പത്തനംതിട്ട : റവന്യൂജില്ലാ സ്കൂള്‍ കായികമേള രണ്ടാംദിനം പിന്നിട്ടപ്പോള്‍ പത്തനംതിട്ട സബ് ജില്ലമുന്നേറുന്നു.
സ്കൂള്‍ അടിസ്ഥാനത്തിലെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള പോരാട്ടത്തില്‍ വെണ്ണിക്കുളം സെന്റ് ബഹനാന്‍സും സീതത്തോട് കെ.ആര്.പി.എം സ്കൂളും ഇഞ്ചോടിഞ്ച് മത്സരത്തില്‍ സബ്ജില്ലാ അടിസ്ഥാനത്തില്‍ പത്തനംതിട്ട 132 പോയിന്റുമായാണ് മുന്നിലെത്തിയത്. 15സ്വര്‍ണ്ണവും 17 വെള്ളിയും ആറ് വെങ്കലവുമാണ് പത്തനംതിട്ട നേടിയത്. ആദ്യ ദിനം രണ്ടാം സ്ഥാനത്തായിരുന്ന പുല്ലാട് സബ്ജില്ല 77പോയിന്റുമായി സ്ഥാനം നിലനിര്‍ത്തി. ഏഴു സ്വര്‍ണ്ണവും 11വെളളിയും ഒമ്പത് വെങ്കലുമാണ് പുല്ലാട് കരസ്ഥമാക്കിയിട്ടുളളത്. ഏഴു സ്വര്‍ണ്ണവും ആറ് വെളളിയും 11 വെങ്കലവും നേടിയ റാന്നിയും ഏഴ് സ്വര്‍ണ്ണവും ഏഴു വെളളിയും എട്ടു വെങ്കലവും നേടി വെണ്ണിക്കുളവും എട്ടു സ്വര്‍ണ്ണവും അഞ്ച് വെളളിയും ഒന്‍പതു വെങ്കലവുമായി അടൂരും 64 പോയിന്റുകള്‍ വീതം സ്വന്തമാക്കി മൂന്നാം സ്ഥാനത്താണ്. പുല്ലാട് സബ്ജില്ലയിലെ ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് എച്ച്.എസ്.എസാണ് സ്കൂളുകളില്‍ മുന്നിലുളളത്. ആറ് സ്വര്‍ണ്ണവും നാലു വീതം വെളളിയും വെങ്കലവും നേടിയ സെന്റ് ജോണ്‍സിന് 46 പോയിന്റു ലഭിച്ചു. നാല് സ്വര്‍ണ്ണവും ആറ് വെളളിയും ഏഴു വെങ്കലവുമായി 45 പോയിന്റുമായി വെണ്ണിക്കുളം സബ് ജില്ലയിലെ സെന്റ് ബഹനാന്‍സ് എച്ച്. എസ്. എസ് തൊട്ടു പിന്നിലുണ്ട്. പത്തനംതിട്ട സബ് ജില്ലയിലെ സീതത്തോട് കെ.ആര്.പി.എം.എച്ച്.എസ്. എസ്, മാര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ആങ്ങമൂഴി എസ്.എ.വി.എച്ച്.എസ്.എസ് സ്കൂളുകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളില്‍.
മറ്റ് ഉപജില്ലകളുടെ പോയിന്റു നില: തിരുവല്ല 54, കോന്നി 53, കോഴഞ്ചേരി 15, ആറന്മുള 14, പന്തളം 11, മല്ലപ്പള്ളി 10. എന്നിങ്ങനെയാണ്.
കായികമേള ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: