കാഞ്ഞാര്‍ : പിക്കപ്പ് വാന്‍ ഇടിച്ച് മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കാഞ്ഞാര്‍ പോലീസ് സ്റ്റേഷന് സമീപം ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിയോടെയായിരുന്ന അപകടം. നിയന്ത്രണംവിട്ട പിക്കപ്പ് വാന്‍ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിലും കാറിലും ഇടിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികളെ ഇടിച്ചിട്ടത്. കാഞ്ഞാര്‍ കുറ്റിവേലില്‍ ശ്രീക്കുട്ടന് (17), മുരിങ്ങൂര്‍ കണ്ടത്തില്‍ ഇജാസ് (17), ചെറുപറമ്പത്ത് ബാദുഷ (17) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂലമറ്റം ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ ദിശതെറ്റി എതിര് ദിശയിലൂടെ നടന്നു പോകുകയായിരുന്ന വിദ്യാര്‍ത്ഥികളെ ഇടിക്കുകയായിരുന്നു. കുടയത്തൂര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. കുടയത്തൂര്‍ ഹയര്‍ സെക്കന്ററി സ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്നലെയായിരുന്നു. ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് ശേഷം മടങ്ങുംവഴിയാണ് അപകടം. വിദ്യാര്‍ത്ഥികളുടെ വീടിന് സമീപം വച്ചായിരുന്നു പിക്കപ്പ് വാനിടിച്ചത്. സംഭവമറിഞ്ഞ് ഇജാസിന്റെ മാതാവ് ജാസ്മിന് ബോധംകെട്ടുവീണു.
സംഭവസ്ഥലത്തെത്തിയ കാഞ്ഞാര്‍ പോലീസ് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബാദുഷയെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ശ്രീക്കുട്ടനെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും ഇജാസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.പിക്കപ്പ് വാനിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: