തിരുവല്ല : പ്രഖ്യാപനങ്ങുളുടെ പെരുമഴകള്‍ പലതവണ ഉണ്ടായിട്ടും തിരുവല്ല ചന്തകടവ് വാട്ടര്‍ പാര്‍ക്കിനോട് അധികൃതരുടെ അവഗണന.നഗര സഭയുടെ ഉടമസ്ഥതിയിലുള്ള ഇവിടെ നേരം വൈകിയാല്‍ സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമാണ്. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ചന്തക്കടവ് വാട്ടര്‍പാര്‍ക്ക് സംരക്ഷണമില്ലാതെ നശിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.പലതവണ വിഷയം മാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ ഒരു നടപടിയും എടുത്തിട്ടില്ല.ഒരു കാലത്ത് ജലഗതാഗതത്തിന്റെ കവാടമായിരുന്ന തിരുവല്ല ചന്ത തോടിന് നഷ്ടങ്ങളുടെ കഥമാത്രമാണ് പറയുവാനുള്ളത്. വാഹനങ്ങള്‍ കുറവായിരുന്ന കാലഘട്ടത്തില്‍ ജലഗതാഗതത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ആ കാലഘട്ടത്തില്‍ തിരുവല്ലാ ചന്തത്തോടിന് വളരെയ അധികം പ്രാധാന്യം ഉണ്ടായിരുന്നു. അപ്പര്‍ കുട്ടനാട് ഉള്‍പ്പെടെ തിരുവല്ലായുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് ആവിശ്യമുള്ള എല്ലാ സാധനങ്ങളും എത്തിയിരുന്നത.് ജലഗതാഗതമാര്‍ഗ്ഗം ആയിരുന്നു. വ്യവസായ സ്ഥാപനമായ ട്രാവന്‍കൂര്‍ പഞ്ചസാര ഫാക്ടറിക്കുള്ള കരിമ്പും ജലഗതാഗതമാര്‍ഗ്ഗം അന്ന് എത്തിയിരുന്നത്. ഇതിന്റെയെല്ലാം ഉറവിടം തിരുവല്ലാ ചന്തക്കടവ് ആയിരുന്നെന്നാണ് പഴമക്കാര്‍ പറയുന്നത്. കാലംമാറിയതോടെ ജലഗതാഗതത്തിന്റെയും ചന്തക്കടവിന്റെയും പ്രസക്തി നഷ്ടപ്പെട്ടു. റോഡ്മാര്‍ഗ്ഗമുള്ള ഗതാഗതത്തിന് പ്രാധാന്യം ലഭിച്ചു. ചന്തത്തോട് കാലക്രമേണ അവഗണിക്കപ്പെട്ടു. തോടിന്റെ ഇരുകരകളിലും ധാരാളം വീടുകള്‍ വന്നു. ഇതോടെ തോടും പരിസരങ്ങളും മലിനീകരിക്കപ്പെടുകയും ചെയ്തു. പോളയും, പായലും നിറഞ്ഞതോടെ തോട്ടിലെ ജലം കാണാത്ത അവസ്ഥ. ഇതിനിടയില്‍ പലയിടങ്ങളിലും അനധികൃത കൈയ്യേറ്റം, റോഡ് നിര്‍മ്മാണത്തിന്റെ പേരില്‍ തടയണകളുടെ നിര്‍മ്മാണം. ഇതോടെ ചന്തത്തോട്ടിലെ ഒഴുക്ക് പൂര്‍ണ്ണമായും നിലച്ചു. ഇതേ തുടര്‍ന്ന് ചന്തത്തോടിന്റെ നവീകരണത്തിന് മുറവിളികള്‍ ഉയര്‍ന്നു. തുടര്‍ന്ന് 2001 ല്‍ അന്നത്തെ എം. എല്‍. എ. ആയിരുന്ന മാമ്മന്‍ മത്തായിയുടെ ശ്രമഫലമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ചന്തത്തോട് പുനരുദ്ധരിച്ച് വാട്ടര്‍ പാര്‍ക്ക് നിര്‍മ്മിക്കുകയും ബോട്ടിംഗ് സൗകര്യം ഏര്‍പ്പെടുത്താനും തീരുമാനമായി. ഇതേതുടര്‍ന്ന് ചന്തത്തോട്ടില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചു. തോട്ടിലെ പോളകളും, പായലും നീക്കം ചെയ്തു. തുടക്കത്തില്‍ ആറില്പരം പെഡല്‍ ബോട്ടുകളും ഇവിടെയുണ്ടായിരുന്നു: നല്ല രീതിയില്‍ ആയിരുന്നു വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനവും. ഇടക്കാലത്ത് ചില പെഡല്‍ ബോട്ടുകള്‍ കേടാകുകയും, അറ്റകുറ്റപ്പണികള്‍ക്കായി കരയില്‍ കയറ്റുകയും ചെയ്യതതോടുകൂടി വാട്ടര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. വര്‍ഷങ്ങളായി ബോട്ടുകള്‍ കരയ്ക്കാണിരുപ്പ്. കെട്ടിടവും പരിസരങ്ങളും കാടുകയറി അനാഥമായ അവസ്ഥയിലും. ചന്തതോട്, പായലും, പോളയും നിറഞ്ഞ് ഒഴിക്കില്ലാത്ത അവസ്ഥയിലാണിപ്പോള്‍ . അടുത്തകാലത്ത് ജില്ലാ കളക്ടര്‍ ഡോ. എസ് .ഹരികിഷോറിന്റെ നേതൃത്വത്തില്‍ ചന്തതോട് വികസനത്തിന് കോടിക്കണക്കിന് രൂപയുടെ പദ്ധതി വിഭാവനം ചെയ്തു. എന്നാല്‍ ഇതുവരെയായും ഇതൊന്നും ലക്ഷ്യം കണ്ടിട്ടില്ല. പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനം വന്നതല്ലാതെ പിന്നീട് നടപടികളൊന്നും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: