നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിന്റെ മാലിന്യ പ്ലാന്റ് അടച്ചു പൂട്ടണമെന്ന് ആവശ്യവുമായി പ്രദേശവാസികള്‍ നടത്തുന്ന രാപ്പകല്‍ സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നു. ഇരുപത്ദിവസമായി കല്ലാച്ചി, നാദാപുരം അങ്ങാടികളിലും മറ്റും കെട്ടിക്കിടക്കുന്ന മാലിന്യകൂമ്പാരങ്ങള്‍ ഉയര്‍ത്തുന്ന ആരോഗ്യ പ്രശ്നങ്ങള്‍ വ്യാപകമാണ്. ടൗണിന്റെ മുക്കിലും മൂലയിലും കുമിഞ്ഞു കൂടിക്കിടക്കുന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങിയിട്ടും രോഗങ്ങള്‍ പിടിപെടാതിരിക്കാനായി സ്വീകരിക്കേണ്ട മുന്‍കരുതലുകളോ പ്രതിരോധ പ്രവര്‍ത്തനങ്ങളോ സ്വീകരിക്കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ല. അധികൃതരുടെ അനങ്ങാപ്പാറനയം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉയര്‍ത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നാദാപുരം പോലെ നഗരവത്കരണം ത്വരിതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്ന ഒരു പഞ്ചായത്തില്‍ ജനവാസമുള്ള ഒരു പ്രദേശത്ത് ടണ്‍കണക്കിന് മാലിന്യങ്ങള്‍ നിക്ഷേപിച്ചാലുണ്ടാകുന്ന ഭവിഷ്യത്തുകള്‍ ഊഹിക്കാവുന്നതെയുള്ളു. ഇവിടെ നിന്നും മാലിന്യങ്ങള്‍ ജൈവ-അജൈവങ്ങളായി തരം തിരിക്കുന്നതായും ജൈവ മാലിന്യങ്ങള്‍ സംസ്കരിച്ച് വളമാക്കി മാറ്റി വില്‍പ്പന നടത്തുന്നതായും അജൈവ മാലിന്യങ്ങള്‍ ഇവിടെ നിന്നും പുറത്തുള്ള സംസ്കരണ കേന്ദ്രങ്ങളിലേക്ക് കയറ്റിക്കൊണ്ടു പോകുന്നതായുമാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്.
എന്നാല്‍ ഇവിടെ കുഴിച്ചു മൂടിയ മാലിന്യങ്ങള്‍ തങ്ങളുടെ കിണറുകളിലും മറ്റു ജലസ്രോതസ്സുകളിലും കലര്‍ന്ന് ഉപയോഗയോഗ്യമല്ലാതായതായും, കൂട്ടിയിടുന്ന മാലിന്യങ്ങള്‍ ചീഞ്ഞഴുകി ഈച്ചയും കൊതുകും മറ്റു കീടങ്ങളും പെരുകുന്നതായും ദുര്‍ഗന്ധം നിമിത്തം വീടുകളില്‍ താമസിക്കാന്‍ കൂടി കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണ്. തങ്ങളുടെ മക്കള്‍ക്ക് എങ്കിലും ആരോഗ്യത്തോടെ ജീവിക്കാനുള്ള സ്ഥിതി ഉണ്ടാകണം. ഇത് മാലിന്യ സംസ്കരണ പ്ലാന്റ് അല്ലെന്നും മാലിന്യ പ്ലാന്റ് ആണെന്നും അടച്ചു പൂട്ടുക തന്നെ വേണമെന്നുമാണ് സമരസമിതിയുടെ ആവശ്യം. സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടുന്ന ഇരുന്നൂറോളം കുടുംബങ്ങളാണ് മാലിന്യ സംസ്കരണ പ്ലാന്റിലേക്കുള്ള വഴി ഉപരോധിച്ചു കൊണ്ട് സമര രംഗത്തുള്ളത്. അഞ്ച് വര്‍ഷം മുന്‍പ് ആദിവാസികള്‍ക്ക് വീട് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ അനുവദിച്ച ഭൂമിയിലാണ് പ്ലാന്റ് സ്ഥാപിച്ചിട്ടുള്ളത്. ഈ ഭൂമിയിലുള്ള താമസക്കാരെ തന്ത്രപൂര്‍വ്വം കുടിഒഴിപ്പിച്ചു മാലിന്യ സംസ്ക്കരണ പ്ലാന്റ് എന്ന പേരില്‍ അന്‍പത് ലക്ഷം രൂപ മുതല്‍ മുടക്കിയാണ് ഇത് സ്ഥാപിച്ചത്. എന്നാല്‍ പ്ലാന്റില്‍ സ്ഥാപിച്ച സംസ്കരണ യന്ത്രം പ്രവൃത്തിക്കാതെ നാല്‍പ്പത് സെന്റോളം വരുന്ന ഈ ഭൂമിയില്‍ പ്ലാസ്റ്റിക്ക് അടക്കം കുഴിച്ചു മൂടുകയായിരുന്നു എന്ന് സമരസമതി ആരോപിക്കുന്നു. നാദാപുരം, കല്ലാച്ചി മുതല്‍ പഞ്ചായത്ത് അതിര്‍ത്തികളിലെയും ആയിരത്തോളം വരുന്ന കടകളിലെയും അറവുശാലകളിലെയും ,സ്വകാര്യ ആശുപത്രികളിലെയും മാലിന്യങ്ങള്‍ ശേഖരിച്ചാണ് പ്ലാന്റിലെത്തിക്കുന്നത്. പഞ്ചായത്തിലെ ആയിരത്തിലധികം വരുന്ന കടകളില്‍ നിന്നും മാലിന്യ സംസ്കരണത്തിനെന്ന പേരില്‍ ലക്ഷങ്ങളാണ് പിരിക്കുന്നത്. കൂടാതെ പഞ്ചായത്തിന്റെ ബജറ്റില്‍ നിന്നും ഒരു ലക്ഷം രൂപയോളം വര്‍ഷം തോറും വകയിരുത്തുന്നുമുണ്ട്. ഇങ്ങിനെ ലക്ഷങ്ങളുടെ ഇടപാടാണ് മാലിന്യ സംസ്കരണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് സമര സമിതി ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: