കാഞ്ഞങ്ങാട്: കാസര്‍കോട്- കാഞ്ഞങ്ങാട് ചന്ദ്രഗിരി വഴി നിര്‍മാണം നടക്കുന്ന കെഎസ്ടിപി റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇഴയുന്നതായി പരാതി. പല സ്ഥലത്തും കലുങ്ക് നിര്‍മാണം പാതിവഴിയിലാണ്. നിര്‍മാണം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്തിയില്ല. തൃക്കണ്ണാട്, ബേക്കല്‍ കോട്ടക്കുന്ന്, പള്ളിക്കര, പൂച്ചക്കാട്, ചാമുണ്ഡിക്കുന്ന് എന്നിവടങ്ങളില്‍ കലുങ്ക് നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയത് ഇതുവഴിയുള്ള ഗതാഗതം താറുമാറാക്കി.
നിര്‍മാണം ആരംഭിച്ചതുമുതല്‍ ചന്ദ്രഗിരി വഴിയുള്ള ഗതാഗതം ഭാഗീകമായി മാത്രമാണ്. ചളിയംകോട് പാലം നിര്‍മാണം ആരംഭിച്ചതോടെ കെഎസ്ആര്‍ടിസി ബസുകള്‍ ദേളിവഴി തിരിച്ചുവിട്ടിരിക്കുകയാണ്. ഇടുങ്ങിയ റോഡായതിനാല്‍ പല ബസുകള്‍ക്കും ഇതുവഴി കടന്നുപോകാന്‍ കഴിയാത്തതിനാല്‍ സര്‍വീസ് മുടങ്ങുന്നത് പതിവാണെന്നും ജനങ്ങള്‍ പറയുന്നു. ഇത് യാത്രാദുരിതം ഏറുന്നതിന് കാരണമായി. നിര്‍മാണം നീണ്ടുപോകുന്നതിനാല്‍ പൊടിപടലങ്ങള്‍ മൂലം വ്യാപാരികള്‍ക്കും ദുരിതമാണ്. ദേശീയ പാതയുടെ ശോച്യാവസ്ഥ കാരണം മറ്റ് വാഹനങ്ങളും ഇതുവഴി വരുന്നത് ഗതാഗത സ്തംഭനമുണ്ടാകുന്നു. ഇത് ബസുകളുടെ സമയ കൃത്യതയെ ബാധിക്കുന്നതായും കൃത്യസമയത്ത് എത്താത്തതായും യാത്രക്കാര്‍ പറയുന്നു.
കാഞ്ഞങ്ങാട് നിന്നും ചന്ദ്രഗിരി വഴി കാസര്‍കോട്ടേയ്ക്ക് പോകേണ്ട യാത്രക്കാര്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടതായും വരുന്നു. ബസുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. നിര്‍മാണ പ്രവര്‍ത്തികള്‍ ഇഴഞ്ഞുപോയാല്‍ 2016 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തികള്‍ കാലാവധിക്ക് മുമ്പ് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുമെന്നും നാട്ടുകാര്‍ പറയുന്നു.
റോഡ് നിര്‍മാണം പാതിപോലും പിന്നിട്ടിട്ടില്ലാത്ത സാഹചര്യത്തില്‍ വികസനത്തിനായി പാതയോരത്ത് വന്മരങ്ങള് പലതിലും കോടാലി വീണ് കഴിഞ്ഞു. കാഞ്ഞങ്ങാട് നഗരത്തിലെത്തുന്ന യാത്രക്കാര്‍ക്ക് വര്‍ഷങ്ങളായി തണലേകിയിരുന്ന വന്മരങ്ങള് പലതും മാസങ്ങള്‍ക്കു മുമ്പേ മുറിക്കാന്‍ തുടങ്ങി. നിര്‍മാണ പ്രവര്‍ത്തിയുടെ മറവില്‍ തണല്‍മരങ്ങള്‍ ചുളുവിലയ്ക്ക് അടിച്ചുമാറ്റാനുള്ള ചിലരുടെ തന്ത്രമാണ് ഇതിന്റെ പിന്നിലുള്ളതെന്ന് പരിസ്ഥിതിവാദികളും പറയുന്നു.
മരം മുറിക്കുന്നതിനെതിരെ കാഞ്ഞങ്ങാട് പരിസ്ഥിതി പ്രവര്‍ത്തകര്‍ മാസങ്ങള്‍ക്ക് മുമ്പ് മരചുംബനം നടത്തിയിരുന്നു. കുറച്ചു മാസങ്ങള്‍കൂടി യാത്രക്കാര്‍ക്ക് തണലേകേണ്ടിയിരുന്ന മരങ്ങളാണ് ചിലരുടെ തിരക്കിനിടയില്‍ മുറിഞ്ഞുവീണത്. ചൂടില്‍ നിന്നും യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും തണലേകിയിരുന്ന നഗരത്തിലെ മരങ്ങള്‍ ഓരോന്നായി മുറിയുകയാണ്. കനത്ത വെയിലില്‍ കാഞ്ഞങ്ങാട് നഗരം ചുട്ടുപൊള്ളുന്ന സ്ഥിതിയാണ് നിലവിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: