തിരുവല്ല: നഗരത്തിലെ നിരോധിത പുകയില ഉത്പന്നങ്ങളുടെ വില്പന പരിപൂര്‍ണ്ണമായി നിയന്ത്രിച്ചുവെന്ന അവകാശവാദവുമായി എക്സൈസ് വിഭാഗവും പോലീസും വീരവാതം മുഴക്കുമ്പോഴും അധികൃതരുടെ മൂക്കിനുതാഴെ പുകയില ഉത്പന്നങ്ങളുടെ വില്പന തകൃതി.
നഗരമദ്ധ്യത്തിലെ ചുരുക്കംചില വ്യാപാരികളുടെ മൂക്കിന് കയറിടാന്‍ അധികൃതര്‍ക്ക് കഴിഞ്ഞൂ എന്നല്ലാതെ ഇതിനെതിരെ ചെറുവിരല്‍ അനക്കാന്‍ പോലും ഇവര്‍ക്ക് ആയിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മാസപ്പടിനല്കി ഉദ്യോഗസ്ഥ വൃന്തത്തെ കൈവെള്ളയിലൊതുക്കിയ വമ്പന്മാര് കച്ചവടം പൊടിപൊടിക്കുമ്പോഴും അധികൃതര്‍ക്ക് അനങ്ങാനാവാത്ത സ്ഥിതിയാണുള്ളത്. നഗരമദ്ധ്യത്തിലെ കുളക്കാട്ട് പ്രവര്‍ത്തിക്കുന്ന വീടിനോട് അനുബന്ധിച്ചുള്ള കടയില്‍ ദിനംപ്രതി ഇത്തരം ഉത്പന്നങ്ങളുടെ ആയിരക്കണക്കിന് രൂപയുടെ കച്ചവടമാണ് നടക്കുന്നത്. നഗരത്തിലെ തുകലശ്ശേരി ചെമ്പോലിമുക്കിലും കുട്ടത്തിപ്പടിയിലും കച്ചവടം നടക്കുന്നുണ്ട്. പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ പഴയഗേറ്റിനോട് ചേര്‍ന്നുള്ള കടയുടെ മുന്നില്‍ പലപ്പോഴും വാങ്ങാനെത്തുന്നവരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെടുന്നത്. പന്നിക്കുഴി പാലത്തിന് സമീപവും മുത്തൂര്‍ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയിലും ഉത്പന്നങ്ങള്‍ സുലഭമാണ്. ആഞ്ഞിലിമൂട്, തിരുമൂലപുരം, കോട്ടത്തോട്, ചുമത്ര, കുറ്റപ്പുഴ, മഞ്ഞാടി, മീന്തലക്കര എന്നിവിടങ്ങളിലെ മാടക്കടകളിലും ശംബു, ഹാന്‍സ് തുടങ്ങിയ ഉത്പന്നങ്ങള്‍ ലഭിക്കുന്നുണ്ട്.
നഗരത്തിലെ സ്ഥിതി ഇതാണെങ്കില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വ്യാപകമായ രീതിയിലാണ് കച്ചവടം നടക്കുന്നത്. പെരിങ്ങര പ്രിന്‍സ് മാര്‍ത്താണ്ഡവര്‍മ്മ സ്കൂളിന് സമീപവും കോച്ചാരിമുക്കം ചാത്തങ്കേരി എല്‍പി സ്കൂളിന് സമീപവും വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരാണ് പുകയുല ഉത്പന്നങ്ങളുടെ ഉപഭോക്താക്കള്‍.
കവിയൂര്‍, കോട്ടൂര്‍, പെരിങ്ങര, മേപ്രാല്‍ ചന്തപീടിക, നിരണം തുടങ്ങിയ പ്രദേശങ്ങളിലെ മാടക്കടകളും വീടുകളും കേന്ദ്രീകരിച്ചാണ് ഇവയുടെ വില്‍പ്പന തകൃതിയായി നടക്കുന്നത്. വീടിനോട് ചേര്‍ന്ന് കടനടത്തുന്ന കേന്ദ്രങ്ങളിലാണ് ഉത്പന്നങ്ങളുടെ കച്ചവടം ഏറെ പൊടിപൊടിക്കുന്നത്. ചില പ്രദേശങ്ങളില്‍ വീടുകള്‍ കേന്ദ്രീകരിച്ചും കച്ചവടം നടക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉത്പ്പന്നങ്ങള്‍ വാങ്ങുന്നത് ഇത്തരം വീടുകളില്‍ നിന്നുമാണ്. നഗരത്തിലെ കടകളില്‍ ശക്തമായ പരിശോധനകള്‍ നടത്തുന്ന പോലീസും ആരോഗ്യ വിഭാഗവും ഉള്‍നാടന്‍ പ്രദേശങ്ങളില്‍ പരിശോധകള്‍ക്ക് തയാറാകാത്തതാണ് കച്ചവടം വ്യാപകമാകാന്‍ ഇടയാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപങ്ങളില്‍ നടക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: