സതീഷ്കുമാര്‍.ആര്
വടശ്ശേരിക്കര: ഭരണാനുമതി ലഭിച്ചു നാല് വര്‍ഷം കഴിഞ്ഞിട്ടും പേങ്ങാട്ടു കടവ് പാലം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. വടശ്ശേരിക്കരയെ പള്ളിക്കമുരുപ്പ് ‘ഭാഗവുമായി നേരിട്ട് ബന്ധിപ്പിക്കുന്ന ഏക മാര്‍ഗ്ഗമാണ് കല്ലാറിന് കുറുകെയുള്ള പേങ്ങാട്ടു കടവ് പാലം.മകര സംക്രമ ദിവസം പൊന്നമ്പലവാസന് ചാര്‍ത്തുന്നതിനുള്ള തിരുവാഭരണം കടന്നു വരേണ്ടത് ഈ പാലം വഴിയാണ്. പരമ്പരാഗത തിരുവാഭരണ പാത എന്നത് കൂടാതെ ഇടക്കുളം വടശ്ശേരിക്കര സമാന്തര പാതയായും ഇതു നിര്‍ണ്ണയിച്ചിരിക്കുന്നു .
പാലം നിര്‍മിതിക്കായി മൂന്നു കോടി രൂപയുടെ റഫ് കോസ്റ്റ് എസ്റ്റിമേറ്റ് ആണ് പൊതുമരാമത്ത് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നത്. 2011 നവംബര്‍ മാസം ഏഴാം തീയതി ഭരണാനുമതി ലഭിച്ചു. ഉത്തരവ് പ്രകാരം മൂന്നു കോടി പത്തു ലക്ഷം രൂപക്ക് സാങ്കേതികാനുമതിയും ലഭിച്ചു. 26.60 മീറ്റര്‍ വീതമുള്ള മൂന്നു സ്പാനുകള്‍ ഉള്‍പടെ 79.80 മീറ്റര്‍ നീളവും, 4.25 മീറ്റര്‍ ക്യാര്യേജ് വേയോടു കൂടി 5.15 മീറ്റര്‍ വീതിയുമാണ് പാലത്തിനു നിശ്ചയിച്ചതും, അനുമതി ലഭിച്ചതും. എസ്റ്റിമേറ്റ് നിരക്കില്‍ നിന്നും 3.01ശതമാനം കുറഞ്ഞ തുകക്ക് തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കണ്‍സ്ട്രക്ഷന്‍ കമ്പിനി കരാര്‍ ഏറ്റെടുത്തു. ഒന്നര വര്‍ഷമായിരുന്നു നിര്‍മാണ കാലാവധി. ‘ഭരണാനുമതി ലഭിച്ചതിനു ശേഷം നാലാമത്തെ മകര വിളക്കാണ് കടന്നു വരുന്നത്. പണി പൂര്‍ത്തിയാക്കി പാലം ഔദ്യോഗികമായി തുറന്നു കൊടുക്കാന്‍ ഇതുവരെ ബന്ധപെട്ടവര്‍ക്കു കഴിഞ്ഞിട്ടില്ല.
തിരുവാഭരണ ഘോഷയാത്രയുടെ രണ്ടാം ദിവസം രാവിലെ ഇടക്കുളം അയ്യപ്പ ക്ഷേത്രത്തില്‍ എത്തിയതിനു ശേഷം കുളിക്കുന്നതിനും പൗരസമൂഹം ഒരുക്കുന്ന പ്രാതല്‍ കഴിക്കുന്നതിനുമായി പേടകങ്ങള്‍ പേങ്ങാട്ടു കടവിലാണ് ഇറക്കി വയ്ക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടു കുളിക്കടവും ഇല്ലാതായി. ഇതിനു വേണ്ട പകരം സംവിധാനങ്ങളുടെ ഒരുക്കങ്ങളും എങ്ങുമെത്തിയിട്ടില്ല.
പാലത്തിന്റെ ഇതുവരെയുള്ള നിര്‍മാണത്തില്‍ അപാകതകളുണ്ടെന്നും ആക്ഷേപമുണ്ട്. നിര്‍ദ്ദിഷ്ട പ്ലാനില്‍ നിന്നും ഏറെ വ്യതിചലിച്ചാണ് പണികള്‍ നടന്നിട്ടുള്ളത് എന്ന് വിവരാവകാശ രേഖകളും വ്യക്തമാക്കുന്നു. അശാസ്ത്രീയമായ നിര്‍മാണ രീതി കാരണം പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും വ്യത്യസ്ത ദിശകള്‍ അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതാണ്. നിര്‍മാണത്തിനുപയോഗിച്ച സാധന സാമഗ്രികളുടെ അനുപാതത്തിലും സംശയം ഉന്നയിക്കുന്നവരുണ്ട്. അപ്രോച്ച് റോഡിന്റെ വീതി പിഡബ്ല്യുഡിഅധികൃതര്‍ അളന്നു തിട്ടപെടുത്തിയിരുന്നത് എട്ടു മീറ്റര്‍ വരയാണ്. ‘ഭരണതലത്തില്‍ സ്വാധീനമുള്ള ചില ആളുകളുടെ ‘ഭൂമി സംരക്ഷിക്കുന്നതിനു വേണ്ടി 5.5 മീറ്റര്‍ വീതിയില്‍ പണി പൂര്‍ത്തിയാക്കി ഉത്ഘാടന കര്‍മം നിര്‍വഹിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നതെന്ന പരാതിയും നാട്ടുകാര്‍ പറയുന്നു. ‘ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ അനുവദിച്ച 75 ലക്ഷം രൂപ വിനിയോഗിക്കാതിരിക്കുന്നതിലും ഏറെ ദുരൂഹതകള്‍ ആരോപിക്കപെടുന്നു.
പാലം പണികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ബിജെപി സമര പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. അപാകതകള്‍ പരിഹരിച്ചു നിര്‍ദ്ദിഷ്ട എട്ടു മീറ്റര്‍ വീതിയില്‍ അപ്രോച്ച് റോഡ് നിര്‍മിച്ചു പാത ഗതാഗത യോഗ്യമാക്കുന്നത് വരെ സമര രംഗത്തു തുടരുമെന്ന് ബിജെപിപഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സുരേഷ് ചമ്പോന്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: