തിരുവനന്തപുരം: ശിവഗിരി മഠം മുന്‍മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തും. ക്രൈംബ്രാഞ്ചിന്റെ എറണാകുളം യൂണിറ്റ് സൂപ്രണ്ട് വി.കെ. മധുവിനാണ് അന്വേഷണച്ചുമതല. സ്വാമിയുടെ മരണത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുണ്ടായ സാഹചര്യത്തിലാണ് പുനരന്വേഷണം നടത്താനായി ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണന് നിര്‍ദ്ദേശം നല്‍കിയത്.
കേസില്‍ പുനരന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് ക്രൈംബ്രാഞ്ചാണെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് പുനരന്വേഷിക്കണമോ എന്ന വിഷയം ക്രൈംബ്രാഞ്ച് പുനഃപരിശോധിച്ചത്.
നേരത്തെ ക്രൈംബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്പി രണ്ടുവട്ടം അന്വേഷിച്ചതാണ് ഈ കേസ്. സ്വാമി ആലുവാപ്പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ അടിയൊഴുക്കില്‍പ്പെട്ട് വെള്ളം കുടിച്ച് ശ്വാസം മുട്ടി മരിച്ചു എന്നായിരുന്നു രണ്ടുവട്ടവും കണ്ടെത്തിയത്. ഇപ്പോഴുയര്‍ന്നിരിക്കുന്ന ആരോപണം മരണം നടന്ന് അടുത്തദിവസങ്ങളിലും 2002 ലും ഉയര്‍ന്നതാണ്. എന്നാല്‍ മരണത്തില്‍ എന്തെങ്കിലും ദുരൂഹതയുള്ളതായി രണ്ടുവട്ടവും ക്രൈംബ്രാഞ്ച് കണ്ടെത്തിയില്ല. അതിന് സഹായകമായ തെളിവുകളോ സാക്ഷിമൊഴികളോ ലഭ്യമായില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും മുങ്ങിമരണത്തെയാണ് സാധൂകരിക്കുന്നത്.
അസിസ്റ്റന്റ് സര്ജന് അനിലകുമാരിയുടെ നേതൃത്വത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം പോസ്റ്റുമോര്‍ട്ടം ചെയ്തത്. തലയില്‍ ചെറിയ മുറിവുണ്ടായിരുന്നു. പുരികത്തിന് മുകളിലായി രണ്ടര സെന്റിമീറ്റര്‍ വലുപ്പത്തിലുള്ള മുറിവായിരുന്നു അത്. ശ്വാസകോശവും ഹൃദയവും തലച്ചോറും വിശദമായി പരിശോധിച്ചു. ഇതില്‍ നിന്ന് വെള്ളംകുടിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമാണെന്നും അനിലകുമാരിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരണകാരണത്തില്‍ ദുരൂഹതയോ സംശയമോ ഇല്ലെന്നും ക്രൈംബ്രാഞ്ച് കോടതിയില്‍ നല്കിയ 15 പേജുള്ള അന്തിമ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. 114 പേരുടെ മൊഴി, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് മെഡിക്കല്‍ വിശകലനറിപ്പോര്‍ട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്തിമ നിഗമനത്തിലെത്തി കേസ് അവസാനിപ്പിച്ചത്.
സുപ്രീംകോടതി വരെ നീണ്ട കേസില്‍ പുനരന്വേഷണം വേണമെങ്കില്‍ പുതിയ തെളിവുകളെന്തെങ്കിലും വേണം. ആരോപണം പുതിയതാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ പുനരന്വേഷണത്തിന് സാധുതയുള്ളൂ. എന്നാല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നതിനാല് ഇപ്പോഴുയര്‍ന്നിരിക്കുന്ന ആരോപണങ്ങളെ ആധാരമാക്കി പുനരന്വേഷണത്തിനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
ദുരൂഹതയില്ലെന്ന് സാക്ഷി
ആലുവ: ശാശ്വതീകാനന്ദയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മുഖ്യസാക്ഷി എം.എ. സുബ്രഹ്മണ്യന്. സ്വാമിക്ക് പ്രഥമ ശുശ്രൂഷ നല്‍കിയത് ഡോ.എം.എന്‍. സോമനാണെന്നും ആലുവ സ്വദേശിയായ സുബ്രഹ്മണ്യന് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: