മുഹമ്മ: ഗ്രാമത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് ആക്കംകൂട്ടുമായിരുന്ന പാതിരാമണല്‍ പദ്ധതിയ്ക്കുവേണ്ടി ചെറുവിരല്പോലുമനക്കാതെ മുഹമ്മ പഞ്ചായത്ത് ഭരണത്തിന് പരിസമാപ്തി. പാതിരാമണലെന്ന ജൈവ-വൈവിദ്ധ്യ ദ്വീപിനെ കുത്തകള്‍ക്ക് അടിയറവുവെക്കാന്‍ ഒത്താശ ചെയ്തോയെന്ന് സംശയിക്കുന്ന തരത്തിലാണ് മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നീക്കം. ഇക്കോ ടൂറിസത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച അഞ്ചുകോടി ലാപ്സാക്കിയതല്ലാതെ പഞ്ചായത്ത് ഒന്നും ചെയ്തില്ല.
ദ്വീപില്‍ ചിത്രശലഭപാര്‍ക്ക്, കായിപ്പുറത്ത് ചരിത്രമ്യൂസിയം തുടങ്ങി ആഭ്യന്തര സന്ദര്‍ശകരെ ആകര്‍ഷിക്കാവുന്ന നിരവധി പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടത്. മുഖ്യമന്ത്രി ഉള്‍പ്പെടെ ഇടതു ഭരണകാലത്ത് നാലുമന്ത്രിമാരാണ് പാര്ക്കിന് തറക്കല്ലിടാനെത്തിയത്. കായിപ്പുറം ജെട്ടിയില്‍ രണ്ടേക്കറോളം സ്ഥലം ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. അതിന്റെ നടപടി ക്രമങ്ങള്‍ എങ്ങുമെത്തിയില്ല. ജെട്ടി പാലത്തിനായി അനുവദിച്ച 25 ലക്ഷം രൂപയും നഷ്ടപ്പെടുത്തിയതില്പ്പെടുന്നു.
ബോട്ട് ജെട്ടിയുടെ നവീകരണം നടത്താന്‍ പോകുന്നുവെന്ന് പറഞ്ഞ് കൈവരികള്‍ തട്ടിക്കളഞ്ഞതല്ലാതെ തുടര്‍ നടപടികള്‍ ഉണ്ടായില്ല. പാതിരാമണല്‍ നീര്‍ത്തട പദ്ധതിയെന്ന 40 ലക്ഷം രൂപയുടെ മറ്റൊരു വാഗ്ദാനവും ഫലം കണ്ടില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് നടത്താമായിരുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളോടും പഞ്ചായത്ത് മുഖം തിരിച്ചു. ഫയല്‍ മോഷണവും കെടുകാര്യസ്ഥതയും പഞ്ചായത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു.
സര്‍ക്കാര്‍ വര്‍ധിപ്പിച്ച വീട്ടുകരം മറ്റുപഞ്ചായത്തുകള് പിന്‍വലിക്കാന്‍ തയ്യാറായിട്ടും മുഹമ്മയില്‍ തല്‍സ്ഥിതി തുടരുന്നു. 42 ഏക്കര്‍വരുന്ന പെരുന്തുരുത്ത് കരിയെ അവഗണിച്ച പഞ്ചായത്ത് ശുദ്ധജലക്ഷാമം,റോഡുകളുടെ ശോച്യാവസ്ഥ, പാര്‍പ്പിടപ്രശ്നം, മാലിന്യനീക്കം എന്നിവയ്ക്ക് പരിഹാരം കണ്ടെത്തിയില്ല.
സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമായിരുന്ന മുഹമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തോട് തികഞ്ഞ അവഗണനയാണ് ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകള്‍ ചെയ്തതെന്ന ജനം കുറ്റപ്പെടുത്തുന്നു. അവഗണനയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ മാറ്റത്തിനായി ആഗ്രഹിച്ചാല്‍ അതില്‍ തെറ്റില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: