തിരുവനന്തപുരം: ആദായ നികുതി കൈക്കൂലി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ക്ക് ഉന്നതതല ബന്ധമെന്നു സിബിഐ.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഇന്‍കം ടാക്സ് ചീഫ് കമ്മീഷണര്‍ അനില്‍ ഗോയലിന്റെ മുംബൈയിലെ വീട്ടിലും ഓഫീസിലും ഉള്‍പ്പെടെ സിബിഐ സംഘം റെയ്ഡ് നടത്തി. ആദായനികുതി വകുപ്പുദ്യോഗസ്ഥര്‍ പ്രതികളായ കൈക്കൂലി കേസില്‍ കൂടുതല്‍ പേരെ സിബിഐ അറസ്റ്റ് ചെയ്തേക്കും. അറസ്റ്റിലായ പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടി, ആദായ നികുതി ഓഫീസര്‍ ശരത് എന്നിവരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തി. ജ്വലറി ഉടമയില്‍ നിന്നു പത്തു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അനില്‍ ഗോയലിനും പങ്കുണ്ടെന്നാണു സിബിഐ വൃത്തങ്ങള്‍ നല്കുന്ന സൂചന. ചീഫ് കമ്മിഷണര്‍ക്കു നല്‍കാനാണു തുക വാങ്ങിയതെന്ന് അറസ്റ്റിലായവര്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് അനില്‍ ഗോയലിന്റെ വീട്ടില്‍ സിബിഐ പരിശോധന നടത്തിയത്. ഇവിടെ നിന്നു അനധികൃത നിക്ഷേപത്തിന്റെത് ഉള്പ്പെടെയെന്നു കണക്കാക്കുന്ന കോടിക്കണക്കിനു രൂപയുടെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ട്. എന്നാല്‍, പിടിച്ചെടുത്ത രേഖകള്‍ വിശദമായി പരിശോധിച്ചാല്‍ മാത്രമേ യഥാര്‍ഥ തുക കണക്കാക്കാന്‍ കഴിയു എന്നാണു സിബിഐ അറിയിക്കുന്നത്.
കഴിഞ്ഞദിവസം അറസ്റ്റിലായ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി, ഓഫീസര്‍ ശരത്ത് എന്നിവരടക്കമുള്ള അഞ്ചു പ്രതികളെ ഇന്നലെ സിബിഐ സംഘം ചോദ്യം ചെയ്തു. തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ ചോദ്യം ചെയ്തത്. കേസിലെ ഗൂഢാലോചനയിലും ഇടപാടിലും കൂടുതല്‍ ഇടനിലക്കാര്‍ക്ക് പങ്കുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ നിന്നും ലഭിച്ച സൂചന. നികുതി കുടിശിക ഇളവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്‍കാലങ്ങളിലും കൈക്കൂലി ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാവുമെന്നാണ് സിബിഐ വ്യക്തമാക്കുന്നത്. തിരുവനന്തപുരത്തു കവടിയാറിലെ ആദായ നികുതി ഓഫീസിലും ശൈലേന്ദ്ര മമ്മിടിയുടെ വീടുകളിലും ശരതിന്റെ വീട്ടിലും ബാങ്ക് ലോക്കറിലും പരിശോധന നടത്തി. കൈക്കൂലി ഇടപാടുമായി ബന്ധമുണ്ടെന്നു കരുതുന്ന മറ്റു ചിലരുടെ വീടുകളിലെ സിബിഐ പരിശോധന രാത്രി വൈകിയും തുടരുകയാണ്.
ഇതിനിടെ, കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത ചെമ്പഴന്തി സ്വദേശി കുമാറില്‍ നിന്ന് സിബിഐ പത്തുലക്ഷം രൂപ പിടിച്ചെടുത്തിരുന്നുവെന്ന് കുമാറിന്റെ ബന്ധുക്കള്‍ പോലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം സിബിഐ അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കുമാറിന്റെ ആത്മഹത്യാ കുറിപ്പില്‍ ഇന്‍കം ടാക്സ് ഓഫീസര്‍ ശരത്തുമായി ബന്ധമുണ്ടെന്നും സുഹൃത്തായിരുന്ന ഇദ്ദേഹം കബളിപ്പിച്ചതിനെ തുടര്‍ന്നാണു കേസില്‍ ഉള്‍പ്പെട്ടതെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നാണു പോലീസ് നല്കുന്ന വിവരം.
കഴിഞ്ഞ ദിവസം സിബിഐ പിടികൂടിയ മറ്റു മൂന്നു പേരെ ചോദ്യം ചെയ്ത ശേഷം ഇന്നലെ ഉച്ചയോടെ വിട്ടയച്ചു. ശൈലേന്ദ്ര മമ്മിടിയെ ഒന്നാം പ്രതിയും ശരത്തിനെ രണ്ടാം പ്രതിയുമാക്കിയാണ് സിബിഐ പ്രത്യേക കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയത്്. ഇവര്‍ക്കു മറ്റു പലരുമായും ബന്ധമുണ്ടെന്നും പുറത്തുവിട്ടാല്‍ തെളിവുകള്‍ നശിപ്പിക്കുമെന്നും കോടതിയില്‍ നല്കിയ കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ജ്വല്ലറിയുടമയില്‍ നിന്ന് കോട്ടയത്ത് വച്ചു കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശൈലേന്ദ്ര മമ്മിടി അറസ്റ്റിലായത്. ശരത്തിനെ തിരുവനന്തപുരത്ത് നിന്നും അറസ്റ്റുചെയ്തു. ശരത്തിന്റെ വട്ടിയൂര്‍ക്കാവ് പിടിപി നഗറിലെ വീട്ടില്‍ സിബിഐ നടത്തിയ പരിശോധനയില്‍ എട്ട് വെടിയുണ്ടകളും 21 കുപ്പി മദ്യവും കണ്ടെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: