ബേഡകം: സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ബേഡകത്ത് പാര്‍ട്ടിയുടെ നിറം മങ്ങുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം പറയാനാകാതെ നേതാക്കളും സ്ഥാനാര്‍ഥിയും തലകുനിക്കുന്ന കാഴ്ചയാണ് കണ്ടത്. കഴിഞ്ഞ 30 വര്‍ഷമായി ബേഡഡുക്ക പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. പഞ്ചായത്തിനെ വികസനകാര്യത്തില്‍ പിന്നോട്ട് നയിക്കുകയാണ് നേതൃത്വം ചെയ്തിട്ടുള്ളതെന്ന് സിപിഎം പ്രവര്‍ത്തകര്‍ തന്നെ തുറന്ന് സമ്മതിക്കുന്ന കാര്യമാണ്. വോട്ടു ചോദിക്കാനെത്തിയ നേതാവിനോടും സ്ഥാനാര്‍ത്ഥിയോടും വാര്‍ഡിലെ വോട്ടര്‍മാര്‍ ചോദിച്ചത് ഞങ്ങള്‍ക്ക് ഉദയപുരം, കാഞ്ഞങ്ങാട് ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിപ്പെടാനുള്ള ഏക ആശ്രയമായിരുന്ന പിണ്ടിക്കടവ് തൂക്കുപാലത്തിനായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ നിങ്ങള്‍ എന്തു ചെയ്തു. തകര്‍ന്നു കിടക്കുന്ന പാലത്തിന്റെ പലക മാറ്റിയിടാന്‍ പോലും നിങ്ങളെ കൊണ്ട് സാധിച്ചില്ല. സ്ഥാനാര്‍ഥിക്കും നേതാവിനും, കൂടെ വന്ന അണികള്‍ക്കും ഉത്തരമില്ല. അത് അടുത്ത ഭരണ സമിതിയില്‍ കാര്യമായി ചര്‍ച്ചചെയ്യും, നേതാക്കള്‍ പറഞ്ഞൊഴിഞ്ഞു. ഇതാണ് അവസ്ഥ. 30 വര്‍ഷമായി വോട്ട് ചെയ്ത സ്വന്തം അണികള്‍ക്ക് തന്നെ പാര്‍ട്ടിയെ വേണ്ടാതായിരിക്കുന്നു. ബസ് സര്‍വ്വീസ് നടത്താമെന്നേറ്റ് നേതാക്കള്‍ പാവപ്പെട്ട കര്‍ഷക തൊഴിലാളികളില്‍ നിന്നും പണപ്പിരിവ് നടത്തിയ കഥയും ഇവിടുത്തെ ജനങ്ങള്‍ക്ക് പറയാനുണ്ട്. കഥ ഇങ്ങനെ- പാണത്തൂരില്‍ നിന്നും കൊട്ടോടി വഴി പുലിക്കോട് ചേരിപ്പാടി ജയപുരം മുന്നാട് വട്ടംതട്ട-ചെര്‍ക്കള വരെ സിപിഎമ്മിന്റെ വരദരാജ പൈ ട്രാന്‍സ്പോര്‍ട്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വക പാര്ട്ടിഗ്രാമത്തിലൂടെ ബസ് സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഒരു വര്‍ഷമായി യാതൊരു മുന്നറിയിപ്പുമില്ലാതെ ബസ് സര്‍വീസ് നിര്‍ത്തിവെച്ചു. സൊസൈറ്റിക്ക് സാമ്പത്തിക ബാധ്യതയുണ്ടെന്നും 4 ലക്ഷത്തോളം രൂപ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നും ഷെയറായി പിരിച്ചു നല്കിയാല് യാത്രാ ക്ലേശമനുഭവിക്കുന്ന മേല്പറഞ്ഞ സ്ഥലങ്ങളിലൂടെ ബസ് സര്‍വീസ് നടത്താമെന്നും ഭാരവാഹിയായ മുന്‍ എംഎല്‍എ പി.രാഘവന്റെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഒരാളില്‍ നിന്ന് 1000 രൂപ വീതം നാല് ലക്ഷത്തോളം രൂപ പിരിച്ചെടുത്താണ് തുടക്കത്തില്‍ സര്‍വീസ് ആരംഭിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് നാട്ടുകാരുടെ കയ്യില്‍ രസീതിയുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു വര്‍ഷമായി ബസ് സര്‍വീസ് നടത്തുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വോട്ടഭ്യര്‍ത്ഥനയ്ക്ക് വന്ന നേതാക്കളോട് ഇതുസംബന്ധിച്ചു ചോദിച്ചപ്പോള്‍ ഉത്തരം മൗനമായിരുന്നു. സിപിഎമ്മിന്റെ കാപട്യം തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇത്തവണ മാറി ചിന്തിച്ചു. അവര്‍ ബിജെപിക്കൊപ്പം അണിചേരാന്‍ തയ്യാറായി. കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ ഇതര പാര്‍ട്ടി പ്രതിനിധികളെ ഒരു ബൂത്തില്‍ പോലും ഇരിക്കാന്‍ സമ്മതിക്കാതെ കള്ളവോട്ട് മാത്രം ചെയ്ത് ഭൂരിപക്ഷം കൂട്ടിയിരുന്ന പാര്‍ട്ടിക്ക് പക്ഷെ ഇത്തവണ ബിജെപിയെ ഭയക്കേണ്ടി വന്നു.
കള്ളവോട്ടിനെ ബിജെപി പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടിയിരുന്നു. പത്താം വാര്‍ഡില്‍ യാദവ സഭയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബിജെപി പിന്തുണയോടുകൂടി വിജയിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ഇവിടെ കള്ളവോട്ട് നടത്താനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. പെര്‍ളം, പൂക്കുന്നത്ത് പാറ ബൂത്തുകളിലും കള്ളവോട്ട് പരാജയപ്പെട്ടു. മുന്നൂറ് വോട്ടുകള്‍ വരെ ഭൂരിപക്ഷമുണ്ടായിരുന്ന വാര്‍ഡുകളില്‍ അത് നൂറില്‍ താഴെയായി ചുരുങ്ങുമെന്നാണ് സൂചന. വ്യാപകമായി സിപിഎം അംഗങ്ങള്‍ക്കെതിരെ ലഖുലേഖകളും പ്രദേശങ്ങളില്‍ വിതരണം ചെയ്തിരുന്നു. ഇതില്‍ ഭരണത്തോടുള്ള എതിര്‍പ്പ് പ്രകടമായിരുന്നു. ബേഡഡുക്ക പഞ്ചായത്തിന്റെ വികസന മുരടിപ്പും പാര്‍ട്ടി നേതാക്കന്മാരുടെ സ്വാര്‍ഥതയും വോട്ടര്‍മാരെ വന്‍തോതില്‍ പാര്‍ട്ടിയില്‍ നിന്നും അകറ്റി. പല വാര്‍ഡുകളും നഷ്ടപ്പെടുമെന്ന ആശങ്ക വന്നതോടെ തെരഞ്ഞെടുപ്പ് ദിവസം കള്ളവോട്ട് ചെയ്യാനുള്ള ശ്രമങ്ങളും നടത്തി. ബേഡഡുക്ക ന്യൂ ഗവ.എല്‍.പി.സ്കൂളില്‍ എല്‍ഡിഎഫിന്റെ വനിതാ പോളിംഗ് ഏജന്റ് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചത് ബിജെപി പ്രതിനിധികള്‍ തടഞ്ഞിരുന്നു. പോളിംഗ് ബൂത്തിലുണ്ടായിരുന്ന ഏജന്റുമാരെ കയ്യേറ്റം ചെയ്യാനുളള ശ്രമവും നടന്നിരുന്നു. ഇതിനെതിരെ ബിജെപി പ്രവര്‍ത്തകര്‍ സംഘടിച്ചതോടെ സംഘം പിന്‍വാങ്ങുകയായിരുന്നു. മുന്‍കാലങ്ങളിലെപ്പോലെ സിപിഎം പ്രവര്‍ത്തകരുടെ അടികോണ്ട് ഓടുന്ന പ്രവണതയല്ല ബേഡകം ഭാഗത്ത് ഇത്തവണയുണ്ടായത്. അക്രമവുമായെത്തിയവരെ ജനങ്ങള്‍ പിന്തുടര്ന്ന് അടിച്ചോടിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭരണത്തിലും ബേഡകം ഏരിയ കമ്മറ്റിയിലെ വിഭാഗീയതയിലും മനം മടുത്ത യുവാക്കള്‍ ഇന്ന് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് സിപിഎമ്മിനുള്ളില്‍ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അവരുടെ തട്ടകത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തന്നെ ബിജെപിയുടെ ശക്തരായ പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്. ഇ ത്തരം സംഭവങ്ങളെ തുടര്‍ന്ന് ബേഡകത്തെ ഇടതുമുന്നണി നേതാക്കള്‍ പരാജയ ഭീതിയു ടെ നിഴലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: