കാസര്‍കോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ഭാഷ ന്യൂനപക്ഷ പ്രദേശങ്ങളില്‍ കന്നടയില്‍ പ്രത്യേക ബാലറ്റ് അച്ചടിക്കുമെന്ന് ജില്ലാകലക്ടര്‍ പിഎസ് മുഹമ്മദ്സഗീര്‍ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരമാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭാരവാഹികളും ഔദ്യോഗിക വാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്കല്ലാതെ ഉപയോഗിക്കരുത്. ഔദ്യോഗിക വാഹനം തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് കര്‍ശനമായി തടയുമെന്ന് കളക്ടര്‍ പറഞ്ഞു. വോട്ടര്‍പട്ടികയില്‍ ചേര്‍ത്തിരിക്കുന്ന വിധത്തില്‍ മാത്രമേ നാമ നിര്‍ദേശ പത്രികയിലും സ്ഥാനാര്‍ഥിയുടെ പേര് ചേര്ക്കാവുയെന്ന് കളക്ടര്‍ അറിയിച്ചു. പത്രികയില്‍ സ്ഥാനാര്‍ത്ഥിയും പ്രൊപ്പോസറും നിര്‍ബന്ധമായും ഒപ്പിടണം. ഫോറം 2എ പൂര്‍ണ്ണമായും പൂരിപ്പിക്കുകയും വേണം. സ്ഥാനാര്‍ത്ഥിയാകുന്ന വോട്ടറെ സമൂഹത്തിന് തിരിച്ചറിയുന്നതിന് എന്തെങ്കിലും പ്രത്യേക പേരുണ്ടെങ്കില്‍ അതും ബാലറ്റ് പേപ്പറില്‍ ചേര്‍ത്ത് അച്ചടിച്ച് വരണമെങ്കില്‍ പ്രത്യേക അപേക്ഷ നല്‍കണം. നാമനിര്‍ദേശ പത്രിക സമര്പ്പിക്കുന്നതിനോടൊപ്പമൊ സൂക്ഷമ പരിശോധനയ്ക്ക് ഹാജരാവുമ്പോഴൊ സ്ഥാനാര്‍ത്ഥിക്ക് ഈ അപേക്ഷ റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാത്ത കേസുകളില്‍ ഇക്കാര്യം പരിഗണിക്കില്ലെന്ന് കളക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: