ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ വിജയ ബാങ്കിന്റെ സ്ലാബ് തുരന്ന് അകത്തുകടന്ന കവര്‍ച്ചാ സംഘത്തിന് മൂന്ന് ലോക്കറില്‍ ഒന്നു മാത്രമേ തുറക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്ന് ബാങ്ക് മാനേജര്‍ കണ്ണൂര്‍ സ്വദേശി പി.കെ.ചന്ദ്രന് പോലീസിന്റെ സാന്നിധ്യത്തില്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
ബാങ്കില്‍ മൊത്തം മൂന്ന് ലോക്കറുകളിലായി 7.50 കോടി രൂപയുടെ സ്വര്‍ണവും 2.95 ലക്ഷം രൂപയുമാണ് ഉണ്ടായിരുന്നതെന്ന് ബാങ്ക് മാനേജര്‍ ചന്ദ്രന് പറഞ്ഞു.ബാങ്കില്‍ സിസിടിവി ക്യാമറയും മറ്റും ഉണ്ടെങ്കിലും സ്ട്രോങ്ങ് റൂമില്‍ സിസിടിവി ക്യാമറ സംവിധാനം ഇല്ല. അതുകൊണ്ടുതന്നെ മോഷ്ടാക്കളെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.
ഏതാനും വര്‍ഷം മുമ്പാണ് വിജയ ബാങ്ക് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന്റെ താഴത്തെ ആറ് മുറി മഞ്ചേശ്വരം സ്വദേശിയായ ഇസ്മായില്‍ ചെരുപ്പ് കടയും മറ്റു സ്ഥാപനങ്ങളും തുടങ്ങാനായി എഗ്രിമെന്റ് പ്രകാരം വാങ്ങിയിരുന്നു. ഇതിന്റെ പണി നടന്നുകൊണ്ടിരിക്കുകയായിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നത്. ഇവര്‍ക്ക് താമസിക്കാന്‍ നല്കിയ മുറിയില്‍ നിന്നാണ് തൊട്ടുമുകളിലേക്ക് സ്ലാബ് തുരന്നിരിക്കുന്നത്. ഇതുവഴി കയറിയ മോഷ്ടാക്കള്‍ സ്വര്‍ണ്ണവും പണവും കവരുകയായിരുന്നു. കൊള്ളയടിച്ച സംഘം രക്ഷപ്പെട്ട വഴികളിലൂടെ പോലീസ് നായ മണം പിടിച്ച് ഓടി. കണ്ണൂരില്‍ നിന്നെത്തിച്ച പോലീസ് ഡോഗാണ് ബാങ്കില്‍ നിന്നും മണം പിടിച്ച് ചെറുവത്തൂര്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപത്തെ സ്കൂള്‍ ഗ്രൗണ്ടിലേക്ക് ഓടിയത്.
ബാങ്കില്‍ നിന്നും തൊഴിലാളികള്‍ താമസിച്ചുവന്നിരുന്ന മുറിയില്‍ നിന്നും മണം പിടിച്ച് പോലീസ് നായ ആദ്യം ബാങ്കിന് പിറകു വശത്തേക്കോടുകയും 100 മീറ്റര്‍ അകലെയുള്ള ഒരു വീട്ടുപറമ്പില്‍ ചുറ്റിക്കറങ്ങി പിന്നീട് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനടുത്തേക്ക് ഓടുകയുമായിരുന്നു.
ഇവിടെയുള്ള സ്കൂള്‍ ഗ്രൗണ്ടിനടുത്ത് കുറ്റിക്കാട്ടില്‍ അല്പസമയം കറങ്ങിയ പോലീസ് നായ ഒരു പ്ലാസ്റ്റിക് കവര്‍ കടിച്ച് പോലീസിനെ ഏല്പിച്ചിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്. സ്വര്‍ണം കൊണ്ടുപോകാന്‍ മോഷ്ടാക്കള്‍ ഉപയോഗിച്ചതാണ് ഈ പ്ലാസ്റ്റിക്ക് കവറെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: