തൃക്കരിപ്പൂര്‍: ആരാധനാലയത്തോട് ചേര്‍ന്നുള്ള കക്കൂസ് മാലിന്യം ഓവ് ചാലിലൂടെ പൊതു സ്ഥലത്തേക്ക് ഒഴുക്കി വിടുന്നതിനെതിരെ വ്യാപക പ്രതിഷേധം. വെള്ളാപ്പ് റോഡരികിലെ മുജ്മ്മല് പള്ളിക്ക് പിറകിലുള്ള ശൗച്യാലയത്തിലെ മാലിന്യമാണ് റോഡരികിലെ ഓവ് ചാലിലൂടെ ഒഴുക്കി വിടുന്നത്. ഇതുമൂലം സമീപത്തെ വീടുകളിലെ കിണറുകള്‍ കോളിഫാം ബാക്ടീരിയയുടെ ഭീഷണിയിലാണ്. സമീപത്തെ സ്ക്കൂളിലേക്കും മറ്റുമായി ദിനം പ്രതി നിരവധി പേരാണ് ഇതുവഴി മൂക്കു പൊത്തിക്കൊണ്ട് സഞ്ചരിക്കുന്നത്. കക്കൂസിന് തെക്ക് ഭാഗം വെള്ളം കെട്ടി നില്ക്കുന്ന ചതുപ്പ് നിലമാണ്. ഇവിടെക്കാണ് മാലിന്യം ആദ്യം ഒഴുകിയെത്തുന്നത്. വെള്ളം വര്‍ദ്ധിക്കുന്നതോടെ ഓവ് ചാലിലൂടെ സമീപത്തെ പാടങ്ങളെത്തിച്ചേരുന്നു. ഇവിടങ്ങളിലെ വെള്ളത്തിന് കറുപ്പ് നിറമാണുള്ളത്. സമീപത്ത് നിരവധി വീടുകളുണ്ടെങ്കിലും ഇതിനെതിരെ പ്രതികരിക്കാന്‍ ആദ്യ ഘട്ടങ്ങളില്‍ ആരും തന്നെ തയ്യാറായിരുന്നില്ല. എന്നാല്‍ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീടുകള്‍ കയറിയിറങ്ങിയ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ക്ക് മുന്നിലാണ് സ്ഥലവാസികള്‍ പരാതിയുടെ കെട്ടഴിച്ചത്. ഇത്തരത്തില്‍ കക്കൂസ് മാലിന്യം പുറന്തള്ളുന്നത് മൂലം പ്രദേശത്ത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയേറെയാണ്. ഈ പരസ്യമായ നിയമ ലംഘനം പഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതര്‍ കണ്ടില്ലെന്ന് നടക്കുന്നതില്‍ പ്രദേശവാസികളില്‍ ശക്തമായ അമര്‍ഷമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: