നാളെ 23-ാം തീയതി രാവിലെ യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൗണ്‍സിലും ഉച്ചകഴിഞ്ഞ് സിന്‍ഡിക്കേറ്റ് മീറ്റിങ്ങുമാണ്. രണ്ടും പ്രധാനപ്പെട്ടവ, പ്രത്യേകിച്ച് കോപ്പിയടി പ്രശ്നം അറിയാലോ നിങ്ങള്‍ക്ക്, രണ്ട് ഓഫ് കാമ്പസ് പൂട്ടി, എംഎഡ്ഡും ബിഎഡ്ഡും ഒരു വര്ഷോണ്ടായത് രണ്ടുവര്‍ഷമായി. അങ്ങനെ പല പ്രശ്നങ്ങളും ഒക്കെ ഇരിക്കുന്ന സാഹചര്യമാണ്.
അതിനിടയിലാണ് ചെറുവത്തൂര്‍ പ്രോഗ്രാമിന് വരണതും…. ഈ പച്ചപതാകയുടെ തണലില്‍ ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ഇന്ന് ഗവണ്മെന്റിന്റെ വീടാണ്, ഗവണ്മെന്റിന്റെ കാറാണ്, ഇതെല്ലാം കെഎംസിസിയില്‍ ഉറച്ച് വിശ്വസിച്ച്, … നേരത്തെ പറഞ്ഞില്ലെ, തണലും ഇലയും വേരും വൃക്ഷവും ആയി തീര്‍ന്നിട്ടുള്ള, ആ മുസ്ലിം ലീഗിന്റെ അതിന്റെ ഒരു ശക്തമായ സപ്പോര്‍ട്ടിന്റെ, അംഗീകാരത്തിന്റെ, നമ്മളെന്തു പഠിച്ചാലും ഏതുനിലയിലെത്തുമ്പോഴും അതിന് സംഘടനയുടെ അംഗീകാരം ഉണ്ടെന്നുള്ളതിന്റെ തെളിവിന്റെ ഭാഗമായിട്ടാണ് ഈ കെഎംസിസി ചെറുവത്തൂര്‍ ഇന്ന് നടത്തുന്ന പരിപാടി. കെഎംസിസി ചെറുവത്തൂര്‍ എവിടെ വിളിച്ചാലും ചെറുവത്തുകാരുടെ ഏതു പരിപാടിക്കും ഏതുവീട്ടിലെ പരിപാടിക്കും ഞാന്‍ പോകും. അങ്ങനെയാണ് ഞാനിവിടെ എത്തിയത്.” കോട്ടയം എംജി സര്‍വകലാശാലയുടെ പ്രൊ.വിസി ഡോ. ഷീന ഷുക്കൂര്‍ ഈ അടുത്തകാലത്ത് നടത്തിയ വിവാദപ്രസംഗത്തിന്റെ ഒരു ഭാഗമാണിത്.
മുസ്ലിംലീഗ് പ്രതിനിധിയായ ഡോ.ഷീന ഷുക്കൂറിന്റെ ഡോക്ടറേറ്റ് ബിരുദവും അവരുടെ പ്രൊ.വി.സി ചുമതലയിലിരുന്നുള്ള ഭരണനിര്‍വഹണവും വിദേശയാത്രകളും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി കഴിഞ്ഞു. ഉന്നത പദവി അലങ്കരിക്കുന്ന ഈ വ്യക്തി മുസ്ലിം മതവര്‍ഗീയത വളര്‍ത്തുവാന്‍ അനുകൂലവുമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് ഏറെ ആശങ്കാജനകമാണ്.
മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള കേരള മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ ദുബായ് പരിപാടിയിലാണ് സര്‍വകലാശാലയുടെ സുപ്രധാന യോഗത്തില്‍നിന്ന് വിട്ടുനിന്ന് ഡോ.ഷീന ഷുക്കൂര്‍ പങ്കെടുത്തത്. ഇതിന് തൊട്ടുമുന്‍പത്തെ ആഴ്ചയില്‍ നടന്ന ബഹ്റിന് യൂണിറ്റിന്റെ പരിപാടിയിലും ഇവര്‍ പങ്കെടുത്തു. മുസ്ലിംലീഗിന്റെ പ്രവര്‍ത്തകയായ വ്യക്തി, മുസ്ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായി ചെറുവത്തൂര്‍ പഞ്ചായത്തംഗമായി വിജയിച്ച വ്യക്തി എന്നീ നിലകളില്‍ ചെറുവത്തൂര്കാരുടെ കെഎംസിസി ദുബായ് പരിപാടിയില്‍ പങ്കെടുത്തത് സ്വാഭാവികമായി വിലയിരുത്താമെങ്കിലും ഒരു പ്രൊ.വി.സി. എന്ന നിലയില്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പരിപാടിയില്‍ പങ്കെടുക്കുകയും അന്തസ്സിനു നിരക്കാത്ത രീതിയില്‍ പ്രസംഗിക്കുകയും ചെയ്ത നടപടി ഭരണഘടനാ വിരുദ്ധവും സര്‍വകലാശാല മാനദണ്ഡങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.
കേരള കോണ്‍ഗ്രസും (മാണി) മുസ്ലിംലീഗും സംയുക്തമായി ഭരണനിര്‍വഹണം നടത്തുന്നതാണ് എംജി സര്‍വകലാശാല സിന്‍ഡിക്കേറ്റ്. ലീഗ് നോമിനിയായി 2013 ഏപ്രില്‍ 23 നാണ് ഡോ.ഷീന ഷുക്കൂര്‍ പ്രൊ.വി.സി.ചുമതലയേല്‍ക്കുന്നത്. തുടര്‍ന്ന് ലീഗ് നേതൃത്വത്തില്‍ ‘കോട്ടയം കള്‍ച്ചറല്‍’ സര്‍വകലാശാലയെ ഇസ്ലാമികവത്കരിക്കുകയാണെന്നത് പരസ്യമായ രഹസ്യമാണ്. വിദ്യാഭ്യാസ മേഖലയില്‍ നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ഇത്തരം നീക്കങ്ങള്‍ സജീവമായത്. ഷീന ഷുക്കൂറിന്റെ രണ്ടുവര്‍ഷത്തെ ഭരണകാലയളവിനുള്ളില്‍ രണ്ട് അന്വേഷണ കമ്മീഷനുകളും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും വിവേകാനന്ദ ചെയര്‍ വിവാദവും വിസി-പ്രൊ.വി.സി.തര്‍ക്കവും ഉണ്ടായി.
ഷീന ഷുക്കൂറിന്റെ പിഎച്ച്ഡി ഏറെ വിവാദമായി കഴിഞ്ഞു. സര്‍വകലാശാലകളുടെ തലപ്പത്തിരിക്കുന്നവരുടെ യോഗ്യതകളെക്കുറിച്ച് സംശയങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഷീന ഷുക്കൂറിന്റെ പിഎച്ച്ഡി വിവാദം ഗൗരവമേറിയതാണ്. എംജി സര്‍വകലാശാലയില്‍ തന്നെ മുന്‍പ് വൈസ് ചാന്‍സലര്‍ പദവിയിലിരുന്ന ഡോ.എ.വി.ജോര്‍ജിനെ യോഗ്യതയില്ലെന്ന കാരണത്താലാണ് ഗവര്‍ണര്‍ ഇടപെട്ട് പുറത്താക്കിയത്.
ഏറ്റുമാനൂര്‍ സ്വദേശിയായ കെ.ആര്.സുനില്‍കുമാറിന്റെ പരാതിയുടെയും എബിവിപിയുടെ പ്രക്ഷോഭത്തിന്റെയും അടിസ്ഥാനത്തില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം വൈസ് ചാന്‍സലറെ അദ്ധ്യക്ഷനാക്കി അന്വേഷണ കമ്മീഷനെ നിയോഗിക്കുകയുണ്ടായി. വിവരാവകാശനിയമ പ്രകാരം ലഭിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്തുമ്പോള്‍ ഷീന ഷുക്കൂറിന്റെ പിഎച്ച്ഡി ഏറെ സംശയങ്ങളാണ് സൃഷ്ടിക്കുന്നത്.
പ്രൊ.വി.സിയായി തിരഞ്ഞെടുക്കപ്പെടുന്ന സമയത്ത് ഷീന ഷുക്കൂര്‍ സമര്‍പ്പിച്ച കരിക്കുലം വിറ്റെയില്‍ കാണിച്ചിരിക്കുന്നത് 2008-2009 കാലഘട്ടത്തില്‍ അവര്‍ അമേരിക്കയില്‍ ഫുള്‍ബ്രൈറ്റ് വാണ്ടര്‍ബില്‍റ്റ് ഫെലോ ആയിരുന്നു എന്നാണ്. അതിന് തൊട്ടുതാഴെ ഒക്ടോബര്‍ 2009 ല്‍ ആണ് തന്റെ പിഎച്ച്ഡി കരസ്ഥമാക്കിയതെന്നും അവകാശപ്പെടുന്നുണ്ട്. റിസര്‍ച്ച് നടക്കുന്ന സമയത്ത് അവര്‍ വിദേശത്തായിരുന്നുവെന്ന് വ്യക്തം.
ഹൈക്കോടതി മുമ്പാകെ ഷീന ഷുക്കൂര്‍ സമര്‍പ്പിച്ച റിട്ട് പെറ്റീഷനില്‍ പറഞ്ഞിരിക്കുന്നത് ന്യൂദല്‍ഹി അമിറ്റി സര്‍വകലാശാലയില്‍ ജസ്റ്റിസ് കെ.അബ്ദുള്‍ ഗഫൂറിന് കീഴില്‍ ജൂലൈ 2007 ലും ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ്. 2011 ഒക്ടോബര്‍ 21 ന് റിട്ട് പെറ്റീഷന്റെ ജഡ്ജ്മെന്റില്നിന്ന് വളരെ വ്യക്തമായി നമുക്ക് മനസ്സിലാകും അമിറ്റി സര്‍വകലാശാല കൂടാതെ മറ്റൊരു സര്‍വകലാശാലയില്‍ നിന്നും ഒരേ വിഷയത്തില്‍ അവര്‍ പിഎച്ച്ഡി കരസ്ഥമാക്കിയെന്ന്. (ജഡ്ജ്മെന്റ് വരുന്നതുവരെ അമന്‍ഡ്മെന്റ് ചെയ്യാന്‍ ഷീന ഷുക്കൂര്‍ ശ്രമിച്ചിട്ടില്ല എന്നും വ്യക്തം)
ജസ്റ്റിസ്. കെ.എ.അബ്ദുള്‍ ഗഫൂര്‍ “The scope And application of muslim law in Kerala and lakshadweep: A study of statutory application and Distinct local laws” എന്ന ഗവേഷണ വിഷയത്തില്‍ ഡോ.അംബേദ്കര്‍ ലോ യൂണിവേഴ്സിറ്റിയില്‍ ഷീന ഷുക്കൂറിന്റെ ഗൈഡ് ആയി പ്രവര്‍ത്തിച്ചിട്ടില്ല.
2007 ജൂലൈയില്‍ അമിറ്റി യൂണിവേഴ്സിറ്റിയില്‍ ഗവേഷണം നടത്തിക്കൊണ്ടിരുന്ന ഷീന ഷുക്കൂര്‍ 2009 ഒക്ടോബറില്‍ തമിഴ്നാട് ഡോ.അംബേദ്ക്കര്‍ ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും പിഎച്ച്ഡി ബിരുദം കരസ്ഥമാക്കുക എന്നത് അപ്രായോഗികമാണ്. ഇവിടെ യുജിസി മാനദണ്ഡങ്ങള്‍ അട്ടിമറിച്ചു എന്നുവേണം കരുതാന്‍.
2006 ല്‍ സുപ്രീംകോടതി ജഡ്ജിന് മുമ്പാകെ തനിക്ക് ഡോക്ടറേറ്റ് ഉണ്ടെന്ന് ഡോ.ഷീന ഷുക്കൂര്‍ ബോധിപ്പിച്ചിരുന്നു. ഹൈക്കോടതി മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും ‘ഡോ.ഷീന ഷുക്കൂര്‍’ എന്ന് രേഖപ്പെടുത്തിയിരുന്നു. പിന്നീട് അത് തിരുത്താന്‍ ശ്രമിച്ചതായും കാണാം. ഇങ്ങനെ പരസ്പരവിരുദ്ധമായ നിരവധി വസ്തുതകള്‍ ഷീന ഷുക്കൂറിന്റെ പിഎച്ച്ഡി വിവാദത്തിലുണ്ട്. ഇതുമായി ബന്ധപ്പെട്ട കുറെ കാര്യങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഡോ.അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്നും പരാതിക്കാരനായ സുനില്‍ കുമാറിന് നല്കാന് വിസമ്മതിച്ചത് സംശയങ്ങള്‍ ബലപ്പെടുത്തുന്നു.
ഗവേഷണം നടത്തിയ ദല്‍ഹി അമിറ്റി സര്‍വകലാശാല, ചെന്നൈ അംബേദ്ക്കര്‍ ലോ യൂണിവേഴ്സിറ്റി,പിഎച്ച്ഡിക്ക് അപേക്ഷ നല്കുമ്പോള് ലക്ചററായി ജോലി ചെയ്തിരുന്ന കണ്ണൂര്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തേണ്ടതുണ്ട്. ഗവേഷണം നടത്തുവാനെടുത്ത കാലയളവ് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു. 341 പേജ് വരുന്ന ഗവേഷണ പ്രബന്ധം വിവാദങ്ങള്‍ക്കിടയില്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തെങ്കിലും 108 മുതല്‍ 231 വരെയുള്ള 3, 4, 5 അദ്ധ്യായങ്ങള്‍ ഉള്‍പ്പെടുത്താത്തത് ദുരൂഹമാണ്. ഇത് പ്രബന്ധം വ്യാജമാണോ എന്ന സംശയം ഉയര്‍ത്തുന്നു.
ഡോ.എ.വി.ജോര്‍ജിന്റേത് വ്യാജബിരുദമാണെന്ന് കണ്ടെത്തി പുറത്തായ ഘട്ടത്തില്‍ പ്രൊ.വി.സിക്കുവേണ്ടി വിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് പ്രത്യേക ഉത്തരവിറക്കിയാണ് ഷീന ഷുക്കൂറിന്റെ സ്ഥാനം നിലനിര്‍ത്തിയത്. ലീഗ് നോമിനിയായ ഷീന ഷുക്കൂര്‍ മത-രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ ചെലുത്തിയാണ് ആരോപണങ്ങളെ നേരിട്ടത്. ഈ സാഹചര്യത്തിലാണ് ഗവേഷണ പ്രബന്ധത്തിന്റെ ആധികാരികതയെക്കുറിച്ച് അന്വേഷിക്കാന്‍ ഗവര്‍ണര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
ഷീന ഷുക്കൂര്‍ പ്രൊ.വി.സിയായിരിക്കുമ്പോഴാണ് അവരെക്കുറിച്ച് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വരുന്നത്. പ്രൊ.വി.സിയുടെ മേല്‍നോട്ടത്തില്‍ മതവിവേചനം, മതമൗലികവാദം വളര്‍ത്തല്‍ എന്നിവ സര്‍വകലാശാലയില്‍ നടക്കുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മതവിവേചനം സൃഷ്ടിക്കുന്നതരത്തിലുള്ള പെരുമാറ്റങ്ങള്‍ പ്രൊ.വി.സി.യുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊ.വി.സി.യില്‍നിന്നും പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടായിരുന്നു. യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് ഇവരുടെ നിര്‍ദ്ദേശത്താല്‍ ലക്ഷങ്ങള്‍ വിലവരുന്ന മുസ്ലിം ഭീകരവാദ-നക്സല്‍ പുസ്തകങ്ങള്‍ വാങ്ങിയത് ഏറെ വിവാദമായിരുന്നു. മുസ്ലിംലീഗ് സിന്‍ഡിക്കേറ്റ് അംഗങ്ങളെയും സമീപവാസികളും വിദ്യാര്‍ത്ഥികളുമായ എന്ഡിഎഫുകാരെയും മുന്‍നിര്‍ത്തി സര്‍വകലാശാലയിലെ വിവേകാനന്ദ ചെയറിനെതിരെ പ്രക്ഷോഭം ആരംഭിച്ചതും ചെയര്‍ നിര്‍ത്തലാക്കാന്‍ ശ്രമിച്ചതും പ്രമുഖ ചിന്തകനായ പ്രൊ.ഒ.എം.മാത്യുവിനെ ചെയര്മാന് സ്ഥാനത്തുനിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടതും അദ്ദേഹം സ്വരൂപിച്ച രണ്ടരലക്ഷത്തോളം രൂപയുടെ പുസ്തകങ്ങള്‍ അവിടെ വയ്ക്കാന്‍ സമ്മതിക്കാത്തതും ഡോ.ഷീന ഷുക്കൂറിന്റെ കൃത്യമായ വര്‍ഗീയ അജണ്ടയായിരുന്നു.
മതഭീകരവാദം മാത്രമല്ല തികഞ്ഞ കെടുകാര്യസ്ഥതയുടെയും ആള്‍രൂപമാണ് പ്രൊ.വി.സി ഡോ.ഷീന ഷുക്കൂര്‍. ദുബായ് പ്രസംഗത്തില്‍ വളരെ വ്യക്തമായി പറയുന്നുണ്ട് സര്‍വകലാശാലയില്‍ നിരവധി പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് താന്‍ പരിപാടിയില്‍ പങ്കെടുക്കുന്നതെന്ന്. രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുകാരനായ വൈസ് ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍ ഇതിന് കൂട്ടുനില്ക്കുകയുമാണ്. കോപ്പിയടി വിവാദം, ഓഫ് ക്യാമ്പസ് പ്രശ്നം, ഫലപ്രഖ്യാപനത്തിലും പരീക്ഷാ നടത്തിപ്പിലുമുള്ള അപാകത, അഴിമതി എന്നിങ്ങനെ സര്‍വകലാശാലയെ കൂടുതല്‍ പ്രതിസന്ധികളിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. സര്‍വകലാശാലയെ നട്ടംതിരിക്കുന്ന പ്രശ്നങ്ങളിലെല്ലാം കോണ്‍ഗ്രസ്-ലീഗ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പിന്നാമ്പുറകഥകളാണ് തെളിയുന്നത്.
മതവിവേചനത്തിന്റെയും മതമൗലികവാദത്തിന്റെയും പേരിലുള്ള ഇന്റലിജന്റ്സ് റിപ്പോര്‍ട്ട്, പിഎച്ച്ഡി വിവാദം, ദുബായ് പ്രസംഗം, വിസി അദ്ധ്യക്ഷനായ രണ്ട് അന്വേഷണ കമ്മീഷന് എന്നിവയാണ് രാജ്യത്തെ പ്രധാനപ്പെട്ട സര്‍വകലാശാലയായ എംജിയിലെ പ്രൊ.വി.സി.ഡോ.ഷീന ഷുക്കൂര്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതേ വിഷയങ്ങള്‍ മുന്‍നിര്‍ത്തി എബിവിപി നടത്തിവരുന്ന പ്രക്ഷോഭങ്ങളെ പ്രതിരോധിക്കുവാനും ഡോ.ഷീന ഷുക്കൂറിന്റെ നേരെയുള്ള ആരോപണങ്ങളെ നേരിടാനും അവര്‍ക്ക് പിന്തുണ നല്‍കാനും ലീഗ് സംസ്ഥാന നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നു. ലീഗിന്റെ സിന്‍ഡിക്കേറ്റ് മെമ്പറായ പി.കെ.ഫിറോസിന്റെ നേതൃത്വത്തിലാണ് ഇത്തരം കാര്യങ്ങള്‍ സര്‍വകലാശാലയില്‍ നടന്നുവരുന്നത്. ഒരു പ്രമുഖ വാര്‍ത്താ ചാനലില്‍ ഷീനക്കെതിരെ വന്ന വാര്‍ത്ത മണിക്കൂറുകള്‍ക്കകം അപ്രത്യക്ഷമായത് ലീഗിന്റെ രാഷ്ട്രീയ സ്വാധീനം മൂലമാണ്. ഷീന ഷുക്കൂറിന്റെയും ലീഗ് സിന്‍ഡിക്കേറ്റ് മെമ്പര്‍മാരുടേയും വര്‍ഗീയ സമീപനങ്ങള്‍ക്ക് പിന്തുണ നല്കി വിഷയത്തെ വഴിതിരിച്ച് വിടാനുള്ള ഗൂഢശ്രമത്തിലാണ് ലീഗ് നേതൃത്വം.
സര്‍വകലാശാലകളുടെ ഉന്നതങ്ങളില്‍ മുസ്ലിം മതവാദികള്‍ ഉണ്ടാകണമെന്നുമുള്ള ലീഗിന്റെ രാഷ്ട്രീയ-മത അജണ്ടകളുടെ ഉത്തമദൃഷ്ടാന്തമാണ് കാലിക്കറ്റ് സര്‍വകലാശാലയുടെ വി.സി. സെലക്ഷന് കമ്മറ്റി മുമ്പാകെ ലഭിച്ച പേരുകള്‍. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങി കോണ്‍ഗ്രസ് ഷീന ഷുക്കൂറിന് നേരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ഇല്ലായ്മ ചെയ്യാന്‍വേണ്ടി ലീഗ് ഇപ്പോള്‍ ചില നീക്കുപോക്കുകള്‍ക്ക് ശ്രമിക്കുകയാണ്. വിഷയം വഴിതിരിച്ച് വി.സി-പ്രൊ.വി.സി തര്‍ക്കമാണെന്ന് വരുത്തിത്തീര്‍ക്കുവാനുള്ള തീവ്രശ്രമത്തിലാണ് സിന്‍ഡിക്കേറ്റ്. വിവാദങ്ങളെ തുടര്‍ന്ന് പി.കെ.ഫിറോസ് നടത്തിയ പത്രസമ്മേളനവും മുസ്ലിംലീഗ് കോട്ടയം ജില്ലാ കമ്മറ്റി പാസ്സാക്കിയ പ്രമേയവും ഇതിനെ സാധൂകരിക്കുന്നു.
പിഎച്ച്ഡി വിവാദവും ദുബായ് പ്രസംഗവും ഇന്റലിജന്‍സ് റിപ്പോര്‍ട്ടും മുന്‍നിര്‍ത്തി ഷീന ഷുക്കൂറിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണം. മതേതരത്വത്തിന്റെയും ന്യൂനപക്ഷവകാശങ്ങളുടേയും മറവില്‍ വിദ്യാഭ്യാസമേഖലയെ ഇസ്ലാമികവത്കരിക്കാനുള്ള ലീഗ് അജണ്ടകളെ ഇല്ലായ്മ ചെയ്യേണ്ടത് നാടിന്റെ ആവശ്യമാണ്. രാഷ്ട്രീയ വിമുക്തമായ, അഴിമതിരഹിതമായ മതവിവേചനമില്ലാത്ത സര്‍വകലാശാല ഭരണമാണ് നടപ്പിലാവേണ്ടത്. പച്ചകൊടിയുടെ തണലില്‍ നിന്നതുകൊണ്ടല്ല, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന നിയമപ്രകാരമാണ് തങ്ങള്ക്കിതെല്ലാം കിട്ടിയതെന്ന് ഷീന ഷുക്കൂറിനെപ്പോലെയുള്ളവര് കരുതുന്നത് നല്ലതായിരിക്കും. വിവാദമല്ല, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസ വികസനമാണ് വേണ്ടത്. സര്‍വകലാശാലകളെ രാഷ്ട്രീയവത്കരിക്കുവാനും മതവത്ക്കരിക്കാനുമുള്ള ശ്രമങ്ങള്‍ക്കെതിരെ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് ജനാധിപത്യവിശ്വാസികളുടെ പിന്തുണയുണ്ടാകണമെന്ന് എബിവിപി ആഗ്രഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: