കൊച്ചി : സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളെല്ലാം നേരത്തെതന്നെ അന്വേഷിച്ചു തള്ളിയത്. ആരോപിക്കപ്പെടുന്നതുപോലെ ഒരു വാടകക്കൊലയാളി ആലുവായിലെ ആശ്രമത്തിനുള്ളില്‍ ഒളിച്ചുകടക്കാനും തക്കം കിട്ടിയപ്പോള്‍ കൃത്യം നിര്‍വ്വഹിക്കാനുമുള്ള സാധ്യത വളരെക്കുറവാണ്. അദ്വൈതാശ്രമത്തില്‍ അപരിചിതരായവര്‍ക്ക് കടന്നുകൂടാനാവില്ല. മാത്രമല്ല സ്വാമിക്കൊപ്പം എപ്പോഴും സന്തതസഹചാരികളായ രണ്ടുപേരെങ്കിലും ഉണ്ടാകുകയും ചെയ്യും. സാഹചര്യത്തെളിവുകള്‍, ശാസ്ത്രീയ പരിശോധന, എന്നിവയിലെല്ലാം ഇപ്പോഴത്തെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞതാണ്.
അതേസമയം അന്ന് തങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടും അന്വേഷണം നടത്താനാകാതെപോയ ചില കാര്യങ്ങള്‍ ഈ കേസിലുണ്ടെന്ന് അന്വേഷണ സംഘത്തിന് നേതൃത്വം നല്കിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന് ജന്മഭൂമിയോട് വെളിപ്പെടുത്തി. ശാശ്വതീകാനന്ദയുടെ മേലുളള സ്വാധീനം ഉപയോഗിച്ച് ശിവഗിരിമഠവും എസ്.എന്‍ ട്രസ്റ്റും കൈക്കലാക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നതിന്റെ സൂചനയാണ് ഈ വെളിപ്പെടുത്തലിലൂടെ ലഭിക്കുന്നത്.
ഇപ്പോള്‍ അന്വേഷണം ആവശ്യപ്പെടുന്ന വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ക്രൈബ്രാഞ്ച് സംഘം ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാട്ടി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നതാണ്. എന്നാല്‍ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്.
സംസ്ഥാനത്ത് ഏറ്റവുമധികം സാമ്പത്തിക ആസ്തിയുള്ള പ്രസ്ഥാനങ്ങളിലൊന്നാണ് എസ്.എന്‍ ട്രസ്റ്റ്. ശിവഗിരി മഠാധിപതി തന്നെയാണ് ട്രസ്റ്റിന്റെ ചുമതലക്കാരനും. ശിവഗിരിമഠത്തെയും എസ്.എന്‍ ട്രസ്റ്റിനേയും മതേതര സ്ഥാപനമാക്കാന്‍ സ്വാമി ശാശ്വതീകാനന്ദയുടെ കാലത്ത് ശ്രമം നടന്നിരുന്നു. അബ്ദുള്‍ നാസര്‍ മദനിയുടെ നേതൃത്വത്തിലുള്ള മുസ്ലിം തീവ്രവാദ സംഘടനയായിരുന്നു ഇതിനു പിന്നില്‍. സിപിഎമ്മിന്റെ പിന്തുണയും ഇവര്‍ക്കുണ്ടായിരുന്നു. മദനിയുടെ ഗുണ്ടകള്‍ ശിവഗിരിയിലെ സന്യാസിമാരെ കൈയേറ്റം ചെയ്യുക വരെയുണ്ടായി.
ശിവഗിരി മഠത്തിന് സംരക്ഷണം നല്‍കാമെന്ന പേരില്‍ പിഡിപി നേതൃത്വം വന്‍തുക കൈപ്പറ്റിയതായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. തെറ്റ് മനസ്സിലാക്കിയ ശാശ്വതീകാനന്ദ പിന്നീട് ഇവരുമായുള്ള അടുപ്പം ഉപേക്ഷിച്ചു. ഇതിനെ തുടര്‍ന്ന് മുസ്ലിം തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്ന് ഭീഷണിയുള്ളതായി സ്വാമി അടുപ്പമുള്ള ചിലരോട് വെളിപ്പെടുത്തിയിരുന്നു. അന്വേഷണ സമയത്ത് ഇവര്‍ ഇക്കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.
പിഡിപിയുടെ നേതൃത്വത്തില്‍ ശിവഗിരിയില്‍ നടന്ന അട്ടിമറി ശ്രമത്തെപ്പറ്റിയും മറ്റും ക്രൈബ്രാഞ്ച് സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. എന്നാല്‍ ഈ ദിശയില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു സര്‍ക്കാരിന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: