കാഞ്ഞങ്ങാട്: കൊളവയല്‍ പ്രദേശത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിവേകാനന്ദ വിദ്യാലയത്തിനെതിരെ പ്രദേശത്തെ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ഇന്നലെ നടത്തിയ പത്രസമ്മേളന നാടകം പൊളിഞ്ഞു. കഴിഞ്ഞ ദിവസം കൊളവയലില്‍ സിപിഎം നടത്തിയ അക്രമത്തില്‍ വിദ്യാലയം പൂര്‍ണമായും അടിച്ചു തകര്‍ത്തിരുന്നു. മതം നോക്കിയും നിറം നോക്കിയും അക്രമം നടത്തുന്ന അണികള്‍ കടലോര പ്രദേശത്തെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കിവരുന്ന വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിനെതിരെ കാണിച്ച കാടത്തപരമായ പ്രവര്‍ത്തി സമൂഹത്തില്‍ സിപിഎം നേതൃത്വത്തിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട്ട് നടന്ന സര്‍വകക്ഷി യോഗവും ഇതിനെ അപലപിച്ചിരുന്നു. ഈ നാണക്കേടില്‍ നിന്ന് കരയകയറാന്‍ ഇപ്പോള്‍ വിദ്യാലയത്തിന് നേരം അപവാദ പ്രചരണവുമായി ഇറങ്ങിയിരിക്കുകയാണ്. സ്കൂളിലെ മാതൃസമിതി പ്രസിഡണ്ടിന്റെ പേരില്‍ പത്രവാര്‍ത്ത തയ്യാറാക്കിയ പ്രദേശത്തെ ഡിവൈഎഫ് നേതാക്കള്‍ക്ക് പക്ഷെ മാതൃസമിതി പ്രസിഡന്റിനെ പത്രസമ്മേളനത്തില്‍ എത്തിക്കാന്‍ സാധിക്കാതെ പദ്ധതി പൊളിയുകയായിരുന്നു. സ്കൂളില്‍ ആയുധകൂമ്പാരമുണ്ടെന്നാണ് പത്രവാര്‍ത്തയില്‍ പറയുന്നത്.
മാതൃസമിതിയില്‍ നിന്ന് രാജിവെയ്ക്കാത്ത പ്രസിഡണ്ടിനെ രാജിവെച്ചതായി കാണിച്ചാണ് നേതാക്കള്‍ തന്നെ അടിസ്ഥന രഹിതമായ വാര്‍ത്തയുണ്ടാക്കിയത്. കാഞ്ഞങ്ങാട്ടെ പ്രസ്ഫോറം ഓഫീസിലേക്ക് പത്രവാര്‍ത്തയുമായി വന്ന കൊളവയലിലെ നേതാക്കള്‍ക്ക് സ്കൂളിനെപ്പറ്റി യാതൊരു വിവരവും ഇല്ല. വിദ്യാലയത്തില്‍ നിന്നും മാതൃസമിതി പ്രസിഡണ്ടിന്റെ കുട്ടികളുടെ ടിസി വാങ്ങി എന്നു പറയുന്ന ഇവര്‍ക്ക് ടിസി വാങ്ങിയ കുട്ടികളുടെ വിവരമോ, സ്കൂളിലെ ക്ലാസ് വിവരമോ അറിയില്ല. ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമില്ല. മാതൃസമിതി പ്രസിഡണ്ടിന്റെ ഫോണ്‍ നമ്പര്‍ പോലും കൊളവയലില സഖാക്കള്‍ക്ക് അറിയില്ല. പത്രസമ്മേളനത്തില്‍ മാതൃസമിതി പ്രസിഡണ്ട് പങ്കെടുക്കാതെ മാറ്റിവെച്ചതിനെപ്പറ്റിയും കൃത്യമായ വിവരമില്ല. വിവാദ പത്രസമ്മേളനത്തില്‍ നിന്നും സത്യം മനസിലാക്കി മാതൃസമിതി പ്രസിഡണ്ട് ഒഴിവായതിനെ തുടര്‍ന്ന് സിപിഎമ്മിന്റെ നാടകം പൊളിയുകയായിരുന്നു.
എന്നാല്‍ ഇതുവരെ മാതൃസമിതി പ്രസിഡണ്ട് തനിക്ക് രാജിക്കത്ത് തന്നിട്ടില്ലെന്ന് വിദ്യാലയത്തിലെ പ്രധാനാധ്യാപിക പറയുന്നു. ആരും ഇതുവരെ ടിസി വാങ്ങി വിദ്യാലയത്തില്‍ നിന്നും പിരിഞ്ഞു പോയിട്ടില്ലെന്നും അവര്‍ പറയുന്നു. സ്കൂളിനെ കുറിച്ച് ഇല്ലാത്ത കഥകള്‍ പ്രചരിപ്പിച്ച കൊളവയലില്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്നതെന്ന് വിദ്യാലയ സമിതി പ്രസിഡണ്ട് കെ.വി.ലക്ഷ്മണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: