കോഴിക്കോട്: ശ്രീനാരായണ ധര്‍മ്മത്തില്‍ നിന്നും എസ്എന്‍ഡിപി വ്യതിചലിച്ചിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എസ്എന്‍ഡിപിയുമായി സിപിഎമ്മിന് എതിര്‍പ്പില്ല. എസ്എന്‍ഡിപി നേതൃത്വം ആര്‍എസ്എസുമായി സഹകരിക്കുന്നതിനെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാശ്വതീകാനന്ദയുടെ മരണത്തിന് ശേഷം അധികാരത്തില്‍ വന്ന ഇടതുസര്‍ക്കാര്‍ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്നുണ്ടായ വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ അന്ന് കണ്ടെത്തിയിരുന്നില്ല. ശാശ്വതീകാനന്ദസ്വാമിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണം. അദ്ദേഹം ആവശ്യപ്പെട്ടു.
ഐഎസിന്റെ ഭാരത പതിപ്പാണ് ആര്‍എസ്എസ് എന്നും കോടിയേരി ആരോപിച്ചു. സംവരണത്തിനെതിരെയുള്ള ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവതിന്റെ പ്രസ്താവന പിന്നോക്ക വിഭാഗത്തിനെതിരെയാണെന്നും, എസ്സി-എസ്ടി സംവരണം തുടരണമെന്നാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. സമുദായത്തിനുള്ള സംവരണത്തോത് നഷ്ടപ്പെടരുത്. ഇതിനനുസരിച്ച് ഭരണഘടനാ ഭേദഗതി ഉണ്ടാവണം. സംവരണാനൂകൂല്യം ഇല്ലാത്ത വിഭാഗത്തിന് നിശ്ചിതശതമാനം സംവരണം വേണമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: