മാന്‍ഡ്സോര്‍: നവരാത്രി വ്രതവും ദുര്‍ഗാപൂജയും പ്രാര്‍ത്ഥനയുമായി മുസ്ലിം വനിതയും. വര്‍ഷങ്ങളായി നവരാത്രി പൂജക്ക് എത്തുന്ന സുഹറാ ബിയുടെ പരിശ്രമ ഫലമായിട്ടാണ് ഇന്ദിരാനഗറില്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടത്. ദേവി സ്തുതികളുമായി എത്തുന്ന സുഹറാ ബി എട്ട് ദിവസം നിരാഹാര വ്രതമെടുക്കാറുണ്ടെന്നും ക്ഷേത്രസമിതി പ്രസിഡന്റ് ബെരുലാല് ബാര്ഹത് പറഞ്ഞു. ഇവരുടെ ഭക്തിയെ സമീപത്തുള്ള ഹിന്ദുക്കള്‍ മനസ്സ് നിറഞ്ഞ് പ്രകീര്‍ത്തിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ പത്ത് പതിനഞ്ച് വര്‍ഷമായി ദുര്‍ഗാദേവിയെ ആരാധിച്ച് വരുന്നതായി സുഹറാ ബി പറഞ്ഞു. വെറുതെ നിലത്തിരുന്നാണ് പ്രാര്‍ത്ഥിച്ച് വന്നിരുന്നത്. ഒരു രാത്രി സ്വപ്നത്തില്‍ ദുര്‍ഗാദേവി ദര്‍ശനം നല്‍കുകയും ക്ഷേത്രം നിര്‍മ്മിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തതായി ഇവര്‍ പറയുന്നു. ഒരു തൊഴിലാളിയായ ഇവര്‍ മാസം 4000 രൂപയാണ് സമ്പാദിച്ചിരുന്നത്. മൂന്ന് മക്കളുടെ മാതാവ് കൂടിയായ സുഹറ ക്ഷേത്രനിര്‍മ്മാണത്തിനായി ജനങ്ങളോട് സംഭാവന നല്കുവാന് അഭ്യര്‍ത്ഥിച്ചു.
കുറച്ച് ആളുകളുമായി ചേര്‍ന്ന് ക്ഷേത്രനിര്‍മ്മാണത്തിനായി ഒരു സൊസൈറ്റി രൂപീകരിക്കുകയും ചെയ്തു. സുഹറയുടെ ഭര്‍ത്താവ് ഇസ്മയില്‍ ഖാന് ഒരു വെല്‍ഡറാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലും ക്ഷേത്രനിര്‍മ്മാണത്തിനായി ഫണ്ട് സ്വരൂപിച്ചു. മൊത്തം ഫണ്ട് 27000 രൂപയായപ്പോള്‍ സ്ഥലം എംഎല്‍എ ഒരു ലക്ഷം രൂപ സംഭാവന നല്കി. അങ്ങനെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ദേവിയുടെ ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: