മട്ടന്നൂര്‍: കൊളപ്പയില്‍ മാലിന്യക്കൂമ്പാരത്തിനിടയില്‍ പൊട്ടിയത് സിപിഎമ്മുകാര്‍ വയോജന കേന്ദ്രത്തില്‍ സൂക്ഷിച്ച ബോംബുകള്‍. കഴിഞ്ഞദിവസമാണ് കൊളപ്പയിലെ വയോജന വിശ്രമ കേന്ദ്രത്തിന് സമീപം കൂട്ടിയിട്ട മാലിന്യക്കൂമ്പാരത്തിന് തീയിടുന്നതിനിടയില്‍ സ്ഫോടനമുണ്ടായത്. മട്ടന്നൂര്‍ ഹൈസ്കൂള്‍ റിട്ട അധ്യാപകന് സി.കെ.രാഘവന് നമ്പ്യാര്‍(72), ഷൈലജ(51) എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു. വയോജന ദിനാചരണത്തിന്റെ ഭാഗമായി കാരണവര്‍ ദിനം ആചരിക്കുന്നതിനായി വിശ്രമകേന്ദ്ര പരിസരം വൃത്തിയാക്കി മാലിന്യക്കൂമ്പാരത്തിന് തീയിട്ടപ്പോഴാണ് സ്ഫോടനമുണ്ടായതെന്ന് സിപിഎം കേന്ദ്രമായ കൊളപ്പയില്‍ പ്രചരിപ്പിക്കുന്നുണ്ടെങ്കിലും അതല്ല, വയോജന കേന്ദ്രത്തിലെ സ്റ്റോര്‍ മുറിയില്‍ സൂക്ഷിച്ച ബോംബ് അറിയാതെ മാലിന്യക്കൂമ്പാരത്തോടൊപ്പം ഇട്ടപ്പോഴാണ് പൊട്ടിയതെന്നാണ് യാഥാര്‍ത്ഥ്യം. കൂടാളി പഞ്ചായത്തിന്റെ അധീനതയിലുള്ള വയോജന കേന്ദ്രം 2011 ലാണ് ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഏതാനും വര്‍ഷമായി ഈ വയോജന കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നില്ല. ഇതിന്റെ താക്കോല്‍ പ്രദേശത്തെ സിപിഎമ്മുകാരാണ് സൂക്ഷിച്ചിരുന്നത്. ഇത് സിപിഎമ്മുകാര്‍ക്ക് യഥേഷ്ടം തുറന്ന് ഉപയോഗിക്കാന്‍ അവസരമൊരുക്കിയിരുന്നു. അടുത്ത കാലത്ത് നാട്ടുകാര്‍ കൊളപ്പ വയോജന കേന്ദ്രം എന്ന പേരില്‍ യൂണിറ്റുണ്ടാക്കി വയോജന കേന്ദ്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്തിന് അപേക്ഷ സമര്‍പ്പിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ കയ്യില്‍ നിന്നും വയോജന കേന്ദ്രത്തിന്റെ അധീശത്വം നഷ്ടപ്പെടുമെന്ന് മനസ്സിലാക്കി സിപിഎം പ്രാദേശിക നേതൃത്വം പരിക്കേറ്റ രാഘവന് നമ്പ്യാരെ മുന്‍നിര്‍ത്തി വയോജന സാംസ്കാരിക വേദി എന്ന പേരില്‍ അടുത്തിടെയാണ് വയോജന കേന്ദ്രം തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയത്. ബോംബ് സ്ഫോടനമുണ്ടായി നിമിഷങ്ങള്‍ക്കകം നൂറില്‍പ്പരം സിപിഎമ്മുകാര്‍ സംഭവസ്ഥലത്ത് എത്തിച്ചേരുകയും പാര്‍ട്ടിക്കാരല്ലാത്തവരെ സംഭവസ്ഥലത്ത് അടുപ്പിക്കാതിരിക്കുകയും ചെയ്തു. കെട്ടിടത്തിന്റെ തറയിലും മറ്റും തെറിച്ചുവീണ രക്തത്തുള്ളികള്‍ തുടച്ചുമാറ്റുകയും സ്ഫോടനാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തത് പൊട്ടിയത് സിപിഎമ്മുകാര്‍ വയോജന കേന്ദ്രത്തില്‍ സൂക്ഷിച്ച ബോംബാണെന്നതിന് അടിവരയിടുന്നു. ഫോറന്‍സിക് വിഭാഗം വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തി. നാടന്‍ ബോംബാണ് പൊട്ടിയതെന്നാണ് പ്രാഥമിക നിഗമനം. പരിശോധയില്‍ ലഭിച്ച അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞമാസം ശ്രീകൃഷ്ണ ജയന്തി പരിപാടിയില്‍ പങ്കെടുത്തതിന്റെ പേരില്‍ സിപിഎം വിട്ട് സംഘപരിവാര്‍ സംഘടനകളില്‍ ചേര്‍ന്ന ഒരാളെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
സിപിഎം കേന്ദ്രത്തിലുണ്ടായ സ്ഫോടനം തേച്ചുമാച്ചു കളയാനുള്ള നീക്കം എന്തു വിലകൊടുത്തും നേരിടുമെന്നും ബിജെപി കൂടാളി പഞ്ചായത്ത് കമ്മറ്റി മുന്നറിയിപ്പ് നല്കി. പി.ചെന്താരമരാക്ഷന് അധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: