ഇരിക്കൂര്‍: കാര്‍ഷിക സംസ്ക്കാരത്തിന്റെ പൊലിമ തുളുമ്പുന്ന പയ്യാവൂര്‍ ഊട്ടുത്സവത്തിന്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകളില്‍ ഒന്നായ ചൂളിയാട് ദേശക്കാരുടെ ഓമനക്കാഴ്ച ഇന്ന്. പയ്യാവൂര്‍ ഊട്ടുത്സവം ദേശങ്ങളുടെ സാഹോദര്യവും കൂട്ടായ്മയും ഊട്ടിയുറപ്പിക്കുന്ന ചടങ്ങാണ്. ഭാഷയുടെയും ദേശങ്ങളുടെയും അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരുമയുടെ കാഴ്ചയുമായി പതിനായിരങ്ങള്‍ പയ്യാവൂരിലെത്തുന്നു. വ്യത്യസ്ത ദേശങ്ങളുടെയും ഭാഷയുടെയും സംസ്കാരങ്ങളുടെയും സംഗമവേദിയായി പയ്യാവൂര്‍ മാറുന്നു.
പണ്ടെങ്ങോ ഒരു വറുതിക്കാലത്ത് ഊട്ടുല്‍സവം മുടങ്ങിപ്പോയെന്നും അതേത്തുടര്‍ന്ന് സാക്ഷാല്‍ പരമശിവന് നേരിട്ടെഴുന്നള്ളി അരി കുടക് നാട്ടില്‍ നിന്നും, ഇളനീര് ചേടിച്ചേരി നാട്ടില്‍ നിന്ന്, മോര് കൂനനത്ത് നിന്നും, പഴം ചൂളിയാട് നിന്നും തുടങ്ങി ഊട്ടുല്‍സവത്തിനാവശ്യമായ ഭക്ഷ്യവിഭവങ്ങള്‍ വിവിധ ദേശങ്ങളില്‍ നിന്നും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടതായാണ് ഐതിഹ്യം. ചൂളിയാടുള്ള തീയ്യസമുദായത്തില്പ്പെട്ടവര്ക്കാണ് അതിന്റെ അവകാശം. ഒരു വീട്ടിലെ പുരുഷപ്രജക്ക് 2 വാഴക്കുല വീതം എന്നാണ് കണക്ക്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തുടങ്ങി വച്ച ആചാരം ഒരു വരദാനം പോലെ കൈമോശം വരാതെ കൊണ്ടാടുകയാണ് ചൂളിയാട് ദേശത്തെ ജനങ്ങള്‍ ഒന്നാകെ.
വിവിധ ദേശക്കാരുടെ കാഴ്ചകളില്‍ സംഘബലത്തിന്റെ കരുത്തുകൊണ്ടും ഉടവ് തട്ടാത്ത ഉല്‍സാഹം കൊണ്ടും ചൂളിയാട്ടുകാരുടെ ഓമനക്കാഴ്ച ഒന്നാമതെത്തുന്നു. പയ്യാവൂര്‍ ഊട്ടുത്സവം എന്ന് കേട്ടാല്‍ മനം നിറയെ ആദ്യമെത്തുന്നത് ഓമനക്കാഴ്ചയാണ്.
കുംഭം പിറന്നാല്‍ വ്രതാനുഷ്ടാനങ്ങള്‍ ആരംഭിക്കുന്നു. മല്‍സ്യ മാംസാദികള്‍ വെടിഞ്ഞ് അടുത്ത പ്രദേശങ്ങളായ കാഞ്ഞിലേരി, മയ്യില്‍, കുറ്റിയാട്ടൂര്‍, ബ്ലാത്തൂര്‍, ചേടിച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും വാഴക്കുലകള്‍ ശേഖരിക്കുന്നു. കുംഭം 6ന് വൈകീട്ട് 4 മണിയോടെ തൈവളപ്പ്, നല്ലൂര്, തടത്തില്‍കാവ്, ചമ്പോച്ചേരി, മപ്പുരക്കില്‍ എന്നീ അഞ്ചു കുഴികളിലായി കുലകള്‍ പഴുക്കാന്‍ വെക്കുന്നു. കുംഭം 9ന് രാവിലെ പുറത്തെടുത്ത കുലകള്‍ അഞ്ചു കുഴികള്‍ക്ക് സമീപം അഞ്ച് പന്തലുകളിലായി തൂക്കിയിടുന്നു. കുംഭം 10ന് രാവിലെ 10 മണിയോടെ തടത്തില്‍ കാവില്‍ നിന്നും പുറപ്പെടുന്ന ഓമനക്കാഴ്ചയെ മേലായി കുഞ്ഞുംബിടുക്കരയരപ്പന് നമ്പ്യാര്‍ ഓലക്കുടയുമായി നയിക്കും. വാദ്യമേളങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം തുടങ്ങിയവയുടെ അകമ്പടിയോടെ ശുഭ്രവസ്ത്രധാരികളായി, നഗ്നപാദരായി മൂവായിരത്തോളം വാഴക്കുലകളുമായി നൂറുകണക്കിന് ആളുകള്‍ 15 കിലോമീറ്റര്‍ അകലെയുള്ള പയ്യാവൂര്‍ ശിവക്ഷേത്രത്തിലേക്ക് പുറപ്പെടും.
ഓമനക്കാഴ്ചയില്‍ അവസാനം കണ്ണിചേരുന്ന അടുവാപ്പുറം തൈവളപ്പില്‍ എത്തുമ്പോഴേക്കും യാത്രയയപ്പിന് വിവിധ ദേശങ്ങളില്‍ നിന്ന് ആളുകളെത്തും. ചൂളിയാട്ടെ ആബാലവൃദ്ധം ജനങ്ങളും കൂടിയാവുമ്പോള്‍ ഗ്രാമം നിറയും. ഓമനക്കാഴ്ച ആതിഥ്യമര്യാദയുടെ ഒരു ഉത്സവം കൂടിയാണ് ഈ ദിവസം ഗ്രാമത്തിലെത്തുന്ന അപരിചിതരെക്കൂടി വിശിഷ്ട അതിഥികളായി സ്വീകരിക്കും. ആ ദിവസം ലോകത്തെവിടെയായാലും ചൂളിയാട്ടുകാര്‍ നാട്ടിലെത്തും. വിവാഹം കഴിഞ്ഞ് പോയവര്‍, വിദൂരദേശത്ത് ജോലിക്ക് പോയവര്‍ നാട്ടിലെത്താന്‍ കൊതിക്കുന്ന ഉത്സവദിനം കൂടിയാണ് കുംഭം പത്ത്. സ്നേഹബന്ധങ്ങളുടെയും കുട്ടായ്മയുടെയും സന്ദേശമാണ് ഇതില്‍ നിന്നും ദര്‍ശിക്കാനാവുക. പുറമെനിന്നെത്തുന്നവരെ ആതിഥ്യമര്യാദയോടെ സ്വീകരിക്കുകയും എല്ലാ വീടുകളിലും അപ്പവും പഴവും നല്‍കിയുള്ള സല്‍ക്കാരവും ഈ സുദിനത്തിന്റെ പ്രത്യേകതയാണ്. ലളിതമെങ്കിലും വിഭവസമൃദ്ധമായ വിരുന്നിന്റെ നൈര്‍മല്യവും നാടിന്റെ വിശുദ്ധിയുടെ ഓര്‍മ്മകളുമാണ് ഇൗ ദിനം നാട്ടുകാര്‍ക്ക് സമ്മാനിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്ത് എവിടെയായാലും നാട്ടിലെത്തണമെന്ന ശാഠ്യം ഇവിടുത്തുകാര്‍ക്ക് ഉണ്ടാകുന്നു. കാഴ്ച പുറപ്പെടുന്ന ദിവസം അടുവാപ്പുറം ആല്‍ത്തറയില്‍ പാനകം നല്കുന്ന പതിവുണ്ട്. വെല്ലവും ചുക്കും ഏലക്കായും ചേര്‍ത്ത പാനകവെള്ളം ഓമനക്കാഴ്ചയുടെ യാത്രയയപ്പിന് എത്തുന്നവര്‍ കുടിക്കാതെ പോവാറില്ല. അടുവാപ്പുറത്തു നിന്നും കണിയാര് വയല്‍, വയക്കര, ബാലങ്കരി, കാഞ്ഞിലേരി വഴി ഇരുഡ് പുഴയില്‍ മുങ്ങിനിവരുന്ന കാഴ്ചക്കാര്‍ 4 മണിയോടെ പയ്യാറ്റ് വയലിലെത്തുമ്പോഴേക്കും ദേവസ്വം അധികാരികളും ആനയും അമ്പാരിയുമായി നെയ്യമൃത്കാരോടൊപ്പം കാഴ്ചയെ എതിരേല്ക്കും. തുടര്‍ന്ന് പുരുഷാരത്തിന്റെ അകമ്പടിയോടെ കാഴ്ച ക്ഷേത്രസന്നിധിയില്‍ അര്‍പ്പിക്കും. ജാതിഭേദമില്ലാതെ ഒരുമയുടെയും സാഹോദര്യത്തിന്റെയും നാടിന്റെ കൂട്ടായ്മയുടെയും മൂല്യങ്ങള്‍ ഒരു പ്രദേശമാകെ ഉയര്‍ത്തുന്ന പാരമ്പര്യ കാര്‍ഷിക സാംസ്ക്കാരിക കാര്‍ഷിക ഉല്‍സവമാണ് ഓമനക്കാഴ്ച. ജനങ്ങളുടെ സാംസ്ക്കാരിക നിര്‍വൃതി ചുളിയാടിന്റെ കാര്‍ഷിക മഹത്വവും ജനകീയ ഐക്യവും കൂടി വെളിപ്പെടുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: