തൃശൂര്‍: സംസ്ഥാനത്തിന്റെ നിരവധി ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനമുണ്ടാകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്. ദല്‍ഹിയില്‍ കേന്ദ്രമന്ത്രിമാരുമായി ചര്‍ച്ച നടത്തിയ ശേഷം കേരളത്തിലെത്തിയ കുമ്മനം തൃശൂരില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ കാര്‍ഷികമേഖല, റെയില്‍വെ വികസനം, ശബരിമല, മത്സ്യബന്ധന മേഖലയിലെ പ്രശ്നങ്ങള്‍ എന്നിവയെല്ലാം കേന്ദ്രമന്ത്രിമാരുടെ മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്. ശബരിമലക്ക് നൂറുകോടി രൂപയുടെ ധനസഹായം ഉടന്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. പമ്പാ നദി മാലിന്യമുക്തമാക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സഹായം പ്രഖ്യാപിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്രജല വിഭവ വകുപ്പുമന്ത്രി ഉമാഭാരതി അടുത്തുതന്നെ പമ്പാനദി സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തും. സംസ്ഥാനത്ത് എന്‍ഡിഎ വിപുലീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. രണ്ടാഴ്ചക്കുള്ളില്‍ നിയമസഭാതെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കുമെന്നും കുമ്മനം പറഞ്ഞു. സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തിനായാണ് കുമ്മനം തൃശൂരിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: