തിരുവല്ല: കോടതി ഉത്തരവിനെ തുടര്‍ന്ന് അംഗനവാടി കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധിച്ചു. നഗരസഭാ മുപ്പത്തിയെട്ടാം വാര്‍ഡിലെ മുത്തൂര്‍ മുപ്പത്തിയൊന്നാം നമ്പര്‍ അംഗനവാടി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടമാണ് ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ കോടതി ജീവനക്കാരുടെ നേതൃത്വത്തില്‍ പോലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചത്. കെട്ടിടം ഒഴിപ്പിച്ചതില്‍ പ്രതിഷേധിച്ച് കുട്ടികളും രക്ഷിതാക്കളും കോരിച്ചൊരിയുന്ന മഴയില്‍ മുത്തൂര്‍-ചുമത്ര റോഡ് ഉപരോധിച്ചു.
മുത്തൂര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അംഗനവാടി ഒഴിയണം എന്നാവശ്യപ്പെട്ട് കരയോഗം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കെട്ടിടം ഒഴിപ്പിക്കാന്‍ ഉത്തരവായത്. 2007ല്‍ എന്‍എസ്സ്എസ്സ് സമര്‍പ്പിച്ച ഹര്‍ജിയില്‍ 2010-ല്‍ അനുകൂലവിധി ഉണ്ടായിരുന്നു. എന്നാല്‍ കോടതിവിധിയെ ചോദ്യംചെയ്ത് ടീച്ചര്‍ വീണ്ടും അപ്പീല്‍ സമര്‍പ്പിച്ചു. 2012-ല്‍ അപ്പീല്‍ തള്ളിക്കൊണ്ട് കോടതി ഉത്തരവായി. വീണ്ടും മാതാപിതാക്കളില്‍ ചിലര്‍ സമര്‍പ്പിചച്ച പരാതികളെ തുടര്‍ന്ന് വിധി നടപ്പിലാക്കാന്‍ കഴിയാതെ നീണ്ടു പോകുകയായിരുന്നു. കെട്ടിടം ഒഴിപ്പിക്കുന്നതിനായി കഴിഞ്ഞ ആഴ്ച ആമീന്‍ അടക്കമുള്ള കോടതി ജീവനക്കാര്‍ എത്തിയെങ്കിലും ഒരാഴ്ചത്തെ അവധി ആവശ്യപ്പെട്ടതിനാല്‍ ഉത്തരവ് നടപ്പിലാക്കാതെ തിരിച്ചുപോയി. ഒരാഴ്ച കഴിഞ്ഞിട്ടും കെട്ടിടം ഒഴിയാന്‍ തയ്യാറാവാത്തതിനാലാണ് ഇന്നലെ പോലീസിന്റെ സഹായത്തോടെ കെട്ടിടം ഒഴിപ്പിച്ചത്.
കുട്ടികളും രക്ഷിതാക്കളും റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോയതെടെ എംഎല്‍എ ഇടപെട്ട് മുത്തൂര്‍ സ്കൂളില്‍ അംഗനവാടി തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: