കൊച്ചി: കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ വീണ്ടും ഭരണ-പ്രതിപക്ഷ ഒത്തുകളി. അഴിമതിക്കെതിരെ സിഐടിയു സംഘടനയായ കണ്‍സ്യൂമര്‍ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് പ്രഖ്യാപിച്ചിരുന്ന സമരം ഉപേക്ഷിച്ചു. ഈ മാസം അവസാനം മൂന്ന് മേഖലാ ജാഥകള്‍ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 16 പ്രവര്‍ത്തകര്‍ കണ്‍സ്യൂമര്‍ഫെഡ് അഴിമതിയില്‍ സസ്പെന്‍ഷനിലായിരുന്നു. ഇവരെ സംരക്ഷിക്കുന്നതിന് സിപിഎം-കോണ്‍ഗ്രസ് ധാരണയും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സമരത്തില്‍ നിന്നും സിഐടിയു പിന്മാറിയത്.
അഴിമതിക്കാരായ സിഐടിയു നേതാക്കള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് സംഘടനയിലെ ഇരുപതോളം പേര് സിപിഎം സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ നിര്‍ദ്ദേശ പ്രകാരം സിഐടിയു സംസ്ഥാന പ്രസിഡണ്ട് ആനത്തലവട്ടം ആനന്ദന് അസോസിയേഷന് നേതാക്കളുമായി ചര്‍ച്ച നടത്തി മുഖംരക്ഷിക്കാന്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പായതിനാല്‍ സമരം മാറ്റി വച്ചതാണെന്നും നവംബര്‍ മൂന്നാം വാരം ജാഥകള്‍ സംഘടിപ്പിക്കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ ഇത് പ്രവര്‍ത്തകര്‍ തന്നെ തള്ളുന്നു. തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പ്രധാന മുദ്രാവാക്യങ്ങളിലൊന്ന് യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയാണ്. ഈ സാഹചര്യത്തില്‍ അഴിമതിക്കെതിരായ പരിപാടി സിപിഎം സംഘടന തെരഞ്ഞെടുപ്പിന്റെ പേരില്‍ ഉപേക്ഷിക്കുന്നതിലെ വിരോധാഭാസം പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള സുവര്‍ണാവസരമായി കണ്‍സ്യൂമര്‍ഫെഡ് അഴിമതിയെ ഉപയോഗിക്കാമെന്നിരിക്കെ ഒളിച്ചോടുന്നതെന്തിനെന്നാണ് ഇവരുടെ ചോദ്യം. തെരഞ്ഞെടുപ്പ് കാലങ്ങളില്‍ വര്‍ഗബഹുജന സംഘടനകള്‍ നേരത്തെ ഇത്തരത്തില്‍ സമര പരിപാടികള്‍ സംഘടിപ്പിച്ചിട്ടുമുണ്ട്. മാത്രമല്ല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമാണ് സിഐടിയു സമരം പ്രഖ്യാപിച്ചതും. തെരഞ്ഞെടുപ്പില്‍ അസോസിയേഷന് ഭാരവാഹികള്‍ക്ക് നേരിട്ടുള്ള ചുമതലയുമില്ല. മൂന്നാറില്‍ ഇപ്പോള്‍ ട്രേഡ് യൂണിയനുകളുടെ അനിശ്ചിതകാല സമരവും നടക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടി മാറ്റിവെച്ചുവെന്ന വിശദീകരണം പ്രവര്‍ത്തകരെപ്പോലും തൃപ്തിപ്പെടുത്തുന്നില്ല.
ഭരണ-പ്രതിപക്ഷ സംഘത്തിന്റെ സംയുക്ത അഴിമതിയാണ് കണ്‍സ്യൂമര്‍ഫെഡില്‍ നടക്കുന്നത്. കണ്‍സ്യൂമര്‍ ഫെഡ് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്. ജയകുമാറുള്പ്പെടെ 16 സിഐടിയു പ്രവര്‍ത്തകരാണ് അഴിമതിക്ക് സസ്പെന്റ് ചെയ്യപ്പെട്ടത്. ഇവരെല്ലാം കോണ്‍ഗ്രസ് ഭരണ സമിതിയുടെ ഒത്താശയോടെ തിരിച്ചെത്തുകയും ചെയ്തു. 2013ല്‍ ജയകുമാറിനെ സസ്പെന്റ് ചെയ്യാന്‍ വിജിലന്‍സ് ആഭ്യന്തരവകുപ്പിന് നല്കിയ കത്ത് യുഡിഎഫ് സര്‍ക്കാര്‍ പൂഴ്ത്തിയിരുന്നു. ജയകുമാറിനെതിരെ നടപടിയെടുക്കാന്‍ സിഐടിയുവും തയ്യാറായിട്ടില്ല.
അഴിമതിക്ക് നടപടി നേരിട്ടവരെ അണിനിരത്തിയാണ് അഴിമതിക്കെതിരെ സമരം സംഘടിപ്പിക്കേണ്ടി വരികയെന്ന പ്രതിസന്ധിയും സിഐടിയുവിനുണ്ട്. സമരത്തിനിറങ്ങിയാല്‍ ഇതും ജനങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സിപിഎമ്മും ഭയക്കുന്നു.
സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലവിലുണ്ട്. സര്‍ക്കാര്‍ എതിര്‍ത്തിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം കോടതി അംഗീകരിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ സമരമില്ലാതെ രക്ഷപ്പെടാനാകുമെന്നും സിഐടിയു കണക്ക് കൂട്ടുന്നു. ഭീകരമായ അഴിമതികളിലൂടെ ഒരു പൊതുമേഖലാ സ്ഥാപനം തകര്‍ന്ന് തരിപ്പണമായിട്ടും പേരിന് പോലും സിപിഎം സമരം നടത്താത്ത് സംസ്ഥാനത്തെ രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: