ന്യൂദല്‍ഹി/ധാക്ക: ചൈനയെ മറികടന്ന് ബംഗ്ലാദേശിലെ മെഗാ പവര്‍ പ്ലാന്റ് പദ്ധതി ഭാരതം നേടി. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡ് (ബിഎച്ച്ഇഎല്‍) ആണ് ബംഗ്ലാദേശില്‍ 1.6 ബില്യണ്‍ ഡോളറിന്റെ വലിയ വൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ കരാര്‍ നേടിയത്.
ഏഷ്യയിലെ വന്‍ശക്തികളായ ചൈനയും ഭാരതവും തമ്മില്‍ ഒരു പദ്ധതിക്കായുള്ള മത്സരത്തില്‍ ഭാരതത്തിന് വിജയിക്കാനായത് വലിയ നേട്ടമായിട്ടാണ് വിലയിരുത്തുന്നത്.
ശ്രീലങ്കയില്‍ വികസന പദ്ധതികള്‍ നടത്തുന്നതിനിടിയിലാണ് ചൈന ബംഗ്ലാദേശിലും പദ്ധതിക്കായി ശ്രമം നടത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിരവധി പദ്ധതികളാണ് ചൈന നടത്തുന്നത്. പാക്കിസ്ഥാനിലെ ഗോദാര്‍ തുറമുഖം, ആഫ്രിക്കയിലെ ദിജിബോട്ടി തുറമുഖം എന്നിവ ചൈനയാണ് നിര്‍മ്മിക്കുന്നത്. ഈ സാഹചര്യത്തില്‍ ബംഗ്ലാദേശിലെ ഭാരതത്തിന്റെ നിര്‍മ്മാണ കരാറിന് ഏറെ പ്രധാന്യമുണ്ട്. നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് 1320 മെഗാവാട്ട് ആണവോര്‍ജ്ജ സ്റ്റേഷന് തെക്കന്‍ ബംഗ്ലാദേശില്‍ നിര്‍മ്മിക്കുന്നതിന്റെ കരാര്‍ 28ന് ഒപ്പ്വെക്കും.
പദ്ധതി തുകയുടെ 70 ശതമാനം ബിഎച്ച്ഇഎല്ലിന് നല്‍കുന്നത് എക്സിം ബാങ്കാണ്.
മേഖലയില്‍ അടിസ്ഥാന വികസന പദ്ധതികള്‍ക്കായി നിരവധി കാല്‍വെപ്പുകളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാരതവും ചൈനയും നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ പ്രചോദനമാണ് ഇക്കാര്യത്തില്‍ നല്‍കിയിരുന്നത്. ബംഗ്ലാദേശില്‍ ചൈനക്കിത് രണ്ടാമത്തെ തിരിച്ചടിയാണ്. കഴിഞ്ഞവര്‍ഷം തുറമുഖ നിര്‍മ്മാണ പദ്ധതി ചൈനയെ പിന്തള്ളി ജപ്പാന് നേടിയിരുന്നു.
660 മെഗാവാട്ട് വീതമുള്ള രണ്ട് യൂണിറ്റുകളാണ് നിര്‍ദ്ദിഷ്ട പദ്ധതി. ബംഗ്ലാദേശില്‍ അഞ്ചില്‍ രണ്ടുഭാഗം ജനങ്ങള്‍ക്ക് വൈദ്യുതി ലഭിച്ചിരുന്നില്ല. ഇതിന് ഇതോടെ പരിഹാരമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: