ആലപ്പുഴ: വരള്‍ച്ചയുടെ തുടക്കത്തിലേ ജില്ലയില്‍ പകര്‍ച്ചവ്യാധി ഭീഷണിയിലായത് ആശങ്കയുയര്‍ത്തുന്നു. ഡെങ്കിപ്പനി ബാധിച്ച് പള്ളിപ്പുറത്ത് വീട്ടമ്മ മരിച്ചു. പ്രദേശത്ത് ആറു പേര് ഡെങ്കിപ്പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പള്ളിപ്പുറം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് വല്യാറമ്പില്ച്ചിറ രാധ(75) യാണ് മരിച്ചത്. ജില്ലയില്‍ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലകളില്‍ മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് എന്നിവയും പടരുന്നു.
ആലപ്പുഴ നഗരം, കുട്ടനാട് തുടങ്ങിയ മേഖലകളിലാണ് കൊതുകകളുടെ സാന്ദ്രത വര്ദ്ധിച്ചുയ എന്നാല്‍ ഫോഗിങ് ഉള്‍പ്പടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. ആരോഗ്യ ഗ്രാമങ്ങളിലും പട്ടണങ്ങളിലും പകല്‍ പോലും കൊതുക് ശല്യം രൂക്ഷമാണ്. കൊതുകുകള്‍ പരത്തുന്ന വൈറസ് രോഗമാണ് ഡെങ്കിപ്പനി. ആര്‍ബോവൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫഌവി വൈറസുകളാണ് ഇതുണ്ടാക്കുന്നത്. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഫഌവിവൈറിഡെ കുടുംബത്തില്‍പ്പെട്ട ഫഌവിവൈറസുകളാണ് രോഗാണുക്കളായി വര്‍ത്തിക്കുന്നത്.
ഇവയുടെ നാല് സീറോ ടൈപ്പുകളെ (ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4) കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 50 നാനോമീറ്റര്‍ മാത്രം വലിപ്പമുള്ള ഏകശ്രേണിയില്‍ റൈബോന്യൂക്ലിക് അണ്ടം അടങ്ങിയിട്ടുള്ള അതിസൂക്ഷ്മവൈറസുകളാണ് ഇവ. ഡെങ്കിപ്പനി മൂന്നുതരം രോഗലക്ഷണങ്ങള്‍ ഉണ്ടാക്കാറുണ്ട്. സാധാരണ ഡെങ്കിപ്പനി (ക്ലാസിക് ഡെങ്കി ഫീവര്‍), രക്തസ്രാവത്തോടെയുള്ള ഡെങ്കിപ്പനി (ഡെങ്കി ഹെമറേജിക് ഫീവര്‍), ആഘാതാവസ്ഥയോടുകൂടിയ ഡെങ്കിപ്പനി (ഡെങ്കി ഷോക്ക് സിന്‍ഡ്രോം) എന്നിങ്ങനെയാണ് ഡെങ്കിപ്പനിയെ തരംതിരിച്ചിട്ടുള്ളത്. ഡെങ്കിപ്പനി ബാധിച്ച രോഗിയില്‍നിന്നും ഈഡിസ് ഇനത്തില്‍പ്പെട്ട പെണ്കൊതുകുകള് രക്തം കുടിക്കുന്നതോടെ രോഗാണുക്കളായ വൈറസുകള്‍ കൊതുകിനുള്ളില്‍ കടക്കുന്നു. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛര്‍ദിയും എന്നിവ സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.
1999 മുതല്‍ 2002 വരെ ആലപ്പുഴ ജില്ലയില്‍ ഈഡിസ് ഇനത്തില്‍പ്പെട്ട കൊതുകുകളെ സംബന്ധിച്ചു നടത്തിയ പഠനത്തില്‍ ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകളാണ് ഇവിടെ മുഖ്യമായും പ്രജനനം നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈഡിസ് ഈജിപ്റ്റി ഇനത്തിലെ കൊതുകുകള്‍ ഇവിടെ പ്രജനനം നടത്തുന്നില്ല. ഈഡിസ് ആല്‍ബോപിക്റ്റസ് കൊതുകുകള്‍ ഇവിടെ മുഖ്യരോഗാണുവാഹകരായി വര്‍ത്തിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: