ഹരിപ്പാട്: ഭക്തജനസഹസ്രങ്ങള്‍ ദര്‍ശന പുണ്യത്തിനായി കാത്തിരുന്ന നിമിഷങ്ങള്‍ക്ക് മണ്ണാറശാല ക്ഷേത്രവും കാവുകളും ഒരുങ്ങി. നാളെയാണ് പ്രസിദ്ധമായ ആയില്യം എഴുന്നള്ളത്ത്. ശ്രീകോവിലിലെ പൂജകള്‍ക്കുശേഷം ഉച്ചയ്ക്ക് ഒന്നിന് വലിയമ്മ ഉമാദേവി അന്തര്‍ജ്ജനം തീര്‍ത്ഥക്കുളത്തിലേക്ക് പുറപ്പെടും. ആ സമയം മുതല്‍ ഭക്തജനങ്ങള്‍ എഴുന്നള്ളത്ത് ദര്‍ശിക്കാനായി കാത്തിരിക്കും.
തീര്‍ത്ഥക്കുളത്തില്‍ കുളിച്ച് ഈറന്‍ കസവ് വേഷ്ടിയണിഞ്ഞ് ഓലക്കുടചൂടി അമ്മ ക്ഷേത്രത്തിലേക്ക് പ്രവേശിക്കുമ്പോള്‍ വാദ്യമേളങ്ങള്‍ ഉയരും. നിമിഷങ്ങള്‍ കഴിയുമ്പോള്‍ അമ്മയും പരിവാരങ്ങളും നാഗദൈവങ്ങളുടെ തിടമ്പുമായി പുറത്തേക്ക് എഴുന്നള്ളും. നാഗരാജാവിന്റെ വിഗ്രഹം വലിയമ്മയാണ് എഴുന്നള്ളിക്കുന്നത്. ചെറിയമ്മ സാവിത്രി അന്തര്‍ജ്ജനം സര്‍പ്പയക്ഷിയുടേയും വിഗ്രഹം എഴുന്നള്ളിക്കും. നാഗയക്ഷിയുടേത് പരമേശ്വരന് നമ്പൂതിരിയും നാഗചാമുണ്ഡിയുടേത് വാസുദേവന്‍ നമ്പൂതിരിയും വഹിക്കും.
മുത്തിക്കുട, വെഞ്ചാമരം, ആലവട്ടം എന്നിവയുടെ അകമ്പടിയില്‍ നാദസ്വരം, ഇടയ്ക്ക, പഞ്ചവാദ്യം തുടങ്ങിയ നാദമേളങ്ങളില് എഴുന്നള്ളത്ത് ക്ഷേത്രത്തിന് ഒരുവലംവെച്ച് ഇല്ലത്തേയ്ക്ക് തിരിക്കും. ക്ഷേത്രത്തില്‍ നിന്നും ഇല്ലത്തേക്കുള്ള പാതയില്‍ മുളവേലിക്ക് ഇരുവശത്തും ആയിരങ്ങളാണ് കാത്ത് നില്‍ക്കുന്നത്.
ഇല്ലത്തെ തളത്തില്‍ പൂര്‍ത്തിയായ പത്മത്തിന് സമീപം വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്നു. സര്‍പ്പദൈവങ്ങള്‍ക്ക് നൂറുംപാലും നിവേദിക്കുന്ന ചടങ്ങുകള്‍ തുടങ്ങുകയായി. പത്മത്തിന്റെ അറുപത്തിനാല് ഖണ്ഡങ്ങളില്‍ അഷ്ടനാഗങ്ങള് ഉള്‍പ്പെടെയുള്ള എല്ലാ നാഗദൈവങ്ങളേയും സങ്കല്‍പ്പിച്ച് നൂറുംപാലും കഴിക്കും.
രാവേറെ നീളുന്ന പൂജകള്‍ക്ക് ശേഷം തട്ടിന്മേല് നൂറുംപാലും തൂകുന്ന ചടങ്ങാണ്. ആകാശ സര്‍പ്പങ്ങള്‍ക്കും പാതാള സര്‍പ്പങ്ങള്‍ക്കും പ്രീതി ഉണ്ടാകാനാണ് തട്ടിന്മേല് നൂറുംപാലും നിവേദിക്കുന്നത്. തുടര്‍ന്ന് ഗുരുതി നടക്കുന്നതോടെ ആയില്യം ഉത്സവം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: