തിരുവനന്തപുരം: ലോക പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഖജനാവില്‍ എത്തിച്ചേരുന്നത് കോടികള്‍. എന്നാല്‍ ക്ഷേത്രത്തിനോട് സര്‍ക്കാരിന് തികഞ്ഞ അവഗണനയും. പൊങ്കലയ്ക്ക് മുന്നോടിയായി നടക്കുന്ന അവലോകനയോഗങ്ങളില്‍ വിവിധ വകുപ്പുകള്‍ മുഖേന ആറ്റുകാല്‍ പരിസരത്തെ വികസനത്തിനായി കോടികള്‍ ചെലവഴിക്കും എന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നതല്ലാതെ പൊങ്കാല കഴിഞ്ഞാലും ഒന്നും നടപ്പിലാക്കുന്നില്ലെന്നത് യാഥാര്‍ത്ഥ്യം. കഴിഞ്ഞ രണ്ടു വര്‍ഷത്തെ പണികള്‍ പോലും ഇതുവരെയും ചെയ്തിട്ടില്ല.
വിവിധ വകുപ്പുകള്‍ വഴി നികുതി ഇനത്തിലും അല്ലാതെയുമായി കോടികളാണ് ഖജനാവിലേക്ക് എത്തിച്ചേരുന്നത്. വൈദ്യുതി വകുപ്പിന് ലക്ഷങ്ങളുടെ വരുമാനമാണ് ഉത്സവദിവസങ്ങളിലും അല്ലാതെയും ലഭിക്കുന്നത്. ട്രസ്റ്റിന് ബന്ധപ്പെട്ട വകുപ്പില്‍ നിന്നും ഒരു താരിഫ് ഇളവും ലഭിക്കുന്നില്ല. ഉത്സവ ദിവസങ്ങളില്‍ രാത്രിയും പകലുമായി നൂറോളം സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി നടത്തുന്നു. തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് സര്‍വ്വീസുകളുടെ എണ്ണവും കൂട്ടാറുണ്ട്. കിഴക്കേകോട്ടയില്‍ നിന്നും തമ്പാനൂരില്‍ നിന്നും ആരംഭിക്കുന്ന സര്‍വ്വീസുകളില്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ എത്തിച്ച് തിരികെ കൊണ്ടുവരുന്നത് വെറും അഞ്ചുകിലോമീറ്റര്‍ ദൂരം മാത്രം. ലക്ഷങ്ങളുടെ വരുമാനമാണ് കെഎസ്ആര്‍ടിസിക്ക് ആറ്റുകാല്‍ പൊങ്കാലയിലൂടെ ലഭിക്കുന്നത്. മുപ്പത് ലക്ഷത്തിലധികം പേര് പൊങ്കാലയിടാന്‍ എത്തുന്നുണ്ട്.
അടുപ്പ് കൂട്ടുന്നതിന് ഉപയോഗിക്കുന്നത് ചുട്ടെടുത്ത മൂന്ന് മണ്‍കട്ടകളാണ്. അഞ്ചുശതമാനം വില്പന നികുതിയാണ് ചുട്ടെടുത്ത മണ്‍കട്ടകളില്‍ നിന്നും ലഭിക്കുന്നത്. പൊങ്കാലക്ക് പുതുവസത്രം ധരിക്കണമെന്നാണ് വിശ്വാസം. തുണിത്തരങ്ങളിലെ നികുതി വരുമാനവും അതോടൊപ്പം ശര്‍ക്കര തുടങ്ങിയവയ്ക്കും നികുതിയിനത്തില്‍ വന്‍ തുക ഖജനാവില്‍ എത്തുന്നു. ഒരു വന്‍കിട വ്യാപാര സ്ഥാപനത്തില്‍ നിന്നും ഒരു വര്‍ഷം ലഭിക്കുന്ന നികുതി വരുമാനത്തേക്കാള്‍ കൂടുതല്‍ പൊങ്കാല ഇത്സവ നാളുകളില്‍ ഖജനാവിലേക്ക് എത്തുന്നു.
ഉത്സവ ദിവസങ്ങളില്‍ വിവിധ വകുപ്പുകളിലായി ജോലിനോക്കുന്നവര്‍ക്ക് ക്ഷേത്രം ട്രസ്റ്റ് വേണ്ടുന്ന സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. ഡ്യൂട്ടിയിലുള്ള എല്ലാ പോലീസുകാര്‍ക്കും മറ്റ് സര്‍ക്കാര്‍ ജിവനക്കാര്ക്കുമുള്ള ഭക്ഷണം ട്രസ്റ്റ് നല്കുന്നു. രാത്രിയില്‍ തങ്ങാന്‍ ക്ഷേത്ര ട്രസ്റ്റ് വക ഡോര്‍മെട്രിയും ലോഡ്ജുകളും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വേണ്ടത്ര സഹകരണം ലഭിക്കുന്നില്ല. മാലിന്യക്കൂമ്പാരത്തിനു സമീപത്താണ് ഇത്തവണ പലയിടത്തും പൊങ്കാല സമര്‍പ്പിച്ചത്. ഉത്സവത്തിനു മുമ്പ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒന്നും നടത്തിയില്ല. കേടായ തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതും നടന്നില്ല. എന്നാല്‍ ജില്ലയിലെ മറ്റ് മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനുമുമ്പ് ഖജനാവിലേക്ക് വരുമാനം വന്നില്ലെങ്കിലും റോഡുകളെല്ലാം നല്ല രീതിയില്‍ പുനരുദ്ധരിക്കാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: