തിരുവനന്തപുരം: സ്പീക്കര്‍ പദവിയുടെ അന്തസ്സിന് നിരക്കാത്ത പ്രവൃത്തികളാണ് സ്പീക്കര്‍ എന്‍. ശക്തനില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്. കോണ്‍ഗ്രസിന്റെ ചട്ടുകമായി മാത്രം പ്രവര്‍ത്തിക്കുന്ന ശക്തന് ആ പദവിക്ക് യോഗ്യനല്ലെന്ന് പലപ്രാവശ്യം തെളിയിച്ചിട്ടുണ്ട്.
നിയമസഭയില്‍ സ്ത്രീകളെ, കോണ്‍ഗ്രസ് എംഎല്‍എമാര്‍ ആക്രമിച്ചപ്പോള്‍ അത് കണ്ടില്ലെന്ന് പരസ്യമായി പറയാനുള്ള തൊലിക്കട്ടി സമ്പാദിച്ച ശക്തന്, ജനങ്ങള്‍ പോഷ്ക്കന്മാരാണെന്ന് അനുമാനിച്ചുകൊണ്ട് ചെപ്പടി വിദ്യകള്‍ കാട്ടി ന്യായീകരിക്കാന്‍ മുതിരാതെ ഇനിയെങ്കിലും കേരള ജനതയോട് മാപ്പുപറയുകയാണ് വേണ്ടതെന്ന് വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മഹനീയമായ ആദരവ് അര്‍ഹിക്കുന്ന സ്പീക്കറുടെ കസേരയില്‍ ഇരിക്കുന്ന ശക്തന്റെ നടപടി വലിയ വിവാദമാക്കാതിരിക്കാനാണ് ചെരുപ്പഴിപ്പിച്ച പ്രവൃത്തി മോശമായിപ്പോയി എന്നുമാത്രം താന്‍ പറഞ്ഞ് അവസാനിപ്പിച്ചത്. എന്നാല്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി ശക്തന് വിഢിത്തരങ്ങള്‍ കാട്ടിക്കൂട്ടി. കേരളത്തിലെ ഇടതുപക്ഷം സ്പീക്കര്‍ എന്ന പദവിയെ മാനിച്ച് ഈ സംഭവം അവഗണിക്കുകയാണ് ചെയ്തത്. എന്നാല്‍ ശക്തന് വീണ്ടും ചില ഫോട്ടോകളുമായി രംഗത്തുവന്നിരിക്കുകയാണ്. ‘അരി തിന്നതുമല്ല, പിന്നെയും പട്ടിക്കാണ് മുറുമുറുപ്പ്’ എന്നുപറയുന്നതുപോലെയാണ് ശക്തന്റെ പ്രവൃത്തി.
ചെരുപ്പുകടയില്‍ ചെരുപ്പ് വാങ്ങിക്കാന്‍ പോയ തന്റെ ഫോട്ടോയും, ചെരുപ്പിന്റെ വാര് കീഴുദ്യോഗസ്ഥനെക്കൊണ്ട് അഴിപ്പിക്കുന്ന ശക്തന്റെ ചിത്രവും അദ്ദേഹം പൊതുവേദിയില്‍ കാണിക്കുകയാണ്. ചെരുപ്പ് കടയില്‍ ആരു പോയാലും നടക്കുന്ന കാര്യമാണ് തന്റെ കാര്യത്തില്‍ സംഭവിച്ചത്. ‘വല്ലഭന് പുല്ലുമായുധം’ പോലെ ഇതും എടുത്ത് പയറ്റുകയാണ് ശക്തനെന്നും വിഎസ് പരിഹസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: