കാഞ്ഞങ്ങാട്: വിജയാബാങ്കില്‍ നിന്നും ലത്തീഫും കൂട്ടരും കവര്‍ച്ച ചെയ്ത് സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം സൂക്ഷിച്ചത് ചേരൂര്‍ കടവത്തെ പഴയ ഇരുനില വീട്ടില്‍. അതും വീട്ടുകാര്‍ അറിയാതെ. ഓട് മേഞ്ഞ വീടിന്റെ മച്ചിന് പുറത്ത് ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ചുവെച്ചിരുന്നത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ആഭരണങ്ങള്‍ സൂക്ഷിച്ച സ്ഥലങ്ങള്‍ കാട്ടിക്കൊടുത്തത്. ശനിയാഴ്ച വൈകുന്നേരം ചെര്‍ക്കള ബേര്‍ക്കയിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ പൊട്ടക്കിണര്‍ മാത്രമെ മുഖ്യപ്രതി ലത്തീഫ് പൊലീസിന് കാട്ടിക്കൊടുത്തിരുന്നുള്ളു. കവര്‍ച്ചയില്‍ ലത്തീഫിന്റെ സഹായി കാഞ്ഞങ്ങാട് പഴയ ആര്‍ടിഒ ഓഫീസിന് സമീപം കാര്‍ ആക്സസറി ഷോപ്പ് നടത്തുന്ന ബേര്‍ക്കയിലെ മനാഫിനെ ചോദ്യം ചെയ്തതോടെയാണ് ബാക്കി സ്വര്‍ണ്ണാഭരണങ്ങള്‍ ചേരൂര്‍ കടവത്തെ ഒരു വീട്ടില്‍ ഒളിച്ചുവെച്ച കാര്യ പോലീസിനോട് പറയുന്നത്. ഇന്നലെ രാവിലെ പത്തരമണിയോടെ ഡി.വൈ.എസ്.പി ഹരിശ്ചന്ദ്രനായ്കിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ബാങ്ക് അധികൃതരുടെ സാന്നിധ്യത്തില്‍ തന്നെ ആഭരണങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ ഒരു തറവാട് വീടിന്റെ തട്ടിന്‍പുറത്താണ് ആഭരണങ്ങള്‍ ഉണ്ടായിരുന്നത്. മനാഫിന്റെ അകന്ന ബന്ധുവിന്റെ വീടാണിത്. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമില്ലെങ്കിലും വല്ലപ്പോഴും അതുവഴി പോകുമ്പോള്‍ എത്താറുണ്ട്. തറവാട് വീടിന്റെ പിറകിലെ അടുക്കള വാതില്‍ പൊളിഞ്ഞതിനാല്‍ പൂട്ടിയിടാറില്ല. വീട്ടുകാരറിയാതെ പകല്‍ നേരത്ത് അകത്ത് കയറി തട്ടിന് പുറത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ സൂക്ഷിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. പകല്‍ പ്രായമായ ഉമ്മ മാത്രമെ വീട്ടിലുണ്ടാകാറുള്ളു. മനാഫിനെയും കൂട്ടി പൊലീസ് സംഘം തട്ടിന് പുറത്ത് നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കണ്ടെടുത്തതോടെയാണ് വീട്ടുകാര്‍ സംഭവമറിയുന്നത്. പ്രതികളെയും കൊണ്ട് അന്വേഷണ സംഘം പത്രസമ്മേളനത്തിനായി കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലെത്തുന്നതറിഞ്ഞ് വന്‍ ജനാവലിയാണ് പരസരത്ത് തടിച്ചുകൂടിയത്. പ്രതികളുടെ ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള തിരക്കായിരുന്നു പലര്‍ക്കും. കവര്‍ച്ച നടന്ന് ഒരാഴ്ചക്കുള്ളില്‍ പ്രധാന പ്രതികളെയും കവര്‍ച്ചാ മുതലും കണ്ടെടുത്തത് എസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പൊന്‍ തൂവലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: