ഇടുക്കി: ജില്ലയിലെ ഇന്റര്‍നെറ്റ് കഫേകള്‍ നിയമം പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. നൂറോളം കഫേകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. നെറ്റ് കഫേകള്‍ പ്രവര്‍ത്തിക്കുന്നതിന് ജില്ല പോലീസ് സൂപ്രണ്ടിന്റെ അനുമതി പത്രം വേണമെന്നാണ് വ്യവസ്ഥ. മിക്ക കഫേകളും ഇത്തരത്തിലുള്ള ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗം പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടും ഉന്നത ഉദ്ദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതിനാലാണ് കഫേകള്‍ നിരീക്ഷിക്കാന്‍ സംസ്ഥാന പോലീസ് തീരുമാനിച്ചത്. ഓരോ കഫേകളിലും എത്തുന്ന വ്യക്തിയുടെ പേരും ഫോണ്‍ നമ്പരും സ്ഥാപനത്തിലെ ലോഗ് ബുക്കില്‍ രേഖപ്പെടുത്തണം. ഇത്തരത്തിലുള്ള ഒരു സംവിധാനവും മിക്ക കഫേകളിലും ഇല്ല എന്നതാണ് വാസ്തവം. പോലീസ് കഫേകളിലെത്തി രേഖകള്‍ സൂക്ഷിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നുമില്ല. അന്യസംസ്ഥാനക്കാരായ നിരവധിപ്പേര്‍ ജില്ലയിലെ നെറ്റ് കഫേകളില്‍ എത്താറുണ്ട്. ബംഗാളികള്‍ എന്ന പേരില്‍ ബംഗ്ലാദേശികള്‍ വരെ കേരളത്തിലേക്ക് കടന്ന് വരുന്ന സാഹചര്യത്തില്‍ നെറ്റ് കഫേയുടെ പ്രവര്‍ത്തനം കാര്യക്ഷമവും ജാഗ്രതയോടെയുമായിരിക്കണമെന്ന നിലപാടാണ് രഹസ്യാന്വേഷണ വിഭാഗത്തിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: