ചെന്നൈ: വിദേശ നാണയനിയന്ത്രണ ചട്ടം (എഫ്സിആര്‍എ) ലംഘിച്ച പ്രമുഖ പരിസ്ഥിതി സംഘടനയായ ഗ്രീന്‍ പീസ് ഇന്ത്യയുടെ രജിസ്ട്രേഷന് തമിഴ്നാട് രജിസ്ട്രാര്‍ റദ്ദാക്കി.
സൊസൈറ്റീസ് ആക്ട്പ്രകാരം തമിഴ്നാട് രജിസ്ട്രാര്‍ ഓഫ് സൊസൈറ്റീസിലാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. സൊസൈറ്റി ഒരു മാസത്തിനകം പിരിച്ചുവിടണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ പിരിച്ചുവിടുമെന്നും രജിസ്ട്രാര്‍ അറിയിച്ചിട്ടുമുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവുപ്രകാരമാണ് രജിസ്ട്രേഷന് റദ്ദാക്കിയതെന്നും തങ്ങള്‍ കോടതിയെ സമീപിക്കുമെന്നും ഗ്രീന്‍ പീസ് പ്രതികരിച്ചു.
തുടര്‍ച്ചയായി വിദേശനാണയ നിയന്ത്രണചട്ടം ലംഘിച്ച ഗ്രീന്‍ പീസിന്റെ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ റദ്ദാക്കിയിരുന്നു.
കോടികളുടെ വിദേശഫണ്ട് ലഭിക്കുന്ന സംഘടന കൃത്യമായ കണക്കുകള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. മാത്രമല്ല വിദേശഫണ്ടും ആഭ്യന്തരമായി സംഘടിപ്പിക്കുന്ന ഫണ്ടും കൂട്ടിക്കലര്‍ത്തരുതെന്ന ചട്ടവും ഇവര്‍ ലംഘിച്ചിരുന്നു. ഫണ്ട് എവിടെ നിന്നാണ് ലഭിക്കുന്നതെന്നും ഇത് ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നും സര്‍ക്കാരിനെ അറിയിക്കണമെന്നാണ് നിയമം. എന്നാല്‍ ഗ്രീന്‍ പീസ് ഇതും പാലിക്കാറില്ല.
ഗ്രീന്‍ പീസ് എന്ന അന്താരാഷ്ട്ര സന്നദ്ധ പരിസ്ഥിതി സംഘടനയുടെ ഭാരതത്തിലെ ഘടകമാണ് ഗ്രീന്‍ പീസ് ഇന്ത്യ.
പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്ന സംഘടന ഇതുവഴി ഭാരതത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുകയാണെന്ന് മുന്‍പു തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നതാണ്. വന്‍തോതിലാണ് സംഘടനയ്ക്ക് വിദേശഫണ്ട് ലഭിക്കുന്നത്. വിദേശ ശക്തികളുടെ നിര്‍ദ്ദേശപ്രകാരം ഇത് ഭാരതത്തിനെതിരെ ഉപയോഗിക്കുകയാണെന്നാണ് ആരോപണം. എത്ര പണം ലഭിച്ചു, എന്തിനൊക്കെ ഉപയോഗിച്ചു തുടങ്ങിയതിന്റെ കൃത്യമായ കണക്കുകള്‍ നല്‍കാത്തത് ഈ ആരോപണം ശരിവക്കുകയുമാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്നാട് രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചതെന്നാണ് ഗ്രീന്‍ പീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിനുത ഗോപാലിന്റെ ആരോപണം. ഗ്രീന്‍ പീസ് ഇന്ത്യ പൂട്ടിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷമായി ശ്രമം നടത്തിവരികയാണ്. കേന്ദ്രത്തിന്റെ അസഹിഷ്ണുതയാണ് ഇതില്‍ തെളിയുന്നത്.ഗ്രീന്‍പീസിന്റെ ഭാഗം കേള്‍ക്കാതെയാണ് രജിസ്ട്രാര്‍ രജിസ്ട്രേഷന് റദ്ദാക്കിയത്. വിനുത പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: