തൊടുപുഴ : നാടും നഗരവും ഉണര്‍ത്തി മൂന്നാഴ്ചയായി നടന്നുവന്ന തെരഞ്ഞെടുപ്പ് പ്രചാരണ കൊടുങ്കാറ്റിന് ഇന്ന് അഞ്ച് മണിക്ക് കൊട്ടിക്കലാശം. പ്രാദേശിക വിഷയം മുതല്‍ അന്തര്‍ദേശീയ വിഷയം വരെ ചര്‍ച്ചയായ പ്രചരണ പരിപാടികള്‍ക്ക് തിരശ്ശീല വീഴുമ്പോള്‍ നിശബ്ദ പ്രചരണത്തിനായി ഒരു ദിവസം മാത്രം അവശേഷിക്കുന്നു. സ്ഥാനാര്‍ത്ഥികളുടെ കഴിവും മേന്മയും വിളംബരം ചെയ്ത് കാതടപ്പിക്കുന്ന ശബ്ദത്തില്‍ പാരഡി ഗാനങ്ങളുടെ അകമ്പടിയോടെ പ്രചരണ വാഹനങ്ങള്‍ നാടിന്റെ മുക്കിലും മൂലയിലും ഇന്നെത്തും. സംവരണത്തിന്റെ ആനുകൂല്യത്തില്‍ വനിതകളുടെ വന്‍നിരയാണ് ഇക്കുറി മത്സരിക്കുന്നത്. കൂടുതല്‍ അണികളെ ഒപ്പം കൂട്ടി പ്രചരണത്തില്‍ ശക്തി അറിയിക്കുവാനുള്ള പ്രവര്‍ത്തനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. ഇന്നും നാളെയും പരമാവധി പാര്‍ട്ടി പ്രവര്‍ത്തകരെ റോഡിലിറക്കി പ്രചരണത്തിന്റെ കൊട്ടിക്കലാശം ഗംഭീരമാക്കുവാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഫ്ളക്സ്, ഉച്ചഭാഷിണി, പ്രസ് തുടങ്ങി നാട്ടിന്‍പുറത്തെ ചെറുചായക്കടകള്ക്ക് വരെ തെരഞ്ഞെടുപ്പുകാലത്ത് കൊയ്ത്തായിരുന്നു. പ്രാസം ഒപ്പിച്ചുള്ള അനൗണ്‍സ്മെന്റ് റെക്കോഡ് ചെയ്യുന്ന സ്റ്റുഡിയോകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വണ്ണപ്പുറത്ത് പ്രവര്‍ത്തിക്കുന്ന റെക്കോഡിംഗ് സ്റ്റുഡിയോയില്‍ നേരം വെളുക്കുന്നതുവരെ റെക്കോഡിംഗ് നീണ്ടു. പാരഡിഗാനങ്ങള്ക്കായിരുന്നു ഏറെ പ്രിയം. സ്വതന്ത്രരുടെ വേഷമണിഞ്ഞ് മത്സരത്തിനിറങ്ങിയവരും ഏറെ ശ്രദ്ധിക്കപ്പെട്ടു. വാര്‍ഡിലെ ഒരു വോട്ട് പോലും നിര്‍ണ്ണായകമാകുമ്പോള്‍ അങ്കച്ചേകവരെപ്പോലെ ഒറ്റയ്ക്ക് പോരാടുന്ന സ്വതന്ത്രര്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുവാന്‍ പ്രാപ്തരാണ്. ആശങ്കയും പിരിമുറുക്കവും അവസാനിക്കാന്‍ നവംബര്‍ 7 വരെ കാത്തിരിക്കണം. ആറും ഏഴും പാര്‍ട്ടികളെ കൂട്ടിയോജിപ്പിച്ച് ഉണ്ടാക്കിയിട്ടുള്ള മുന്നണി സംവിധാനത്തിന്റെ പ്രചരണ പ്രവര്‍ത്തനങ്ങളെ അമ്പരപ്പിക്കുന്ന പ്രവര്‍ത്തനമായിരുന്നു ഒറ്റ പാര്‍ട്ടിയായ ബിജെപി കാഴ്ചവച്ചത്. ഗൃഹസമ്പര്‍ക്ക പ്രചരണത്തിലും ഇരുമുന്നണികളെയും പിന്നിലാക്കി വന്‍ കുതിപ്പാണ് ബിജെപി നടത്തിയത്. നാടും നഗരവും ഇളക്കി നടത്തിയ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശ്ശീല വീഴുമ്പോള്‍ വോട്ടര്‍മാരുടെ മനസിനെ ഇളക്കി നടത്തിയ പ്രചരണങ്ങള്‍ വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: