കണ്ണൂര്‍: മുഖ്യമന്ത്രി പ്രഖ്യാപിച്ച പയ്യന്നൂര്‍ താലൂക്ക് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റവന്യുവകുപ്പ് മന്ത്രി അടൂര്‍ പ്രകാശ്. പയ്യന്നൂരില്‍ മിനി സിവില്‍ സ്റ്റേഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പല സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന പയ്യന്നൂരിലെ സര്‍ക്കാര്‍ ഓഫീസുകളെ ഒരുമിച്ച് ഒരു കുടക്കീഴില് കൊണ്ടുവരിക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മിനിസിവില്‍ സ്റ്റേഷന് പയ്യന്നൂരിന്റെ ദീര്‍ഘനാളത്തെ സ്വപ്നമായിരുന്നു.
2011 ഫെബ്രവരിയില്‍ ആരംഭിച്ച കെട്ടിടനിര്‍മാണം 2015 മാര്‍ച്ചോടെയാണ് പൂര്‍ത്തീകരിക്കപ്പെട്ടത്. പതിനൊന്നോളം സര്‍ക്കാര്‍ ഓഫീസുകളാണ് 2264 സ്ക്വയര്‍ മീറ്ററിലുള്ള ഈ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക മൂന്നു നിലയിലുള്ള ഈ ഓഫീസില്‍ ഒരു കോണ്‍ഫറന്‍സ് ഹാളും 11 ഓഫീസുകളും പ്രവര്‍ത്തിക്കും.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഇന്ത്യയിലെതന്നെ ആദ്യത്തെ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കണ്ണൂരില്‍ ഇനിയും അയ്യായിരത്തോളം അപേക്ഷകള്‍ വന്നിട്ടുണ്ടെന്നും അര്‍ഹരായ എല്ലാ അപേക്ഷകരെയും പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് പട്ടയം നല്കിയ ആദ്യ സര്‍ക്കാരാണിത്. 1,44252 പേര്‍ക്കാണ് ഇതുവരെ പട്ടയം നല്‍കിയത്. ലിംക ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം നേടിയ റവന്യൂ മന്ത്രിക്ക് കണ്ണൂര്‍ ജില്ലയുടെ പേരിലുള്ള ഉപഹാരം കളക്ടര്‍ സമ്മാനിച്ചു.
ചടങ്ങില്‍ സി.കൃഷ്ണന് എംഎല്‍എ അധ്യക്ഷത വഹിച്ചു കണ്ണൂര്‍ എംപി പി.കെ.ശ്രീമതി മുഖ്യാതിഥിയായി. കലക്ടര്‍ പി.ബാലകിരണ്‍ സ്വാഗതവും എഡിഎം ഒ.മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു. പയ്യന്നൂര്‍ നഗരസഭാദ്ധ്യക്ഷ കെ.വി.ലളിത, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.വി.ഗൗരി, സബ്ബ് കളക്ടര്‍ നവജോത് ഖോസ ജില്ലാ പഞ്ചായത്തംഗങ്ങളായ ഇ.പി.കരുണാകരന്, കെ.സത്യഭാമ, എം.കുഞ്ഞിരാമന്, പയ്യന്നൂര്‍ നഗരസഭ മുന്‍ ചെയര്മാന് ജി.ഡി.നായര്‍, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: