കാഞ്ഞങ്ങാട്: ക്രമക്കേടാരോപിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ നിര്‍ത്തി വെച്ച കെ.എസ്.ടി.പി റോഡ് പ്രവൃത്തി ജനുവരി ഒന്നു മുതല്‍ പുനരാരംഭിക്കാന്‍ ചീഫ് എഞ്ചിനീയര്‍ പി.ജി സുരേഷിന്റെ സാന്നിധ്യത്തില്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനമായി. നഗരത്തില്‍ നിവിലുള്ള റോഡ് കിളച്ച് പ്രവൃത്തി നടത്തണമെന്ന ആവശ്യം അംഗീകരിച്ചു. ഇപ്പോള്‍ ടാര്‍ ചെയ്തിരിക്കുന്ന 700 മീറ്റര്‍ പൊളിച്ച് മെക്കാഡം ടാര്‍ ചെയ്യും. ചിത്താരി മുതല്‍ കാഞ്ഞങ്ങാട് സൗത്ത് വരെ ഇപ്പോള്‍ പ്രവൃത്തി നടന്നു കൊണ്ടിരിക്കുന്ന 27 കിലോ മീറ്ററിലും കിളച്ച് എസ്റ്റിമേറ്റ് പ്രകാരം 54 സെന്റീമീറ്റര്‍ ഘനത്തില്‍ മെക്കാഡം ടാര്‍ ചെയ്യും. കുടാതെ നിലവിലുള്ള ഡ്രൈനേജ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അത് അറ്റകുറ്റപണി നടത്തും. അല്ലാത്ത സ്ഥലങ്ങളില്‍ ഡ്രൈനേജ് പണിയും. ബി.എസ്.എന്‍.എല്‍ ഒഴികെ കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പൈപ്പുകളും കേബിളുകളും മാറ്റി സ്ഥാപിക്കുന്നത്് സംബന്ധിച്ച് കെ.എസ്.ടി.പി അനുഭാവ പുര്വം പരിഗണിക്കാന്‍ തീരുമാനിച്ചു.
റോഡ് പ്രവൃത്തിയുടെ ഭാഗമായി മുറിച്ച ഒരു മരത്തിന് പകരം രണ്ട് മരങ്ങള്‍ വെച്ച് പിടിപ്പിക്കും. സോളാര്‍ വിളക്കുകള്‍, ട്രാഫിക്ക് സിഗ്നലുകള്‍ തുടങ്ങിയവയും സ്ഥാപിക്കും. ബൈപ്പാസ് റോഡുകളുടെ കാര്യത്തില്‍ തീരുമാനം പിന്നീട് അറിയിക്കും. ആദ്യം ഡ്രെയിനേജ് നിര്‍മാണം തൂടര്‍ന്ന് നഗരസഭയിലെ റോഡ് നിര്‍മാണ പ്രവൃത്തി പുനരാംരഭിക്കും. ഇ.ചന്ദ്രശേഖരന് എം.എല്‍.എ, സബ് കലക്ടര്‍ മൃണ്മയി ശശാങ്ക് ജോഷി, നഗരസഭ ചെയര്മാന് വി.വി. രമേശന്, ഡെപ്യുട്ടി തഹസില്‍ദാര്‍ നാരായണന്, കെ.എസ്.ടി.പി കണ്‍സള്‍ട്ടിങ് എഞ്ചിനീയര്‍ രാമചന്ദ്രന്, നഗരസഭാ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന്മാര്, കൗണ്‍സിലര്‍മാര്‍, റോട്ടറി പ്രതിനിധി, ബില്‍ഡിങ് അസോസിയേഷന് പ്രതിനിധി, കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍ പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചകളില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: