ഹരിപ്പാട്: തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് കാട്ടില്‍ മാര്‍ക്കറ്റിന് പടിഞ്ഞാറുവശം കെവി ജെട്ടിയില്‍ ഗുണ്ടാസംഘങ്ങള്‍ വിദ്യാര്‍ത്ഥികളെ വെട്ടി പരിക്കേല്‍പ്പിച്ചു.
തൃക്കുന്നപ്പുഴ ആതിരാ ഭവനത്തില്‍ സുധീന്ദ്രന്റെ മകന് അനന്ദു (19), ഉണ്ണിഭവനത്തില്‍ ചിന്നദുരൈയുടെ മകന് ഉണ്ണികൃഷ്ണന് (19), കൊച്ചുചിറയില്‍ സോമന് മകന് അനീഷ് (17) എന്നിവരെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനന്ദുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. വിദ്യാര്‍ത്ഥികളെ അക്രമ കാരികളില് ചിലര്‍ ഫോണ്‍ ചെയ്തു കെവി ജെട്ടി പാലത്തിന് സമീപം വിളിച്ചുവരുത്തി വെട്ടുകയായിരുന്നു. തോണിക്കടവ് പാലത്തിന് കിഴക്ക്വശം താമസിക്കുന്ന രണ്ടുപേരുടെ നേതൃത്വത്തിലുള്ള അഞ്ച് അംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍കര ക്ഷേത്രത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണമെന്നും പറയപ്പെടുന്നു. ഇതേ ഗുണ്ടാസംഘങ്ങള്‍ തന്നെ ആയുധങ്ങള്‍ കാട്ടി പൊതുജനങ്ങളെ ഭീഷണിപ്പെടുത്തി നാട്ടില്‍ സമാധാനം തര്ക്കുകയാണെന്നും നാട്ടുകാര്‍ പറയുന്നു.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി തൃക്കുന്നപ്പുഴ പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.ചിത്രാംഗദന്‍, വി.അശോക്കുമാര്, എസ്.ഹരീഷ്, വിജികുമാര്‍, ജയകുമാര്‍, അമ്പിളി.വി.വിഷ്ണു, പി.ശ്യാം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: