തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പരിസരം ഇന്നലെ രാവിലെ രണ്ടുമണിക്കൂര്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍. ശ്വാസമടക്കിപ്പിടിച്ച് ജില്ലാ ഭരണകൂടവും പോലീസും. എസ്എഫ്ഐ പഠിപ്പുമുടക്കുള്ളതിനാല്‍ സംഘര്‍ഷം കണക്കിലെടുത്ത് സെക്രട്ടേറിയറ്റ് സമരഗേറ്റില്‍ ജലപീരങ്കിയും സേനയെയും വിന്യസിച്ച് സമരക്കാരെ കാത്ത് പോലീസ് നില്‍ക്കുമ്പോഴാണ് ചെങ്ങറ സമരക്കാര്‍ പണിപറ്റിച്ചത്.
ഭൂമി പതിച്ച് നല്‍കിയതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവന്ന സമരം 761 ദിവസമായിട്ടും പരിഹരിക്കപ്പെടാത്തതിനാലാണ് സമരം അപ്രതീക്ഷിതമായി ആത്മഹത്യാഭീഷണിയുടെ രൂപത്തില്‍ കൂറ്റന്‍ മരത്തിനു മുകളിലേക്ക് മാറ്റിയത്. രാവിലെ 10.30 മണിയോടെ ചെങ്ങറ സമരസമിതി സെക്രട്ടറി സുഗതന് പാറ്റൂരിനോടൊപ്പം കേശവന്, പ്രകാശന് എന്നിവരായിരുന്നു മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. സെക്രട്ടേറിയറ്റിനു മുകളില്‍ പാറിപ്പറക്കുന്ന ദേശീയ പതാകയുടെ ഉയരത്തിനും മുകളിലായിരുന്നു ആത്മഹത്യക്കാര്‍.
പോലീസ് തിരികെ ഭീഷണിപ്പെടുത്തിയപ്പോള്‍ മരത്തില്‍ കയറിയവര്‍ കഴുത്തില്‍ കുരുക്കിട്ടു. മുകളില്‍ കയറിയവര്‍ക്ക് പിന്തുണയുമായി താഴെയുള്ള സമരസമിതിയിലെ സ്ത്രീകള്‍ ഉള്‍പ്പെടയുള്ളവരുടെ അത്യുച്ചത്തിലുള്ള മുദ്രാവാക്യം വിളിയും. ഫയര്‍ഫോഴ്സിനെ വിവരം അറിയച്ചതിനെ തുടര്‍ന്ന് ഫയര്‍ ആന്റ് റെസ്ക്യൂ എത്തി സേഫ്റ്റി എയര്‍ കുഷന് മരത്തിനു ചുവട്ടിലായി സ്ഥാപിച്ചു. കന്റോണ്‍മെന്റ് എസി സുരേഷ്കുമാര്‍ സമരസമിതി കണ്‍വീനര്‍ കരകുളം സത്യകുമാറുമായി സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന അവസ്ഥയായപ്പോള്‍ ഉന്നത പോലീസ് മേധാവികള്‍ കൂട്ടത്തോടെ പ്രതിഷേധക്കാര്‍ക്കു മുന്നിലെത്തി.
വിവരം അറിഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ചാനലുകളില്‍ തത്സമയസംപ്രേഷണം. ആത്മഹത്യ നേരിട്ടു കാണാന്‍ ജനസമുദ്രം സെക്രട്ടേറിയറ്റിനു മുന്നില്‍. പഠിപ്പു മുടക്കായതോടെ കയ്യടിയും ആര്‍പ്പുവിളികളുമായി വിദ്യാര്‍ഥികളും. ബസ്സില്‍ പോകുന്നവരുടെ നോട്ടവും മരത്തിനു മുകളിലേക്ക്. ഇതിനിടിയില്‍ സെല്‍ഫിയെടുക്കാനും തിരക്ക്. പ്രദേശമാകെ ഗതാഗതക്കുരുക്കും.
ദല്‍ഹിയില്‍ സമരം നടത്തി പോലീസ് നോക്കിനില്‍ക്കെ കര്ഷകന് ആത്മഹത്യചെയ്ത സംഭവം ഓര്‍മിച്ചെടുക്കുകയായിരുന്നു പോലീസ്. വിവരം അറിയിച്ചതിനെ തുടര്‍ന്ന് കളക്ടര്‍ ബിജുപ്രഭാകര്‍ സ്ഥലത്തെത്തി സമരക്കാരോട് ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ചര്‍ച്ച നടത്തേണ്ട സമരസമിതി നേതാവാകട്ടെ മരക്കൊമ്പിലും. മരത്തിനുമുകളിലും ചര്‍ച്ചനടത്താമെന്നവസ്തുത നേരത്തെ മനസ്സിലാക്കിയിരുന്ന സമരസമിതി നേതാവ് സുഗതന് പാറ്റൂര്‍ മൊബൈല്‍ ഫോണുമായാണ് മരത്തില്‍കയറിയത്. ഇത് കളക്ടര്‍ക്ക് ആശ്വാസമായി.
ജില്ലയില്‍ പതിച്ചുനല്‍കാ ന് ഭൂമി ഇല്ലെന്നായിരുന്നു കളക്ടറുടെ നിലപാട്. ജില്ലയിലെ സര്‍ക്കാര്‍ഭൂമിയുടെ പട്ടിക നല്കാമെന്നായി സമരസമതി കണ്‍വീനര്‍ കരകുളം സത്യകുമാര്‍. കളക്ടര്‍ സുഗതനോട് മൊബൈലിലൂടെ സംസാരിച്ചു. കൊച്ചുകുട്ടിയോടൊന്നപോലെ പരിഹാരമുണ്ടാക്കാം, ഒന്നിറങ്ങിവരൂ എന്നായി കളക്ടറുടെ അഭ്യര്‍ഥന. ഉറപ്പ് ലഭിച്ചതോടെ മുകളില്‍ കയറിയവര്‍ ഇറങ്ങാമെന്നായി. ഇതിനിടെ ഫയര്‍ഫോഴ്സ് കോവണി വച്ചു. കെഎസ്ഇബിക്കാര്‍ ഏരിയല്‍ലിഫ്റ്റും ഘടിപ്പിച്ചു. അതുവഴി ഇറങ്ങണമെന്ന് ആവശ്യം.
മുകളില്‍ കയറിയപോലെ ഇറങ്ങാനറിയാമെന്ന് സമരക്കാര്‍. 12 മണിയോടെ മുകളില്‍ കയറിയവര്‍ താഴെയിറങ്ങി. ആശ്വാസത്തോടെ ജില്ലാ ഭരണകൂടവും പോലീസും. നേരെ ചര്‍ച്ചയ്ക്കായി കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക്. അങ്ങനെ 761 ദിവസം സമരംനടത്തിയിട്ടും പരിഹാരമാകാത്തത് ഒന്നരമണിക്കൂര്‍ കൊണ്ട് പരിഹരിക്കാന്‍ സമരസമിതിക്കായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: