പനമരം : കേരളത്തിലെ ഒട്ടുമിക്ക പാടശേഖരങ്ങളിലും വലിയൊരു ഭീഷണിയായിമാറികൊണ്ടിരിക്കുകയാണ് കവടപ്പുല്ല്. പൊയേസിയ കുടുംമ്പത്തില്പെട്ട എകൈനോക്ലോയ എന്ന ഈ ചെടി ഒരു അധിനിവേശകളച്ചെടിയാണ്. നെല്ലിനോട് വളരെ സാദൃശ്യം ഉള്ള ഇതിനെ വളരെ പരിചിതര്‍ക്ക് മാത്രമേ പ്രാരംഭദശയില്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളു. ഇതിന്റെ ജന്മദേശം ചൈനയുടെ ചില പ്രവിശ്യകളാണെന്ന് കരുതുന്നു. ഹരിതവിപ്ലവകാലത്ത് ധാന്യവിത്തുകള്ക്ക് ഒപ്പം കവടപ്പുല്ലിന്റെ വിത്തും ലോകത്തിലെമ്പാടുമെത്തി.
ഇന്ന് ഇത് ലോകത്താകമാനം പ്രശ്നം സൃഷ്ടിക്കുന്ന കളച്ചെടിയാണ്. ഇന്ത്യയില്‍ ഒഡീസയിലെ കട്ടക്കില്‍ ദേശീയ നെല്ല് ഗവേഷണ കേന്ദ്രമാണ് ആദ്യമായി ഇതിന്റെ സാനിധ്യത്തിനെപ്പറ്റി അറിയിക്കുന്നത്. നെല്ലിന്റെ വര്‍ഗ്ഗമായതിനാല്‍ സാധാരണ കളനാശിനികള്‍ക്ക് ഇതിനെ പൂര്‍ണ്ണമായും തടയാന്‍ സാധിക്കുന്നില്ല. ഇതിന്റെ ഉല്‍പ്പാദനശേഷി വളരെകൂടുതലാണ്. ഇതുകാരണം കവടപ്പുല്ല് ഒരുതവണ പാടശേഖരത്തില്‍ എത്തിപ്പെട്ടാല്‍ വളരെ പെട്ടന്ന് വ്യാപിക്കുന്നു. വിത്തുകള്‍ക്ക് വര്‍ഷങ്ങളോളം മണ്ണില്‍ സുഷുപ്താവസ്തയിലിരിക്കുവാനുള്ള കഴിവുണ്ട്. പ്രതിരോധശക്തിയും കൂടുതലാണ്. അനുകൂലാവസ്തയില് വിത്തുകള്‍ മുളച്ച് പൊന്തുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ജൈവരീതിയിലുള്ള പ്രതിവിധികള്‍ക്കായി പ്രമുഖ രാജ്യങ്ങളില്‍ ഗവേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
നെല്ലിനൊപ്പം വളരുകയും നെല്ലിനേക്കാള്‍ വേഗം വിത്ത് പൊഴിയുകയും ചെയ്യുന്നതു കൊണ്ട് കര്‍ഷകര്‍ക്ക് ഇതിന്റെ പ്രജനനം തടയുക ബുദ്ധിമുട്ടാണ്.
വിത്തുവിതക്കുന്നതിന് ആഴ്ചകള്ക്ക്മുന്പേ നിലമൊരുക്കി കളകള്‍ക്ക് വളരാന്‍ അവസരമൊരുക്കി നശിപ്പിക്കലും പ്രാരംഭദശയില്‍ വേരോടെ പിഴുതുമാറ്റിയും കതിരുകള്‍ പാകമാകുന്നതിനുമുന്പേ നശിപ്പിക്കലുമാണ് ഇതിനെ തടയാനുള്ള വഴികള്‍.കാര്‍ഷികരാജ്യമായ ഇന്ത്യയില്‍ ഈ കള ചെടിയുണ്ടാക്കുന്ന കെടുതി വളരേ വലുതാണ് വര്‍ഷംതോറും ആയിരക്കണക്കിന് ടണ്‍ ഭക്ഷ്യ ധാന്യത്തിന്റെ കുറവാണ് ഉണ്ടാവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: