മഹര്‍ഷിയുടെ വാക്കു പാലിച്ചുകൊണ്ട് കണ്ണുകള്‍ മൂടി വടുവിനോടൊപ്പം ജലാശയത്തിലേക്ക് പോയി. വെള്ളം കുടിക്കാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് ഭയങ്കരിയായ ഒരു പെണ്‍മുതല വായുംപൊളിച്ച് മാരുതിയെ വിഴുങ്ങാന്‍ അടുത്തപ്പോള്‍ ശ്രീരാമന്റെ അനുഗ്രഹത്താല്‍ ഹനുമാന് പെട്ടെന്ന് കണ്ണുകള്‍ തുറന്നു. തന്നെ ഭക്ഷിക്കാന്‍ വായ് പിളര്‍ന്നെത്തിയ മകരിയെ ഹനുമാന് കൈകള്‍കൊണ്ട് രണ്ടായി പിളര്‍ന്നു.
ഒരു മിന്നല്‍പോലെ അവളുടെ ആത്മാവ് ആകാശത്തേക്കുയര്‍ന്നു. അതൊരപ്സരസ്സായി മാറി. അവള് പറഞ്ഞു. ധന്യമാലി എന്ന അപ്സരസ്ത്രീയാണ് ഞാന്‍. മുമ്പ് ദുര്‍വാസാവിന്റെ ശാപം നിമിത്തം ഞാനൊരു മകരിയായി മാറി. ഇപ്പോള്‍ ശാപമോക്ഷം കൈവന്നിരിക്കുന്നു. മാത്രമല്ല രാക്ഷസനായ കാലനേമിയാണ് രാവണന്റെ നിര്‍ദ്ദേശപ്രകാരം അങ്ങയുടെ മാര്‍ഗ്ഗം മുടക്കുന്നതിന്നുവേണ്ടി ആശ്രമത്തില്‍ കപടതാപസനായിരിക്കുന്നതെന്ന സത്യവും അവള് ഹനുമാനോട് പറഞ്ഞു. അതുകൊണ്ട് അവനെ എത്രയുംപെട്ടെന്ന് വധിച്ച് ഔഷധങ്ങളുമായി ഉടന്‍ തിരിച്ചുപോകാനും അവള് നിര്‍ദ്ദേശിച്ചു.
സത്യം തിരിച്ചറിഞ്ഞ ബലത്തില്‍ ഹനുമാന് ആശ്രമത്തിലെത്തി. തന്റെ സമീപം തിരിച്ചെത്തിയ ഹനുമാനോട് സ്നേഹപൂര്‍വ്വം കാലനേമി ചോദിച്ചു. എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന്? ഹനുമാന് വാസ്തവമറിഞ്ഞിരിക്കുന്നു എന്ന വിവരം അവനറിഞ്ഞില്ല. എന്നാല്‍ ഇനി സമയം കളയാതെ ഞാന്‍ മൂലമന്ത്രോപദേശം നല്കുന്നതാണെന്നറിയിച്ചു. എന്നാല്‍ മൂലമന്ത്രം ഉപദേശിക്കാന്‍ തുനിഞ്ഞ കാലനേമിയെ ഹനുമാന് മുഷ്ടികൊണ്ട് ശിരസ്സിലടിച്ച് കൊന്നു.
കാലനേമിയെ കാലപുരിക്കയച്ചശേഷം മാരുതി ഋഷഭാദ്രിയിലേക്ക് തിരിച്ചു. മല കണ്ടെങ്കിലും മരുന്ന് കണ്ടെത്താന്‍ കഴിയാത്തതുമൂലം കുപിതനായ മാരുതി പര്‍വ്വതത്തെത്തന്നെ പൊക്കിയെടുത്ത് ലങ്കക്ക് തിരിച്ച് ശ്രീരാമന്റെ തിരുമുമ്പില്‍ വെച്ചു.
വാനരസൈന്യം ഉണര്‍ന്നെഴുന്നേറ്റതോടെ ശ്രീരാമന് മാത്രമല്ല എല്ലാവരും ആനന്ദിച്ചു. ഹനുമാന് പൊക്കിയെടുത്തുകൊണ്ടുവന്ന പര്‍വതത്തെ പഴയസ്ഥലത്തുതന്നെ കൊണ്ടുവെക്കണമെന്നും അല്ലാത്തപക്ഷം രാക്ഷസന്മാരെ വധിക്കാന്‍ കഴിയുന്നതല്ലെന്നും രാമന് പറഞ്ഞു. ഇപ്പോള്‍ മരിച്ചുവീണ രാക്ഷസസൈന്യങ്ങളുടെ ശവമെല്ലാം അപ്പപ്പോള്‍ കടലിലിട്ടിരുന്നതുകൊണ്ട് ഔഷധിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും അവരാരും ജീവിച്ചില്ല.
ശ്രീരാമപക്ഷത്ത് അന്തരീക്ഷം തെളിഞ്ഞതോടെ യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങാനായി സുഗ്രീവനും, അംഗദനും വാനരപ്പടക്ക് ആജ്ഞ നല്കി. ഇനി ആരും കോട്ടയുടെ പുറത്ത് നില്‍ക്കേണ്ടതില്ല. എല്ലാവരും മതിലുകള്‍ തകര്‍ത്ത് അകത്ത് പ്രവേശിച്ച് വീടുകള്‍ക്കെല്ലാം തീവെക്കുക. മരങ്ങളെല്ലാം മുറിച്ചിടുക കൂപതടാകങ്ങളും മൂടുക. ഗോപുരദ്വാരം വരെയുള്ള കിടങ്ങുകള്‍ നിരത്തുക. ഒരു മാതിരിയുള്ള രാക്ഷസപ്പടകള്‍ ചത്തുകഴിഞ്ഞു. ഇനിയും ഉള്‍ക്കരുത്തുള്ള ആരെങ്കിലും വീടുകളിലുണ്ടെങ്കില്‍ അഗ്നിയുടെ ചൂട് സഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ എല്ലാം പുറത്തുചാടും. അപ്പോള്‍ അവരെ തിരഞ്ഞുപിടിച്ച് കാലപുരിക്കയക്കുക.
സുഗ്രീവാജ്ഞ കേട്ടതും വാനരന്മാര് ലങ്കക്കാകമാനം തീവെച്ചു. രാജഗൃഹങ്ങളും, മണിമാളികകളും ആയുധശാലകളും വീടുകളും എല്ലാം അഗ്നിക്കിരയാക്കി. രാക്ഷസന്മാര് മുറവിളികൂട്ടി. വാനരന്മാര് ആര്‍ത്തുവിളിച്ചു. രാമന് ഞാണൊലിയിട്ടു. സര്‍വത്ര കോലാഹലം കത്തിയെരിയുന്ന മന്ദിരങ്ങളുടെ പ്രഭകൊണ്ട് രാത്രി പകല്‍പോലെ പ്രകാശമുള്ളതായി തീ പിടുത്തത്തില്ഭയാക്രാന്തരായ ലങ്കാനിവാസികള്‍ ആ രാത്രി കാളരാത്രിപോലെ ഒരുവിധത്തില്‍ തള്ളിനീക്കി.
എന്തുചെയ്യണമെന്നറിയാതെ ചിന്തിതനായിത്തീര്ന്ന രാവണന് കുംഭകര്‍ണ്ണന്റെ മൂത്തപുത്രനായ കുംഭനോട് യുദ്ധഭൂമിയില്‍ പോകാന്‍ ആജ്ഞാപിച്ചു. കുംഭനോടാണ് യുദ്ധത്തിന്നു പോകാന്‍ രാവണന് നിര്‍ദ്ദേശിച്ചതെങ്കിലും കുംഭന്റെ അനുജനായ നികുംഭന് യുദ്ധത്തിനു പോകാനായി മുമ്പെ പുറപ്പെട്ട് കഴിഞ്ഞിരുന്നു. നികുംഭന്റെ പിന്നാലെ കുംഭനും പ്രജഘനും യൂപാക്ഷനും ശോണിതാക്ഷനും കബനനും വലിയ പടയോടുകൂടി യുദ്ധത്തിനായി പുറപ്പെട്ടു.
ഉഗ്രമായ ഏറ്റുമുട്ടലില്‍ രാക്ഷസന്മാരും വാനരന്മാരും പരസ്പരം കൊന്നൊടുക്കാന്‍ തുടങ്ങി. കമ്പനന്‍ ശരംകൊണ്ട് വാനരന്മാരെ മുറിവേല്പിച്ചുകൊണ്ട് മുന്നേറിവന്നു. ഇതുകണ്ട അംഗദന് കമ്പനുമായി എതിരിടുകയും കമ്പനെ വധിക്കുകയും ചെയ്തു.
കമ്പനെ അംഗദന് വധിച്ചതുകണ്ട് പ്രജംഘനും യുപാക്ഷനും ശോണിതാക്ഷനും ഒരുമിച്ച് അംഗദനെ എതിരിട്ടു. മൂന്നുപേരോടും ഒരേസമയം യുദ്ധംചെയ്തുകൊണ്ടിരുന്ന അംഗദന് ക്ഷീണിതനായി. അതുകണ്ട് അംഗദന്റെ സഹായത്തിനായി മൈന്ദനും വിവിദനും അടുത്തെത്തി അവരെ നേരിട്ടു. മൂവരുംകൂടി മൂന്നുപേരേയും വധിച്ചുകളഞ്ഞു.
രാക്ഷസ നായകന്മാര് നാലുപേരും വധിക്കപ്പെട്ടതോടെ ശരമാരി തൂകിക്കൊണ്ട് കുംഭന്‍ കടന്നുവന്നു. വാനരന്മാര് ഭയന്നു. ഈ സമയത്ത് സുഗ്രീവന് കുംഭന്റെ തേരിലേക്ക് ചാടിവീഴുകയും അവന്റെ വില്‍ ഒടിച്ചുകളയുകയും ചെയ്തു. രണ്ടുപേരും മുഷ്ടിയുദ്ധം ആരംഭിച്ചു. സുഗ്രീവന് പൊടുന്നനെ കുംഭനെയെടുത്ത് കടലിലേക്കെറിഞ്ഞു. കടലില്‍ ചെന്നുവീണ കുംഭന്‍ ആ കടലിനെ ഇളക്കിമറിച്ചെന്നപോലെ വര്‍ദ്ധിച്ച കോപത്തോടെ കയറിവന്നു. കുംഭന്‍ വീണ്ടും എത്തിയപ്പോള്‍ സുഗ്രീവന് അവനെ തലക്കടിച്ച് കൊലപ്പെടുത്തി.
കുംഭന്‍ വധിക്കപ്പെട്ടതു കണ്ടപ്പോള്‍ നികുംഭന് പ്രതികാരദാഹത്തോടും വീറോടും രണഭൂമിയില്‍ പാഞ്ഞെത്തി. ജ്യേഷ്ഠനെ കൊന്ന സുഗ്രീവന്റെ കഥ കഴിക്കാനായി നികുംഭന് ഇരുമ്പുലക്കയുമായി അലറിക്കൊണ്ട് പാഞ്ഞെത്തി. ആ സമയത്ത് സുഗ്രീവനെ പിന്നിലേക്ക് തള്ളിമാറ്റി മാരുതി നികുംഭനെ നേരിട്ടു. മാരുതി നികുംഭന്റെ മാറില്‍ ഊക്കോടെ അടിക്കുകയും അവനെ കൊല്ലുകയും ചെയ്തു. ശേഷിച്ച രാക്ഷസന്മാര് കൂട്ടത്തോടെ ലങ്കയിലേക്ക് പാലായനം ചെയ്യുകയും രാവണനെ വിവരമറിയിക്കുകയും ചെയ്തു. വീരന്മാരായ മുഖ്യ സേനാനായകന്മാര് കൊല്ലപ്പെട്ട വിവരമറിഞ്ഞപ്പോള്‍ രാവണന് ഉള്ളില്‍ ഭയംതോന്നിയെങ്കിലും വീറോടുകൂടിത്തന്നെ യുദ്ധം തുടരാന്‍ രാവണന് തീരുമാനിച്ചു. രാവണന് ഖരപുത്രനായ മകരാക്ഷനോട് രാമാദികളെ ഉടന്‍ വകവരുത്തി വരുവാന്‍ അജ്ഞാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: