കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉദ്ഘാടനത്തട്ടിപ്പ് നടത്തിയ സ്മാര്‍ട് സിറ്റിയെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനവും പരിഹാസവും. കെട്ടിട നിര്‍മാണം പോലും പൂര്‍ത്തിയാക്കാതെ നടത്തിയ ഉദ്ഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണങ്ങളുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരെ സോഷ്യല്‍ മീഡിയ പരിഹാസ ശരങ്ങളുയര്‍ത്തി. ഐടി രംഗത്ത് കേരളത്തിന്റെ അഭിമാനമായി ഉയര്‍ത്തിക്കാട്ടിയ സ്മാര്‍ട് സിറ്റിയില്‍ ഭൂരിഭാഗവും ഐടി ഇതര കമ്പനികളാണ്. ഇതില്‍ ഡേ കെയര്‍ സെന്ററും റസ്റ്റോറന്റുമൊക്കെയാണുള്ളതും. വമ്പന്‍ കമ്പനികള്‍ ഒന്നു പോലുമില്ല.
സ്മാര്‍ട് സിറ്റി ചെറുതായത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പാപ്പരത്തം മൂലമാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് പറഞ്ഞു.
സ്മാര്‍ട് സിറ്റി പലവക കച്ചവടത്തിനുള്ള കമ്പോള സ്ഥലമാക്കി മാറ്റിയെന്ന് പിണറായി വിജയന് കുറ്റപ്പെടുത്തി. ഐടി കമ്പനികള്‍ക്കാണ് സ്മാര്‍ട് സിറ്റിയില്‍ പ്രമുഖ്യം നല്‍കേണ്ടത്.
സ്മാര്‍ട് സിറ്റിക്ക് പുറമെ കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം എന്നീ പദ്ധതികളുടെയും ഉദ്ഘാടനത്തിലെ പൊള്ളത്തരവും നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. സ്മാര്‍ട് സിറ്റിയില്‍ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങണമെങ്കില്‍ ഇനിയും മാസങ്ങള്‍ കഴിയണം.
നിര്‍മാണാവശിഷ്ടങ്ങള്‍ പോലും ഉദ്ഘാടനം ചെയ്ത കെട്ടിടത്തില്‍ നിന്നും മാറ്റിയിട്ടില്ല.
സമാനമാണ് കൊച്ചി മെട്രോയുടെ സ്ഥിതിയും. പരീക്ഷണ ഓട്ടം നടത്തി സര്‍ക്കാരിന്റെ നേട്ടമായി പ്രഖ്യാപിച്ച കൊച്ചി മെട്രോയിലൂടെ ജനങ്ങള്‍ക്ക് എന്ന് സഞ്ചരിക്കാന്‍ സാധിക്കുമെന്ന് സര്‍ക്കാരിന് പോലും ഉറപ്പില്ല. കണ്ണൂര്‍ വിമാനത്താവളത്തില്‍ അടുത്തയാഴ്ച പരീക്ഷണപ്പറക്കല്‍ നടത്തും. എന്നാല്‍ ഇവിടെ വിമാന സര്‍വ്വീസ് തുടങ്ങാന്‍ വര്‍ഷങ്ങളുടെ കാത്തിരിപ്പ് തന്നെ വേണ്ടി വരും. പരീക്ഷണ ഓട്ടം, പരീക്ഷണ പറക്കല്‍, ഒന്നാം ഘട്ടം എന്നൊക്കെ പേര് നല്കി തെരഞ്ഞെടുപ്പിന് മുന്‍പായി ഉദ്ഘാടന മാമാങ്കം നടത്തുകയാണ് സര്‍ക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: