ഇടുക്കി: കൊലവെറി പ്രസംഗത്തിലൂടെ കുപ്രസിദ്ധനായ സിപിഎം നേതാവ് എം. എം. മണിക്കെതിരെ പോലീസ് വീണ്ടും കേസെടുത്തു. കഴിഞ്ഞ ദിവസം ചെറുതോണിയില്‍ പോലീസിന്റെ അനുമതിയില്ലാതെ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ ഇടുക്കി എസ് ഐ ഗോപിനാഥനും പൈനാവ് പോളിടെക്നിക്കിലെ വനിതാ പ്രിന്‍സിപ്പലിനുമെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. പത്ത് വകുപ്പുകളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ പ്രകടനത്തിന് നേതൃത്വം നല്കിയ സി.ബി വര്‍ഗീസ്, സജി തടത്തില്‍, റോമിയോ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് എസ്.ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം എസ്എഫ്ഐ പഠിപ്പ് മുടക്ക് സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി എസ്എഫ്ഐക്കാര്‍ പൈനാവ് പോളിടെക്നിക്കില്‍ എത്തിയെങ്കിലും പോളിടെക്നിക്കിന്റെ ഗേറ്റ് അടച്ച് അധികൃതര്‍ സമരക്കാരെ പ്രവേശിപ്പിച്ചില്ല. എസ് എഫ് ഐക്കാര്‍ ഗേറ്റ് തകര്‍ത്ത് ഉള്ളില്‍ കയറുകയും രണ്ട് വിദ്യാര്‍ഥികളെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
എസ് ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രണ്ട് എസ്എഫ്ഐക്കാരെ കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റി. എന്നാല്‍ സി പി എം നേതാക്കളുടെ നേതൃത്വത്തില്‍ വാഹനം തടഞ്ഞ് പ്രതികളെ ബലമായി മോചിപ്പിച്ചു. സംഭവത്തില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഈ സംഭവത്തിന്റെ പേരിലാണ് ശനിയാഴ്ച ചെറുതോണിയില്‍ സിപിഎം ഏരിയ കമ്മറ്റി പ്രതിഷേധ യോഗം സംഘടിപ്പിച്ചത്. യോഗം ഉദ്ഘാടനം ചെയ്ത എം. എം. മണി തനത് ശൈലിയില്‍ അസഭ്യ വര്‍ഷം നടത്തുകയായിരുന്നു. ‘ തന്തക്ക് പിറക്കാത്ത പണിയാണ് എസ് ഐ ചെയ്യുന്നതെന്നും തെണ്ടിത്തരം കാണിക്കുകയാണെന്നും ഇവരെ കൈകാര്യം ചെയ്യുവാന്‍ തങ്ങള്‍ക്ക് അറിയാമെന്നും മണി പറഞ്ഞു.
എസ് ഐക്ക് പറ്റിയ വായ്നോക്കി പോലീസുകാരാണ് ചുറ്റും നില്‍ക്കുന്നത്. ക്ലാസ് മുറിയുടെ കതക് അടച്ച് പഠിപ്പിക്കുകയാണെന്ന് പറയുന്ന വനിതയായ പോളിടെക്നിക്ക് പ്രിന്‍സിപ്പലിന് ഒരുമാതിരി സൂക്കേടാണ്. കതക് അടച്ച് അതിനകത്ത് വേറെ പരിപാടിയാണ്. ഗോപിനാഥനെ ഞങ്ങള്‍ മര്യാദ പഠിപ്പിക്കും ‘ഇങ്ങനെ പോയി മണിയുടെ പ്രസംഗം.
കൊന്നുതള്ളിയ രാഷ്ട്രീയ എതിരാളികളുടെ പട്ടിക വണ്‍ ടൂ ത്രീയെന്ന് അക്കമിട്ട് നിരത്തി 2012ല്‍ മണക്കാട് നടത്തിയ പ്രസംഗത്തെത്തുടര്‍ന്ന് എം. എം. മണിക്ക് ജയില്‍വാസം കിട്ടിയിരുന്നു. അന്നത്തെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പുനരന്വേഷണം നടത്തിയ അഞ്ചേരി ബേബി വധക്കേസിലെ പ്രതിയാണ് മണി. ഈ കേസിന്റെ വിസ്താരം ഇടുക്കി ജില്ലാ കോടതിയില്‍ ആരംഭിക്കാനിരിക്കെയാണ് മണി വീണ്ടും വിവാദത്തില്‍ പെട്ടത്. മൂന്ന് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് മണിക്കെതിരെ ഇപ്പോള്‍ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: