പാലാ: പാലാ ജനറല്‍ ആശുപത്രി ചികിത്സ തേടുന്നു. ജനറല്‍ ആശുപത്രിയിലെ മാലിന്യങ്ങളും കക്കൂസ് ടാങ്കുകളും രോഗികള്‍ക്കും സമീപവാസികള്‍ക്കും ഭീഷണിയാകുന്നു. നിറഞ്ഞുകഴിഞ്ഞ പഴയ സെപ്റ്റിക് ടാങ്കില്‍ നിന്നും കണക്ഷന് പുതിയ ടാങ്കിലേക്ക് നല്‍കിയതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്.
ദിനംപ്രതി നൂറുകണക്കിന് വിവിധങ്ങളായ അസുഖവുമായിത്തുന്നവരുടെ മാലിന്യങ്ങളാണ് അത്യാഹിത വിഭാഗത്തിലേക്ക് ഒഴുകിയെത്തുന്നത്. അസഹനീയമായ ദുര്‍ഗന്ധവും ഈച്ച ഉള്‍പ്പെടെയുള്ള പ്രാണികളുടെ ശല്യവും കാരണം നേഴ്സുമാര്‍ക്കുപോലും ഇവിടേക്ക് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. രോഗസാധ്യത ഉള്ളതിനാല്‍ രോഗികളെയും മറ്റും അത്യാഹിത വിഭാഗത്തില്‍ നിന്ന് ഒഴിപ്പിച്ചു. കക്കൂസും പരിസരവും മാലിന്യം നിറയുന്നതോടെ ക്ലീനിംഗ് ജീവനക്കാര്‍ ഡസ്പാന്‍ ഉപയോഗിച്ച് ഇവ കോരി നീക്കുകയാണ്. പുതിയ സെപ്റ്റിക് ടാങ്കിലേക്ക് മാലിന്യം കുറച്ചുമാത്രമാണ് എത്തിച്ചേരുന്നത്. പുറത്തേക്ക് വരുന്ന മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ കലര്‍ന്ന് ഓടകള്‍ വഴി മെയിന്‍ റോഡിലേക്കും ആയിരക്കണക്കിന് യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന ആശുപത്രി ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡിന്റെ പിന്നിലെ കല്ക്കെട്ടിലൂടെയും ടൗണിലെ ഓടയിലേക്ക് ഒഴുകുകയാണ്. നാട്ടിലാകെ പകര്‍ച്ചവ്യാധി ഭീഷണി ഉയര്‍ത്തുന്ന സാഹചര്യങ്ങള്‍ ആശുപത്രി മേലധികാരികളും മറച്ചുവെച്ചിരിക്കുകയാണ്. സംഭവങ്ങള്‍ പുറത്തറിഞ്ഞതോടെ വന്‍പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ആശുപത്രിയുടെ ഭക്ഷണമാലിന്യങ്ങള്‍ നീക്കേണ്ട നഗരസഭയും നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നത്. ആശുപത്രിയിലെ സീനിയര്‍ നേഴ്സുമാര്‍ ഇടപെട്ട് രോഗികള്‍ നിക്ഷേപിക്കുന്ന ഭക്ഷണമാലിന്യങ്ങള്‍ സംസ്കാരിക്കുന്നതിന് വേര്തിരിച്ചുവെയ്ക്കുന്നുണ്ട്. എന്നാല്‍ ഈ മാലിന്യങ്ങള്‍ ആശുപത്രിയില്‍ നിന്ന് നീക്കാന്‍ നഗരസഭയോ, മറ്റ് സംഘടകളോ തയ്യാറാകാത്തതിനാല്‍ ആശുപത്രി വളപ്പില്‍ തന്നെ സംസ്കരിക്കേണ്ട ഗതികേടുമുണ്ട്. ദിനംപ്രതി കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കുഴിച്ചിടാനും കത്തിച്ചുകളയാനും ആവാതെ ജീവനക്കാര്‍ വിഷമിക്കുകയാണ്. ഭക്ഷണസാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി ഒരാള്‍ സന്നദ്ധനായിട്ടുണ്ടെങ്കിലും പ്ലാസ്റ്റിക്, കടലാസ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ആശുപത്രിവളപ്പില്‍ കത്തിക്കുയാണ് നിലവില്‍ ചെയ്യുന്നത്. എന്നാല്‍ നനഞ്ഞ ഇത്തരം വസ്തുക്കള്‍ കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുക സമീപവാസികള്‍ക്ക് ദുസഹമാവുകയും ബഹളമുണ്ടക്കുന്നതും പതിവാണ്.
ആശുപത്രിയുടെ ട്രീറ്റ്മെന്റ് പ്ലാന്റ് സ്വപ്നം ഇനിയും വിദൂരമാണ്. ആശുപത്രിയില്‍ കുളിക്കാനും പാത്രംകഴുകാനും കൈകഴുകുന്നതിനും മറ്റുമായി ഉപയോഗിക്കുന്ന വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാനോ, പുറത്തേക്ക് ഒഴുക്കി കളയാനോ ലക്ഷ്യമിട്ടാണ് ട്രീറ്റ്മെന്റ്നിര്മ്മിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ചിരുന്നത്. എന്നാല്‍ ബന്ധപ്പെട്ടവര്‍ ആവശ്യം പരിഗണിച്ചിട്ടില്ല.
രോഗികള്‍ ഉപയോഗിക്കുന്ന കക്കൂസുകള്‍ക്കും കുളിമുറികള്‍ക്കും വാതില്‍ ഇല്ലാത്ത അവസ്ഥയാണ്. അഞ്ച് നിലകളാണ് രോഗികള്‍ക്ക് കിടത്തിചികിത്സക്കായി ഉപയോഗിക്കുന്നത്. ഒരോ നിലകളിലും നാലുവീതം കക്കൂസുകളും കുളിമുറികളും ഉണ്ട്. വാതിലുകള്‍ മാറ്റിവെയ്ക്കുന്നത് നടപടിയാവശ്യപ്പെട്ട് നേഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മേലധികാരികള്‍ക്ക് നിരവധി പരാതികളും അപേക്ഷകളും നല്‍കിയിട്ടുണ്ടെങ്കിലും ചുമതലയിലുള്ള സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: