ഷീനാ സതീഷ്
തിരുവനന്തപുരം: വനിതാ മേയര്‍ അഞ്ചു കൊല്ലം ഭരിച്ച, 53 വനിതാ കൗണ്‍സിലര്‍മാരുള്ള തിരുവനന്തപുരം നഗരസഭയില്‍ സ്ത്രീകള്‍ക്കായി സ്വയംതൊഴില്‍ സംരംഭമോ ഗ്രൂപ്പുതല സഹായമോ ഇല്ലെന്നത് സ്ത്രീവോട്ടര്‍മാര്‍ക്കുതന്നെ അപമാനമാണ്.
സ്വയംതൊഴില്‍ സംരംഭത്തിനെന്ന പേരില്‍ സ്ത്രീകളില്‍ നിന്ന് ഫോറം പൂരിപ്പിച്ചു വാങ്ങുകമാത്രമാണ് ഈ അഞ്ചുവര്‍ഷക്കാലം ചെയ്തിരുന്നത്. പിന്നാക്കാവസ്ഥയ്ക്ക് മാറ്റംവരും എന്ന പ്രതീക്ഷയില്‍ കഴിഞ്ഞ സ്ത്രീകള്‍ക്കെല്ലാം നിരാശയായിരുന്നു ഫലം. സ്ത്രീകള്‍ക്കായി നഗരസഭയുടേതായ ഒരു വ്യവസായ സംരംഭംപോലും ആരംഭിക്കാന്‍ നഗരസഭയ്ക്കായില്ലെന്നത് ലജ്ജാകരമാണ്. സ്ത്രീ പെരുമ ഉദ്ഘോഷിക്കുന്ന നഗരസഭയില്‍ അവസാന കൗണ്‍സില്‍ യോഗത്തില്‍ കണ്ടത് സ്ത്രീകള്‍ തമ്മിലുള്ള പൊരിഞ്ഞ പോരാണ്.
സ്ത്രീകള്‍ക്കായി ആകെ നടപ്പാക്കിയെന്ന് അവകാശപ്പെടാവുന്നത് കേന്ദ്രസര്‍ക്കാരിന്റെ വിധവാ ക്ഷേമ പെന്ഷന് പദ്ധതി മാത്രമാണ്. സാമൂഹ്യ സുരക്ഷാ പദ്ധതിയിന്‍കീഴില്‍ 50 വയസു കഴിഞ്ഞ വിധവകള്‍ക്കും അവിവാഹിതരായ സ്ത്രീകള്‍ക്കുമാണ് ഇതിന്റെ ആനുകൂല്യം ലഭിച്ചത്. 50 വനിതകളെ നയിച്ച വനിതാ മേയര്‍ അഞ്ചു കൊല്ലം നഗരസഭയെ നയിച്ചിട്ടും നഗരത്തിലെ സ്ത്രീകളുടെ പിന്നാക്കാവസ്ഥ ഇന്നും തുടരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമിട്ട് സൗജന്യപഠനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ ഈ ഫണ്ട് വിനിയോഗിക്കാന്‍ പോലും നഗരസഭയ്ക്കായില്ല.
രണ്ടു തവണയായി സമൂഹ വിവാഹത്തിലൂടെ അഞ്ചു പെണ്‍കുട്ടികളെ മംഗല്യവതികളാക്കി എന്ന നഗരസഭയുടെ അവകാശ വാദത്തിനും പ്രസക്തിയില്ല. പാവപ്പെട്ട കുടുംബശ്രീ അംഗങ്ങളില്‍ നിന്ന് 50 രൂപാ വീതം പിരിച്ചാണ് വിവാഹം നടത്തിയത്. ഇതിനായി പിരിച്ച തുകയുടെ കണക്കുപോലും ഇതുവരെ നഗരസഭ അവതരിപ്പിച്ചിട്ടില്ല.
കാന്‍സര്‍, കരള്‍രോഗം, വൃക്കത്തകരാര്‍ തുടങ്ങിയ രോഗങ്ങളാല്‍ ശയ്യാവലംബികളായ വനിതകള്‍ക്കായി പ്രത്യേക ആശ്വാസപദ്ധതിയൊന്നും തന്നെ നഗരസഭ മുന്‍കൈയെടുത്തു നടത്തിയിട്ടില്ല. അതാത് വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരും റസിഡന്റ്സ് അസോസിയേഷനും സന്നദ്ധ സംഘടനകളും സംയുക്തമായി നല്കിയ ചികിത്സാ ധനസഹായം മാത്രമാണ് ഇവരില്‍ കുറച്ചുപേര്‍ക്കെങ്കിലും ലഭിച്ചത്. പെണ്മക്കളുടെ വിവാഹം, ഉന്നത വിദ്യാഭ്യാസ ധനസഹായം, പ്രവേശന പരീക്ഷകള്‍ക്കുള്ള സഹായം തുടങ്ങിയവയൊന്നും നഗരസഭ ഏറ്റെടുത്തു നടത്തിയിട്ടില്ല. ഏതു പ്രശ്നം വന്നാലും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും കഴിവുകേടായി ചിത്രീകരിക്കാന്‍ നഗരമാതാവിന് നൂറു നാവാണ്. നഗരത്തിലെ സ്കൂളുകളിലും കോളേജുകളിലും നാപ്കിന് വൈന്‍ഡിംഗ് മെഷീന് സ്ഥാപിക്കും എന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതി ഒരു സ്കൂളില്‍ ഉദ്ഘാടനം ചെയ്തതോടെ സമാപനമായി. ഉദ്ഘാടനം കഴിഞ്ഞ് പത്രത്തില്‍ പടവും വന്ന് ഒരു ഫഌക്സ് ബോര്‍ഡും വച്ചുകഴിഞ്ഞാല്‍ പിന്നെ ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഷീ ടോയ്ലറ്റുകളില് 90 ശതമാനവും അറ്റകുറ്റപ്പണി ചെയ്യാതെ ഉപയോഗശൂന്യമായിക്കഴിഞ്ഞു. സാധാരണക്കാരായ സ്ത്രീകള്‍ക്കുവേണ്ടി ക്ഷേമ പെന്ഷന് നല്‍കാനുള്ള തുകയില്‍ വളരെ കുറച്ചുപേര്‍ക്കുമാത്രമാണ് നഗരസഭ അനുവദിച്ചത്. നഗരസഭയില്‍ നിന്ന് ക്ഷേമ പെന്‍ഷനുകള്‍ക്കുള്ള അപേക്ഷകള്‍ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ലഭിക്കാത്തതാണ് പെന്ഷന് നല്കാന് തടസമെന്ന് ഫിനാന്‍സ് കമ്മറ്റി അറിയിച്ചു.
നഗരസഭയുടെ അവസാന കൗണ്‍സില്‍ യോഗത്തില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും നിയമം പഠിച്ച വനിതാ മേയര്‍ തയ്യാറാകാതെ വനിതാ കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. മുന്‍സിപ്പല്‍ ആക്ട് അനുസരിച്ച് കൗണ്‍സിലര്‍ നിയമലംഘനം നടത്തിയാല്‍ ആദ്യം കൗണ്‍സില്‍ യോഗത്തില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെടണം. അതിനുശേഷമേ സസ്പെന്‍ഡ് ചെയ്യാന്‍ അവകാശമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: