പത്തനംതിട്ട: കൊട്ടിക്കലാശത്തിന്റെ ആവേശം അതിരുകടന്നപ്പോള്‍ കോണ്‍ഗ്രസ് മഹാത്മാ ഗാന്ധിജിയുടെ തലയിലും താളമിട്ട് അവഹേളിച്ചു. കണ്ണട തട്ടിക്കളഞ്ഞു.
പത്തനംതിട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ രാഷ്ട്രപിതാവിന്റെ പ്രതിമയോടാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ അവഹേളനം. തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന്റെ സമാപനംകുറിച്ചുള്ള ആഘോഷത്തിലാണ് ഗാന്ധിപ്രതിമയുടെ സ്തൂപത്തില്‍ നിലയുറപ്പിച്ച യുഡിഎഫ് പ്രവര്‍ത്തകര്‍ പാട്ടിനൊപ്പം ഗാന്ധിജിയുടെ തലയില്‍ താളമിട്ടത്. രാഷ്ട്രപിതാവിന്റെ കഴുത്തില്‍ കൈകോര്‍ത്തും ഊന്നുവടിയില്‍ പിടിച്ചും പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. ഇതിനിടെ പ്രതിമയിലുണ്ടായിരുന്ന കണ്ണട ഇളകിവീണു. കൊട്ടിക്കലാശത്തിന്റെ ആവേശത്തിന് കണ്ണടയില്ലാത്ത രാഷ്ട്രപിതാവിന്റെ പ്രതിമ സാക്ഷ്യം വഹിച്ചു.
വൈകിട്ട് മൂന്നു മണിയോടെ സെന്‍ട്രല്‍ ജംങ്ഷനില്‍ എല്‍ഡിഎഫിന്റേയും യുഡിഎഫിന്റേയും പ്രചാരണ വാഹനങ്ങള്‍ തമ്പടിച്ചിരുന്നു. ഇത്തവണ യുഡിഎഫ് പ്രവര്‍ത്തകര്‍ നേരത്തെതന്നെ ഗാന്ധിപ്രതിമ കൈയേറി. കോണ്ഗ്രസ്പതാക തലയില്‍കെട്ടിയ ചെറുപ്പക്കാര്‍ ചെണ്ടമേളത്തിന്റേയും പാട്ടിന്റേയും താളത്തില്‍ ചുവടുവെച്ചു. കാല്‍വഴുതി വീഴാതെ പ്രതിമയുടെ കഴുത്തിലും കാലിലും ചുറ്റിപിടിച്ചു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ കണ്മുമ്പിലായിരുന്നു ചെറുപ്പക്കാരുടെ അതിരുവിട്ട പ്രകടനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തില്‍ കൊടിക്കമ്പുകള്‍ വീശി ഗാന്ധിപ്രതിമയുടെ പുറംഭാഗം പൊട്ടിപ്പൊളിഞ്ഞത് വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്ന് ഇടതുവലതു മുന്നണി പ്രവര്‍ത്തകര്‍ മത്സരിച്ച് കൊടിവീശുന്നതിനിടെയാണ് പ്രതിമയ്ക്ക് കേടുപാട് സംഭവിച്ചത്. എന്നാലിന്നലെ ഗാന്ധിപ്രതിമയെ അവഹേളിക്കുന്നത് യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: