കോഴിക്കോട്: ആശയപരമായ ധ്രുവീകരണമാണ് രാജ്യത്ത് നടക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്. സഞ്ജയന് പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം 33-ാം വാര്‍ഷികസമ്മേളന സ്വാഗതസംഘ രൂപീകരണ യോഗം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ശിഥിലപ്പെടുത്താന്‍ ശ്രമിക്കുന്ന ശക്തികളും ദേശീയ ഐക്യം കാത്തുസൂക്ഷിക്കുവാന്‍ പ്രതിജ്ഞാബദ്ധരുമായ വിഭാഗവും തമ്മിലുള്ള ധ്രുവീകരണമാണത്. ബോധപൂര്‍വ്വം വ്യാജപ്രതീതി സൃഷ്ടിച്ച് രാഷ്ട്രീയമായ അസഹിഷ്ണുത പ്രകടിപ്പിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ജനാധിപത്യപരമായ മാര്‍ഗത്തിലൂടെ വന്ന സര്‍ക്കാറിനെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കില്ലെന്ന അസഹിഷ്ണുത പ്രകടിപ്പിക്കുന്നവരാണ് രാജ്യത്ത് വ്യാജപ്രതീതികള്‍ സൃഷ്ടിക്കുന്നത്.
ലോക കമ്പോളത്തില്‍ വിലയില്ലാതായിക്കഴിഞ്ഞ കമ്മ്യൂണിസ്റ്റ് ആശയഗതി വച്ചു പുലര്‍ത്തുന്നവരാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ ഒക്ടോബര്‍ വിപ്ലമാണവര് പ്രഖ്യാപിച്ചിരിക്കുന്നത്. ഭാരതത്തില്‍ ഫാസിസം അതിന്റെ മൂര്‍ത്തരൂപത്തില്‍ അരങ്ങേറിയ അടിയന്തരാവസ്ഥക്കാലത്ത് അതിന് കൂട്ടുനിന്നവരാണ് ഇന്ന് ഫാസിസത്തിനെതിരെ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിക്കുന്നത്- അദ്ദേഹം പറഞ്ഞു. കെ. രാധാമാധവന് അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സി. സുധീര്‍ ബാബു, സംഘടനാ സെക്രട്ടറി കാ. ഭാ. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി ഗുരു ചേമഞ്ചേരി കുഞ്ഞിരാമന് നായര്‍, ഡോ. എം.ജി.എസ്. നാരായണന്, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, കേണല്‍ പി.കെ.പി.വി. പണിക്കര്‍, വി.യു. ഏറാടി, യു. ഗോപാല്‍ മല്ലര്‍ (രക്ഷാധികാരിമാര്‍), പ്രഭാകരന് പാലേരി (ചെയര്മാന്), കെ.ടി. രഘുനാഥ്, അലി അക്ബര്‍, വത്സല രാംദാസ് (വൈസ് ചെയര്മാന്), ഡോ. സി. മഹേഷ് (ജനറല്‍ കണ്‍വീനര്‍), എം.എന്‍. സുന്ദര്‍രാജ്, എം. ശ്രീഹരി, ഡോ. കെ. മധു(കണ്‍വീനര്‍മാര്‍), അഡ്വ. വി.ജി. മോഹന്‍കുമാര്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 301 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു. 2016 ജനുവരി 23, 24, തിയ്യതികളിലാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: