കണക്ക്.
2013 മുതല്‍ ജയിലില്‍ ജോലി ചെയ്ത ദത്തിന് 38,000ത്തോളം രൂപ പ്രതിഫലം ലഭിച്ചു. എന്നാല്‍ ചെലവ് കഴിച്ച് സമ്പാദ്യത്തില്‍ ബാക്കി 450 രൂപ മാത്രമാണ് ജയില്‍ അധികൃതര്‍ നല്‍കിയത്. ജയില്‍ റേഡിയോ ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സഞ്ജയ് ദത്ത്. ജയില്‍ ചട്ടപ്രകാരം എല്ലാ തടവുകാരും എന്തെങ്കിലും ജോലിചെയ്യേണ്ടതുണ്ട്.
അതിനിടെ സഞ്ജയ് ദത്തിന്റെ ജയില്‍മോചനത്തിനെതിരെ പൂന യേര്‍വാഡ ജയിലിനു മുന്നില്‍ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: