ന്യൂദല്‍ഹി: അഴിമതിക്കേസില്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിങിനെയും ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സുപ്രീംകോടതി 26ന് പരിഗണിക്കും. മുഖ്യമന്ത്രിയുടെ അറസ്റ്റ് തടഞ്ഞ ഹിമാചല്‍ ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി കേസില്‍ വിശദമായ വാദം കേള്‍ക്കാമെന്നും സമ്മതിച്ചു. ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തു, അരുണ്‍ മിശ്ര എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
കേസിലെ മുഖ്യപ്രതിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി വിധി കേസിന്റെ അന്വേഷണത്തെ കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് സിബിഐ അഭിഭാഷകന് സുപ്രീംകോടതിയെ ധരിപ്പിച്ചു. ഹൈക്കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ വീരഭദ്രസിങിനെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലും പാടില്ലെന്ന വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതെന്നും സിബിഐക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.എസ്. പട്വാലിയ പറഞ്ഞു.
കേസിലെ കുറ്റക്കാരനായ വ്യക്തി നിയമത്തിന്റെ സംരക്ഷണയില്‍ ആഘോഷിച്ചു കഴിഞ്ഞാല്‍ എങ്ങനെ ഒരു അഴിമതിക്കേസിന്റെ അന്വേഷണം മുന്നോട്ടുപോകുമെന്നും സിബിഐ അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
ഒക്ടോബര്‍ 1നാണ് ഹിമാചല്‍ ഹൈക്കോടതി വീരഭദ്രസിങിന്റെ അറസ്റ്റ് തടഞ്ഞ് ഉത്തരവ് പുറത്തിറക്കിയത്. രാഷ്ട്രീയ പകപോക്കലിന്റെ അടിസ്ഥാനത്തിലാണ് വസതിയിലും മറ്റും സിബിഐ റെയ്ഡ് നടത്തിയതെന്ന് ആരോപിച്ച് ഹിമാചല്‍ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: