രാമന് രാവണനെ ശരങ്ങള്കൊണ്ട് മൂടി. രാവണന് നാരാചങ്ങളും മുസലങ്ങളും രാമനുനേരെ എറിഞ്ഞു. അവയെല്ലാം രാമന് അസ്ത്രങ്ങളെക്കൊണ്ട് മുറിച്ചുകളഞ്ഞു. രാവണസൈന്യങ്ങളെയെല്ലാം രാമന് ഒടുക്കി നേരിട്ടെതിര്‍ത്ത് തുല്യശക്തിയോടെ പോരാട്ടം നടത്തിയ രാവണന്റെ ശരീരമാസകലം രാമബാണങ്ങളേറ്റ് മുറിഞ്ഞു. ദേഹം നിറയെ മുറിവുകളുമായി പിന്‍വാങ്ങി രാവണന് ലങ്കയില്‍ പ്രവേശിച്ചു.
ലജ്ജാഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായാണ് രാവണന് ലങ്കയില്‍ പ്രവേശിച്ചത്. രാവണന് ചിന്തിക്കാന്‍ തുടങ്ങി. ഇതുപോലൊരു തോല്‍വിയോ അപകര്‍ഷമോ അപമാനമോ ജീവിതത്തില്‍ ഇതിനു മുമ്പൊരിക്കലും തനിക്ക് സംഭവിച്ചിട്ടില്ല. ഭയം എന്താണെന്ന് താന്‍ ഇന്നാണറിയുന്നത്.
അംഗദന് ഒരു സന്ധിസന്ദേശവുമായി തന്നെ സമീപിച്ചു. പക്ഷെ താനത് ചെവിക്കൊണ്ടില്ല. ഉടനെ വാനരസേന ലങ്കയെ ഉപരോധിച്ചു. താന്‍ സൈന്യങ്ങളേയും സേനാനായകന്മാരേയും ഒന്നിനുപുറകെ ഒന്നായി അയച്ചുകൊണ്ടിരുന്നു. അവരെ ഒന്നൊന്നായി അവര്‍ നശിപ്പിച്ചു.
കുംഭകര്‍ണ്ണനേയും ഇന്ദ്രജിത്തിനേയും അവര്‍ വകവരുത്തി. അങ്ങനെ ലങ്കയുടെ പ്രതിരോധ ശക്തികള്‍ നശിച്ചപ്പോഴാണ് ഞാന്‍ നേരിട്ട് യുദ്ധത്തിനിറങ്ങിയത്. എന്നാല്‍ എന്റെ സൈന്യങ്ങളെയെല്ലാം രാമന് ക്ഷണനേരംകൊണ്ട് സംഹരിച്ചുകളഞ്ഞു. ഞങ്ങള്‍ തമ്മില്‍ നേരിട്ടുള്ള യുദ്ധത്തില്‍ എനിക്കേര്പ്പെടേണ്ടിവന്നിട്ടുമില്ല. അത്തരം ഒരു യുദ്ധം ഞാന്‍ കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. വല്ലാത്ത ഒരു അനുഭവമായിരുന്നു അത്.
യക്ഷേശ്വരനായ വൈശ്രവണനോടും വാനര രാജാവായ ബാലിയോടും, ദേവേന്ദ്രനോടും മാനവേന്ദ്രനായ കാര്ത്തവീര്യനോടും ഞാന്‍ യുദ്ധം ചെയ്തിട്ടുണ്ട്. ദണ്ഡധരനായ കാലനോടും ശൂലപാണിയായ കാലനോടും ചക്രായുധനായ വിഷ്ണുവിനോടും ഞാന്‍ യുദ്ധം ചെയ്തിട്ടുണ്ട്. ഇവരുടെയെല്ലാം യുദ്ധവൈദഗ്ദ്ധ്യവും ബാഹുബലവും പ്രവര്‍ത്തനക്ഷമതയും വേഗവും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ രാമനെന്ന ഈ ചെറിയ മനുഷ്യന്റെ പ്രഭയുടെ മുന്നില്‍ അവരെല്ലാം മിന്നാമിനിങ്ങുകളാണ്.
സര്‍വ്വ ദേവദാനവന്മാരും ഒന്നിച്ചു ചേര്‍ന്നെതിര്‍ത്താലും ഈ ചെറുമനുഷ്യന്റെ ഒരു ചെറുവിരലിനുപോലും അവരാരും തുല്യരല്ല. രാമന്റെ ബാണപ്രയോഗം അത്ഭുതാവഹമാണ്. അദ്ദേഹം അയക്കുന്ന അസ്ത്രങ്ങള്‍ ലക്ഷ്യത്തിലെത്തിയ ശേഷം തിരിച്ചുപോയി തൂണിയില്‍ തന്നെ നിക്ഷേപിക്കപ്പെടുന്നു എന്നത് ഒരു അത്ഭുത സംഭവം തന്നെയാണ്. അദ്ദേഹത്തിന്റെ ബാണപ്രയോഗത്തിലെ കരവേഗതയോ ബഹുലതയോ വേര്‍തിരിച്ചുകാണാന്‍ സഹസ്രാക്ഷനുപോലും കഴിയുമെന്ന് എനിക്കു തോന്നുന്നില്ല. അത്ര വേഗതയാണ് അദ്ദേഹം അസ്ത്രം എടുക്കുന്നതും തൊടുക്കുന്നതും. ആ ശരം പായുന്നതും ശത്രുവില്‍ കൊള്ളുന്നതും കഴുത്തറുത്ത് ബാണം തിരിച്ചുപോയി ആവനാഴിയില്‍ വീഴുന്നതും ഒരേ സമയത്ത് നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: