നിലക്കല്‍: മണ്ഡല കാലം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും നിലക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലും മറ്റിടങ്ങളിലും കുടിവെള്ളമെത്തിക്കുന്നതിന് കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപം. പലയിടത്തും കുടിവെള്ളം സംഭരിക്കാനുള്ള ടാങ്കുകള്‍ സ്ഥാപിക്കുന്നതേയുള്ളൂ. വിവിധ പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലേക്ക് നൂറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് തീര്‍ത്ഥാടകരുമാണ് ദിനംപ്രതി എത്തുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളില്‍ കുടിവെള്ളം ലഭ്യമല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ കടകളിലെ കുപ്പിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. വാട്ടര്‍ അതോറിറ്റി വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിക്കാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെങ്കിലും തീര്‍ത്ഥാടനക്കാലം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജലം എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല.
നിലയ്ക്കലിലെ പ്രവേശന കവാടത്തിനോട് ചേര്‍ന്നുള്ള ചില വാട്ടര്‍ ടാങ്കുകളില്‍ മാത്രമാണ് ഇപ്പോള്‍ ജലം ലഭിക്കുന്നത്. പാര്‍ക്കിംഗ് ഗ്രൗണ്ടുകളിലെ 80 ശതമാനം ഭാഗത്തും ജല ദൗര്‍ലഭ്യം അനുഭവപ്പെടുന്നതായി വാഹനങ്ങളിലെ ഡ്രൈവര്‍മാരടക്കം പരാതിപ്പെടുന്നു.
ശബരിമലയുടെ ബേസ് ക്യാമ്പായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിലയ്ക്കലില്‍ അതിനനുസൃതമായ മുന്നൊരുക്കങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ആന്ധ്രാ, കര്‍ണാടക, തമിഴ്നാട് തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ നിര്‍ത്തിയിടാനായി വിവിധയിടങ്ങളില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ സംസ്ഥാനത്തിന് എവിടെയാണ് പാര്‍ക്കിംഗ് നിശ്ചയിച്ചിരിക്കുന്നതെന്ന് എന്ന് വ്യക്തമാകുന്നതരത്തിലുള്ള ദിശാബോര്‍ഡുകള്‍ പലയിടത്തും കാണാറില്ല. അതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള അയ്യപ്പന്മാര് അവരുടെ വാഹനങ്ങള്‍ എവിടെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നതെന്നറിയാതെ വിഷമിക്കുന്നുണ്ട്. നിലയ്ക്കലിലെ കെ.എസ്.ആര്‍ടിസി താല്‍ക്കാലിക സ്റാന്റില്‍ വന്നിറങ്ങുന്ന തീര്‍ത്ഥാടകര്‍ക്ക് അവരുടെ വാഹനങ്ങള്‍ പാക്ക ചെയ്തിരിക്കുന്ന സ്ഥലങ്ങളിലെത്താന്‍ ഏറെദൂരം നടക്കേണ്ടിവരുന്നു. വ്യക്തമായ ദിശാസൂചികകള്‍ ഇല്ലാത്തതിനാല്‍ പ്രായമായവരടക്കമുള്ള അന്യസംസ്ഥാന തീര്‍ത്ഥാടകര്‍ക്ക് വഴിചോദിക്കാനും ഭാഷയും പ്രശ്നമാകുന്നുണ്ട്. ഏറെനേരം നടന്നു വലഞ്ഞാണ് പലരും തങ്ങളുടെ വാഹനങ്ങള്‍ കണ്ടെത്തുന്നത്. വിവിധ ഭാഷകളില്‍ മൈക്കിലൂടെ വിവരങ്ങള്‍ അറിയാനും പറയാനും സൗകര്യമുണ്ടെങ്കിലും പലയിടത്തും ഇവ കേള്‍ക്കാന്‍ കഴിയുന്നില്ലെന്ന ആക്ഷേപവും തീര്‍ത്ഥാടകര്‍ പറയുന്നു. തണല്‍മരങ്ങള്‍ തീരെയില്ലാത്ത വഴികളിലൂടെ കൊടുംവെയിലത്ത് നടന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മതിയാ ശുദ്ധജലംകൂടി ലഭിക്കാത്തത് തീര്‍ത്ഥാടകരെ വലയ്ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: