കൊല്ലം: സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ഭൂവിഭവ വിവര സംവിധാനം വിപുലമായ സാധ്യതകളിലേക്ക് വഴിതുറക്കുന്നതാണെന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. ചിന്നക്കട സിഎസ്ഐ കണ്വന്ഷന് സെന്ററില്‍ കൊല്ലം ജില്ലയുടെ ഭൂവിവര സംവിധാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇതുവഴി ലഭ്യമാകുന്ന കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, മരങ്ങള്‍ തുടങ്ങിയ സംബന്ധിച്ച വിവരങ്ങള്‍ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. ലാന്‍ഡ് റവന്യൂ രേഖകളും മറ്റും ഭൂവിവര സംവിധാനവുമായി ബന്ധപ്പെടുത്തുന്ന—പക്ഷം ഭൂമിയുമായി ബന്ധപ്പെട്ട സമഗ്രവിവരങ്ങള്‍ അതിവേഗം ലഭ്യമാക്കാന്‍ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഭൂവിഭവ വിവരസംവിധാനത്തിന്റെ ഹാര്‍ഡ്വെയറും സോഫ്റ്റ്വെയറും മന്ത്രി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജുവിന് കൈമാറി. കൊല്ലം ജില്ലയുടെ മണ്ണുപര്യവേഷണ റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു. പി.കെ.ഗുരുദാസന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജഗദമ്മ, ഭൂവിനിയോഗ കമ്മീഷണര്‍ എ.നിസാമുദ്ദീന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ വി.എസ്.ഗീതാകുമാരി, എംജിഎന്‍ആര്‍ഇജിഎസ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സുഭാഷ് ബാബു, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സ്റ്റാന്‍ലി ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആസൂത്രകര്‍, ജനപ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വികസനവകുപ്പുകളിലെ സാങ്കേതികവിദഗ്ദ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം നടത്തുന്നതില്‍ അവബോധം നല്‍കുന്നതിന് ശില്പശാലയും സംഘടിപ്പിച്ചു.
കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മാനേജ്മെന്റ് കേരളയുടെ സാങ്കേതിക സഹായത്തോടെയാണ് ഭൂവിഭവവിവര സംവിധാനം വികസിപ്പിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: